കണ്ണൂര്‍: മാവേലി നാടുവാഴുന്നിടം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കിയ ഇടമാണ് ലക്ഷദ്വീപ്. മുപ്പത്തി രണ്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്‌തീര്‍ണ്ണമുളള ദ്വീപസമൂഹം. ബഹുനില കെട്ടിടങ്ങളില്ല മണിമാളികകളില്ല. എല്ലായിടത്തും സംതൃപ്‌തിയും സന്തുഷ്‌ടിയും അനുഭവിക്കുന്ന ജനം. പരിഷ്‌കൃത സമൂഹത്തിന്‍റെ കാപട്യമൊന്നും തീണ്ടിയിട്ടില്ലാത്തവര്‍. അറബിക്കടലിന്‍റെ താരാട്ടു കേട്ടു ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന 68000 ത്തോളം ജനങ്ങള്‍ ഇന്ന് ഭയാശങ്കയിലാണ് കഴിയുന്നത്.
സോഷ്യലിസ്റ്റ് ഇന്ത്യയുടെ മാതൃകയായ ഈ ദ്വീപ് ഇന്ന് അശാന്തമാണ്. ഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന വന്‍കിട ടൂറിസത്തിന് വേണ്ടി ജനങ്ങള്‍ വേട്ടയാടപ്പെടുന്നു. കല്‍പ്പേനി, കവരത്തി, മിനിക്കോയ്, അഗത്തി, ആന്ത്രോത്തി എന്നീ അഞ്ച് ജനവാസ ദ്വീപുകളിലെ സര്‍വേ നടപടികള്‍ തുടരുമ്പോള്‍ ജനങ്ങള്‍ അഭയം കണ്ടെത്തേണ്ടത് എവിടെയെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കേരള ഹൈക്കോടതിയില്‍ ദ്വീപു നിവാസികള്‍ തങ്ങളുടെ വാസ ഭൂമി സര്‍വേ ചെയ്യുന്നതിനിടെ സമര്‍പ്പിച്ച തടസ ഹരജിയില്‍ നിരവധി കുടുംബാംഗങ്ങള്‍ക്ക് സ്റ്റേ നല്‍കുകയുണ്ടായി. കല്‍പേനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും സ്റ്റേ ലഭിക്കുമെന്ന് അറിഞ്ഞിട്ടും ' 163 ' പാസാക്കി 250 മീറ്റര്‍ ചുറ്റളവില്‍ തദ്ദേശ നിവാസികളെ മാറ്റി നിര്‍ത്തി സര്‍വേ നടത്തുകയായിരുന്നു. സ്ഥലം അളക്കുമ്പോള്‍ തന്നെ സ്റ്റേ ഉത്തരവും വന്നുകൊണ്ടിരിക്കയാണ്.
കോടതി ഉത്തരവ് വരുന്നുവെന്നറിയിച്ചിട്ടും എത്രയും വേഗം സര്‍വേ നടപടി തുടരുന്ന സാഹചര്യമാണ് കല്‍പേനി ദ്വീപില്‍ നടമാടുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എല്ലാ വീടുകള്‍ക്കും അവരവരുടെ സ്ഥലത്തിനും ഉടമകളുടെ പേരില്‍ റവന്യൂ വകുപ്പു തന്നെ നേരത്തെ ഉടമസ്ഥാവകാശവും ആധാരം രജിസ്ട്രര്‍ ചെയ്‌ത് നല്‍കുകയുമുണ്ടായിരുന്നു. എന്നിട്ടും നോട്ടിസോ മാന്യമായ നടപടി ക്രമങ്ങേളാ സ്വീകരിക്കാതെ ജനങ്ങളെ ഭയപ്പെടുത്തി സ്ഥലം സര്‍വേ ചെയ്യുന്ന നിലപാടാണ് ലക്ഷദ്വീപ് ഭരണകൂടവും റവന്യൂ പൊലീസ് അധികൃതരും സ്വീകരിച്ചു പോന്നത്. ജനാധിപത്യ വിരുദ്ധമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് തങ്ങളെ കണ്ണീരു കുടിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.