പത്തനംതിട്ട : അഞ്ചു വർഷമായി നിരന്തരം പീഡിപ്പിക്കപ്പെട്ട കായിക താരമായ ദളിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേസില്‍ ഇതുവരെ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴു പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധികളിലായി 14 എഫ്ഐആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല. ആദ്യ ഘട്ടത്തിൽ ലഭിച്ച 39 പേരുടെ പേരുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 64 പേരുടെ പേരുകളാണ് പെൺകുട്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെ മൊഴി കൊടുത്തത്. എന്നാൽ ഈ പേരുകളിൽ ആവർത്തനം ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു.
ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുൻപാകെ നൽകിയ 64 പേരുകൾ സംബന്ധിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തും. സ്വകാര്യ ബസുകളില്‍ വച്ച് വരെ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു.
വാട്‌സ്‌ആപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും, 13 വയസുമുതല്‍ ചൂഷണത്തിന് ഇരയാക്കി എന്നുമാണ് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയിട്ടുള്ളത്.
അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും; അറസ്റ്റിലായവരിൽ നവവരനും
കേസില്‍ അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ഥിയും നവവരനും. അടുത്ത് വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും ഉള്‍പ്പെടുന്നതായാണ് വിവരം. കേസില്‍ അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു.
ജില്ലയ്ക്ക് പുറത്തു നിന്നുള്ള ചിലരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൃത്യമായ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പെൺകുട്ടി നമ്പറുകൾ സൂക്ഷിച്ചത് അച്ഛന്‍റെ ഫോണിൽ
അച്ഛന്‍റെ ഫോണിലാണ് പെണ്‍കുട്ടി നമ്പരുകള്‍ സേവ് ചെയ്‌തിരുന്നത്. കാമുകനായ സുബിനാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. പീഡനദൃശ്യങ്ങള്‍ പകർത്തുകയും തുടർന്ന് ഇയാള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറി പീഡനത്തിന് അവസരം ഒരുക്കി നല്‍കിയെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
പെണ്‍കുട്ടിയെ പ്രതികൾ കൈമാറിയത് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്
പെണ്‍കുട്ടിയെ കൈമാറാൻ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് പ്രതികള്‍ പ്രധാന കേന്ദ്രമാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് നിരീക്ഷണം അധികമില്ലാത്ത ഇവിടുത്തെ ഒഴിഞ്ഞ ഇടങ്ങളാണ് പ്രതികള്‍ പെൺകുട്ടിയെ കൈമാറാനായി ഉപയോഗപ്പെടുത്തിയത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നതും ഇവിടെ വച്ചായിരുന്നു. സ്റ്റാൻഡില്‍ നിന്ന് വാഹനങ്ങളില്‍ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം.
ഫോൺ പൊലീസ് പിടിച്ചെടുത്തു
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റർ ചെയ്‌ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. കുടുംബശ്രീയുടെ ഗൃഹസന്ദർശന പരിപാടിയായ സ്നേഹിതയുടെ പ്രവർത്തകരോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. സ്നേഹിത പ്രവർത്തകർ സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു
Also Read: പത്തനംതിട്ട പീഡനം; വിവരം പുറത്തെത്തിച്ചത് കുടുംബശ്രീ സ്നേഹിത പ്രവർത്തകർ