കണ്ണൂര്‍: പ്രശസ്‌തമായ അണ്ടലൂര്‍കാവിലെ ഉത്സവത്തിന് തുടക്കമായി. നാടിന്‍റെ മഹോത്സവം എന്ന് വിശേഷിക്കപ്പെടുന്ന ഉത്സവം ഏഴ് നാള്‍ നീണ്ടു നില്‍ക്കും. രാമായണ കഥയെ ആധാരമാക്കിയാണ് അണ്ടലൂരിലെ ഉത്സവം. ധര്‍മ്മടം പഞ്ചായത്തിലെ അണ്ടലൂര്‍, മേലൂര്‍, ധര്‍മ്മടം, പാലയാട് ദേശവാസികള്‍ രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഒരേ മനസ്സോടെ ഏത് നേരവും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ ആചാരുഷ്‌ഠാനങ്ങള്‍ കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് അണ്ടലൂര്‍കാവിലെ ഉത്സവം. തേങ്ങ താക്കല്‍, ചക്കകൊത്തല്‍, കുളുത്താറ്റല്‍, മെയ്യാലുകൂടല്‍, തറമ്മല്‍ തിക്ക്, കുഴച്ചൂണ്‍ തുടങ്ങി ഉത്സവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചടങ്ങുകളുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുംഭം രണ്ടായ ഇന്ന്, ക്ഷേത്രത്തില്‍ ചക്കകൊത്തല്‍ കഴിഞ്ഞേ ഗ്രാമവാസികള്‍ ചക്ക കഴിക്കൂ. ആദ്യ ഫലം ദേവന് സമര്‍പ്പിക്കുക എന്നതാണ് നാട്ടുകാരുടെ പതിവ്. പ്രധാന ആരാധനാ മൂര്‍ത്തിയായ ദൈവത്താര്‍ ശ്രീരാമനേയും അങ്കക്കാരന്‍ ലക്ഷ്‌മണനേയും ബപ്പൂരാന്‍ ഹനുമാനേയും അതിരാളവും മക്കളും സീതയും ലവകുശന്‍മാരുടേയും പ്രതീകങ്ങളായി കെട്ടിയാടുന്നു.
![ANDALURKAVU THEYYAM ANDALURKAVU IN DHARMADOM അണ്ടലൂര്‍കാവ് ഉത്സവം THEYYAM IN NORTH MALABAR](https://etvbharatimages.akamaized.net/etvbharat/prod-images/14-02-2025/23545294_andaloorkavu.jpg)
കുംഭം നാലിന് നടക്കുന്ന ബാലി-സുഗ്രീവ യുദ്ധമാണ് ഉത്സവത്തിലെ പ്രധാന ആകര്‍ഷണം. ദൈവത്താര്‍ പൊന്‍മുടി അണിയുന്നതും ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതും തികഞ്ഞ വൃത ശുദ്ധിയോടെയാണ്. ഉത്സവനാളുകളില്‍ മത്സ്യ വില്‍പന ഈ ഗ്രാമത്തില്‍ ഉണ്ടാവില്ല. ഹോട്ടലുകളിലും സസ്യാഹാരം മാത്രമേ ലഭിക്കുകയുള്ളൂ.