വാഷിങ്‌ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണ ശ്രമം. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിലെ ഗോള്‍ഫ് ക്ലബിലാണ് ട്രംപിന് നേരെ വെടിവയ്‌പ്പുണ്ടായത്. ആക്രമണ സമയത്ത് ട്രംപ് ഗോള്‍ഫ് കളിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഡൊണാള്‍ഡ് ട്രംപിന്‍റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ ആക്രമണം സ്ഥിരീകരിച്ചുകൊണ്ട് കുറിപ്പ് പങ്കിട്ടു. അതേസമയം ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ കമ്മ്യൂണിക്കേഷന്‍സ് മേധാവി സ്റ്റീവന്‍ ചങ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വെടിവയ്‌പ്പുണ്ടായത്.
Again folks!
— Donald Trump Jr. (@DonaldJTrumpJr) September 15, 2024
SHOTS FIRED at Trump Golf Course in West Palm Beach, Florida.
An AK-47 was discovered in the bushes, per local law enforcement. The Trump campaign has released a statement confirming former President Trump is safe.
A suspect has reportedly been apprehended. pic.twitter.com/FwRfrO3v6y
ട്രംപിന്‍റെ സുരക്ഷ സജ്ജീകരണത്തിന്‍റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. മതില്‍ക്കെട്ടിനപ്പുറം മറഞ്ഞിരുന്ന പ്രതി തോക്കുപയോഗിച്ച് ഒന്നിലധികം തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിക്കുനേരെ വെടിയുതിര്‍ത്തെങ്കിലും ഇയാള്‍ വാഹനത്തില്‍ കയറി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇയാള്‍ മറഞ്ഞിരുന്ന സ്ഥലത്തുനിന്ന് തോക്ക്, ഗോപ്രോ കാമറ, ബാക്ക് പാക്കുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിന് വെടിയേറ്റിരുന്നു. റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ട്രംപിന്‍റെ വലതു ചെവിയ്‌ക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത തോമസ് മാത്യു എന്ന 20കാരനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിക്കുകയായിരുന്നു.
സുരക്ഷിതനാണെന്ന് പ്രതികരണം : ആക്രമണത്തില്‍ തനിക്ക് പരിക്കില്ലെന്നും പൂര്‍ണമായും സുരക്ഷിതനാണെന്നും ഡൊണാള്‍ഡ് ട്രംപ്. 'എനിക്ക് നേരെ വെടിവയ്‌പ്പുണ്ടായി. എന്നാല്‍ ഞാന്‍ സുരക്ഷിതനാണ്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു.' -ട്രംപ് പ്രതികരിച്ചു.
'ഇത്തരം സംഭവങ്ങള്‍ക്കൊന്നും എന്നെ പിന്നോട്ട് വലിക്കാന്‍ കഴിയില്ല. ഞാന്‍ ഒരിക്കലും കീഴടങ്ങില്ല. എന്നെ പിന്തുണയ്‌ക്കുന്നതിന് ഞാന്‍ നിങ്ങളെ എപ്പോഴും സ്നേഹിക്കും.' -ട്രംപ് കൂട്ടിച്ചേര്‍ത്തു.
സംഘര്‍ഷങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് കമല ഹാരിസ് : ഗോള്‍ഫ് ക്ലബില്‍ ഡൊണാള്‍ഡ് ട്രംപിന് നേരെ ഉണ്ടായ വെടിവയ്‌പ്പില്‍ പ്രതികരിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അമേരിക്കയില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് കമല എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു.
I have been briefed on reports of gunshots fired near former President Trump and his property in Florida, and I am glad he is safe. Violence has no place in America.
— Vice President Kamala Harris (@VP) September 15, 2024
'ഫ്ലോറിഡയില്‍ മുന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ തന്നെ വസ്‌തുവില്‍ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്‌പ്പ് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷം.' -കമല ഹാരിസ് കുറിച്ചു. ട്രംപിന് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രസിഡന്‍റ് ജോ ബൈഡനും ആശങ്ക അറിയിച്ചിരുന്നു.
Also Read: 'കമല ഹാരിസ് വിജയിച്ചാൽ വൈറ്റ് ഹൗസിൽ കറി മണക്കും'; വംശീയ പരാമർശവുമായി ട്രംപ് അനുകൂല ലോറ ലൂമർ