ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാള്‍. ഇന്ന് ഒഡിഷയിലെ ഭുവനേശ്വറിലെത്തുന്ന മോദി ചേരിപ്രദേശത്ത് ചെലവിടും. സൈനിക വിദ്യാലയത്തിന്‍റെ പരിസരത്തുള്ള ഗഡകണ ചേരിയിലാണ് പ്രധാനമന്ത്രി പിറന്നാള്‍ ദിനം ചെലവഴിക്കുക.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളുമായി ഈ വേളയില്‍ പ്രധാനമന്ത്രി സംവദിക്കും. പിന്നീട് ജനത മൈതാനിയില്‍ വനിതകൾക്ക് അഞ്ച് വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന 'സുഭദ്ര യോജന' പദ്ധതികൾ പ്രഖ്യാപിക്കും. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വാഗ്‌ദാനമായിരുന്നു ഇത്.
പലയിടങ്ങളിലും ഓട്ടോറിക്ഷകൾ യാത്രയ്ക്ക് ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഇന്ന് ഇളവുകള്‍ പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അജ്‌മീർ ഷെരീഫ് ദർഗ 4000 കിലോഗ്രാമിന്‍റെ സസ്യഭക്ഷണം വിതരണം ചെയ്യും. ചെന്നൈയിൽ പ്രസ്‌ലി ഷെക്കിന (13) എന്ന വിദ്യാർഥിനി ധാന്യങ്ങൾ ഉപയോഗിച്ച് മോദിയുടെ ഛായാചിത്രം തീര്‍ത്തു.
1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി–ഹീരാബെൻ ദമ്പതികളുടെ മകനായി നരേന്ദ്ര മോദി ജനിച്ചത്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭാരത മാതാവിന്‍റെ മഹാ പുത്രനായ ദാര്‍ശനിക നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചത്.
കരുത്തും അഭിവൃദ്ധിയുമുള്ള ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ എല്ലാവരുടെയും ഹൃദയത്തെ പ്രോജ്വലിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങയുടെ നേതൃത്വവും ആത്മാര്‍പ്പണവും ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുന്നത് തുടരും. തലമുറകളെ താങ്കള്‍ പ്രചോദിപ്പിക്കുകയും ചെയ്യും -സാഹ കുറിച്ചു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. നല്ല ആരോഗ്യവും ദീര്‍ഘായുസും നേരുന്നുവെന്നായിരുന്നു ഷിന്‍ഡെയുടെ ആശംസ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ സാമ്പത്തിക രംഗത്ത് ഒരു സൂപ്പര്‍ശക്തിയായി മാറ്റിക്കൊണ്ടിരിക്കുന്നു. 2047ഓടെ വികസിത ഇന്ത്യയെന്ന അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള കരുത്തുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. രാജ്യത്തെ അഞ്ച് ലക്ഷം കോടി സമ്പദ് ഘടനയാക്കി മാറ്റിയെടുക്കാനുള്ള പ്രധാനമന്ത്രിയുെട ശ്രമങ്ങള്‍ക്ക് മഹാരാഷ്‌ട്രയെ കൊണ്ടാകാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കാരണം ഇന്ത്യയുടെ നായകന്‍ മോദിയാണ്. അദ്ദേഹത്തിന് സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നുവെന്നും ഷിന്‍ഡെ കുറിച്ചു.
മണ്ണ് കൊണ്ട് ശില്‍പ്പം നിര്‍മിക്കുന്ന സുദര്‍ശന്‍ പട്‌നായികും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. വികസിത ഭാരതമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ജഗദീശ്വരന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ എക്‌സ് കുറിപ്പ്. പ്രധാനമന്ത്രിയുടെ മണല്‍ ശില്‍പ്പവും അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. തന്‍റെ പിറന്നാള്‍ ആശംസകള്‍ ഈ ശില്‍പ്പത്തിലൂടെ സ്വീകരിച്ചാലും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍