ജെറുസലേം :ഗാസ മുനമ്പിലെ സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹമാസ് കോമ്പൗണ്ട് എന്ന വിളിക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കി ഇസ്രയേൽ സൈന്യം വ്യാഴാഴ്‌ച നടത്തിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നുസെയ്‌റാത്ത് ഏരിയയിൽ നടന്ന ആക്രമണത്തിന്‍റെ വിവരങ്ങൾ വ്യാഴാഴ്‌ച രാവിലെയാണ് പുറത്തുവന്നത്. എന്നാൽ സംഭവത്തിന്‍റെ വ്യക്തമായ വിവരം അറിവായിട്ടില്ല.
ഹമാസിൻ്റെ അൽ-അഖ്‌സ ടെലിവിഷൻ ബ്രോഡ്‌കാസ്റ്റർ കണക്കുകളുടെ ഉറവിടം നൽകാതെ 39 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട് ചെയ്‌തു. 32 പേർ കൊല്ലപ്പെടുകയും 12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് പലസ്‌തീൻ വാർത്താ ഏജൻസിയായ ഡബ്ല്യുഎഎഫ്എ (WAFA) അറിയിച്ചത്.
പലസ്‌തീൻകാർക്ക് സഹായം നൽകുന്ന, യുഎൻആർഡബ്ല്യുഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യുഎൻ ഏജൻസിയുടെ സ്‌കൂളിലാണ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹമാസും ഇസ്‌ലാമിക് ജിഹാദും തങ്ങളുടെ പ്രവർത്തനങ്ങൾക്ക് സ്‌കൂൾ മറയായി ഉപയോഗിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നത്. എന്നാൽ ഇതിനുള്ള തെളിവുകൾ ഇവർ വ്യക്തമാക്കിയിട്ടില്ല.