വാഷിങ്ടൺ (യുഎസ്) :ഇന്ത്യ യുഎസിന്‍റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ബൈഡൻ ഭരണകൂടം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ നില മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭരണകൂടം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിൽ നിന്ന് ഇന്ത്യൻ സർക്കാരിനെ വിമർശിക്കുന്ന ചില ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ യുഎസ് - ഇന്ത്യ ബന്ധത്തെക്കുറിച്ച് തിങ്കളാഴ്‌ച (ഏപ്രിൽ 15) നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ.
ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും പ്രതിപക്ഷത്തെ അടിച്ചമർത്തലിനെ ക്കുറിച്ചും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അടുത്തിടെ നടത്തിയ പ്രസ്‌താവനകളെക്കുറിച്ചും ഉള്ള ചോദ്യത്തിന്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് മില്ലർ പറഞ്ഞു. ഇത് യുണൈറ്റഡ് സ്‌റ്റേറ്റ്സിന്‍റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണ്, അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.