നോൺ വെജ് ഭക്ഷണങ്ങളോടൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കരുതെന്ന് പലപ്പോഴായി കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. ഇറച്ചി, മത്സ്യം എന്നിവയോടൊപ്പം പാൽ ഉത്പന്നങ്ങൾ ചേരുമ്പോൾ ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്ന പ്രശ്‍നം. എന്നാൽ ഇതിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ? അറിയാം.
നോൺ വെജ് ഭക്ഷണങ്ങൾക്കൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് വയറു സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നത് മിഥ്യ ധാരണയാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ന്യൂട്രീഷ്യനിസ്‌റ്റ് അമിത ഗാദ്രെ പറയുന്നത്. ഇത് ഒരു തരത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാകില്ലെന്ന് അവർ ചൂണ്ടി കാട്ടുന്നു.
പാലിലും ഇറച്ചിയിലും അടങ്ങിയിട്ടുള്ള പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവ കത്തിച്ചുകളയാൻ ശരീരം പ്രത്യേകം എൻസൈമുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കില്ലെന്ന് ന്യൂട്രീഷ്യനിസ്‌റ്റ് അമിത ഗാദ്രെ പറയുന്നു. എന്നാൽ പാൽ ഉത്പന്നങ്ങളോട് അലർജിയുള്ള ആളുകൾ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് അവർ നിർദേശിക്കുന്നു.