രാവിലെ ബെഡില്‍ നിന്നെഴുന്നേറ്റ ബാലഭാസ്‌കരന്‍ തന്‍റെ തലയണയും കെട്ടിപ്പിടിച്ച് നടന്നു നീങ്ങുകയാണ്. വീടിന്‍റെ മുറ്റവും ഗേറ്റും കടന്ന് അയാള്‍ റോഡിലെത്തി. എതിരെ വരുന്ന ബസ് അയാള്‍ കാണുന്നില്ല. ബാലഭാസ്‌കരനെ കണ്ട ബസ് ഡ്രൈവര്‍ വാഹനം ഒന്നൊതുക്കുന്നു. നടന്നുകൊണ്ടിരുന്ന ബാലഭാസ്‌കരന്‍ നേരെ പോയി ബസില്‍ ഇടിക്കുകയാണ്. അപ്പോഴാണ് അയാള്‍ക്ക് ബോധം വന്നത്...
സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍ എന്ന ചിത്രത്തിലെ ഈ രംഗം കണ്ട് കുടെകുടാ ചിരിച്ചവരാണ് നാം മലയാളികള്‍. ചിത്രം പുറത്തുവന്നതിന് ശേഷം പരിസര ബോധം നഷ്‌ടപ്പെട്ടിരിക്കുന്നവരെ വിശേഷിപ്പിക്കാനും ഈ ചിത്രത്തിന്‍റെ പേര് ഉപയോഗിച്ചു പോരുന്നു. 'നീ എന്താടാ സ്വപ്‌നലോകത്തെ ബാലഭാസ്‌കരനെ പോലെ?', അല്ലെങ്കില്‍ 'താന്‍ സ്വപ്‌നലോകത്തെ ബാലഭാസ്‌കരനാകുന്നുണ്ട്' എന്നൊക്കെ നിത്യജീവിതത്തില്‍ പറയുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടുണ്ടാകും. എന്നാല്‍ വെറുതേ ചിരിച്ചു തള്ളേണ്ട ഒരു കാരക്‌ടര്‍ ആണോ സ്വപ്‌ന ലോകത്തെ ബാലഭാസ്‌കരന്‍റേത്?
ഉറക്കത്തില്‍ ഇങ്ങനെയൊക്കെ ചെയ്യുന്ന ഈ അസ്ഥയാണ് സോംനാംബുലിസം (സ്ലീപ് വാക്കിങ്). ഈ വാക്കും നാം ഏറെ കേട്ടിട്ടുണ്ടാകും. പക്ഷേ യതാര്‍ഥത്തില്‍ എന്താണ് സോംനാംബുലിസം? ഈ കണ്ടിഷന്‍ ഉണ്ടാകാനുള്ള കാരണമെന്താണ്? എന്താണ് ചികിത്സ? ഇവയൊക്കെ എത്രപേര്‍ക്കറിയാം...
![SLEEP WALKING OR SOMNAMBULISM SLEEP WALKING SYMPTOMS AND REASONS സോംനാംബുലിസം സ്വപ്‌നാടം ലക്ഷണങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23472210_2.jpg)
ഉറക്കത്തിലും 'വാക്കിങ്...'
സ്വപ്‌നാടനം, നിദ്രാടനം എന്നൊക്കെ അറിയപ്പെടുന്ന മെഡിക്കല്‍ കണ്ടിഷനാണ് സോംനാംബുലിസം. ഉറക്കത്തിന്‍റെ അബോധാവസ്ഥയില്‍ ചെയ്യുന്ന പ്രവൃത്തികളെയാണ് സോംനാംബുലിസം എന്ന വാക്കുകൊണ്ട് മെഡിക്കല്‍ സയന്‍സില്‍ വ്യക്തമാക്കുന്നത്. ഉറക്കത്തില്‍ നടക്കുക, ഓടുക, ചിരിക്കുക, കരയുക എന്തിനേറെ വിദേശരാജ്യങ്ങളില്‍ ഉറക്കത്തില്‍ കാര്‍ ഓടിച്ച് ഒരുപാട് ദൂരം സഞ്ചരിച്ചവരെ കുറിച്ചുപോലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
![SLEEP WALKING OR SOMNAMBULISM SLEEP WALKING SYMPTOMS AND REASONS സോംനാംബുലിസം സ്വപ്‌നാടം ലക്ഷണങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23472210_5.jpg)
ഉറക്കത്തിന്‍റെ ആദ്യ മണിക്കൂറുകളിലാണ് സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പ്രകടമാകുക. വ്യക്തമായി പറഞ്ഞാല്‍ സ്ലീപ് സൈക്കിളിന്‍റെ ആദ്യ രണ്ടുഭാഗങ്ങളില്‍. മുതിര്‍ന്നവരെക്കാള്‍ കുട്ടികളിലാണ് ഇത്തരം സ്വപ്‌നാടന പ്രവണതകള്‍ കൂടുതലായി കണ്ടുവരുന്നത്. 20 ശതമാനം കുട്ടികള്‍ ഒരിക്കലെങ്കിലും സ്വപ്‌നാടനം നടത്തിയിട്ടുണ്ടാകും എന്ന് പഠനങ്ങള്‍ പറയുന്നു.
![SLEEP WALKING OR SOMNAMBULISM SLEEP WALKING SYMPTOMS AND REASONS സോംനാംബുലിസം സ്വപ്‌നാടം ലക്ഷണങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23472210_3.jpg)
ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ സോംനാംബുലിസം തന്നെ
- ഉറക്കത്തിലുള്ള നടത്തം, മറ്റ് പ്രവൃത്തികള്‍ : ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നത് മാത്രമല്ല, ബെഡില്‍ എഴുന്നേറ്റിരിക്കുന്നതും വസ്‌ത്രം ധരിക്കുന്നതും അടക്കം സോംനാംബുലിസത്തിന്‍റെ പരിധിയില്‍ വരും.
- സ്ഥലകാല ബോധം നഷ്‌ടപ്പെടുക : ഉറങ്ങുമ്പോള്‍ നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെ പറ്റി ധാരണയില്ലാതിരിക്കുക. ഉറക്കത്തില്‍ ചെയ്‌ത കാര്യങ്ങള്‍ സാധാരണയായി ഉണരുമ്പോള്‍ ഓര്‍മിക്കുകയില്ല.
- അസാധാരണമായ പെരുമാറ്റം: ക്രമരഹിതമായി ചലിക്കുക, സംസാരത്തിലെ പൊരുത്തക്കേട് എന്നിവ പ്രകടിപ്പിക്കുന്നുവെങ്കില്‍ ഇത് സോംനാംബുലിസം ആകാം.
- ഉണരാനുള്ള ബുദ്ധിമുട്ട് : ഉറക്കത്തില്‍ നടക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുന്ന ഒരാളെ ഉണര്‍ത്തുക അത്ര എളുപ്പമല്ല. ഇനി അഥവാ അവര്‍ ഉണര്‍ന്നാല്‍ തന്നെ ഒരു ഞെട്ടലോടെയാകും അവരുടെ പ്രതികരണം.
- ഉറക്കത്തിന് തടസം: സോംനാംബുലിസം ഉള്ള ഒരാള്‍ക്ക് ഡീപ് ആയിട്ടുള്ള ഉറക്കം ലഭിക്കണമെന്നില്ല. സോംനാംബുലിസം അത് ഉള്ളവര്‍ക്ക് മാത്രമല്ല, ഒപ്പമുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കും.
- തുടര്‍ച്ചയായി ഇവ ആവര്‍ത്തിക്കുക : ചിലര്‍ക്ക് ഈ ലക്ഷണങ്ങള്‍ ആഴ്‌ചയിലോ, മാസത്തിലോ ഒന്നിലധികം തവണ സംഭവിക്കാറുണ്ട്. സോംനാംബുലിസം ആണെന്ന് തിരിച്ചറിയുക.
സ്വപ്‌നാടനത്തിന്‍റെ കാരണങ്ങള്‍ ഇവ...
- ജനിതക ഘടകങ്ങൾ : സോംനാംബുലിസം പാരമ്പര്യമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.
- ഉറക്കക്കുറവ്: ശരിയായതും ആഴത്തിലുള്ളതുമായ ഉറക്കം ലഭിക്കാത്തത് സ്വപ്‌നാടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
- സമ്മർദം, ഉത്കണ്‌ഠ: മാനസിക സമ്മർദവും ഉത്‌കണ്‌ഠയും സ്വപ്‌നാടനത്തിലേക്ക് നയിച്ചേക്കാം.
- പനി പോലുള്ള അസുഖങ്ങള്‍: കുട്ടികളിലാണ് ഇത്തരം കാരണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്.
- സ്ലീപ്പിങ് ഡിസോഡര്‍: സ്ലീപ് അപ്‌നിയ, റെസ്‌ലെസ് ലെഗ്‌സ് സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ സോംനാംബുലിസത്തിന് കാരണമാകും.
- മരുന്നുകളുടെ ഉപയോഗം: ഉറക്ക ചക്രത്തെ തകരാറിലാക്കുന്ന ചില മരുന്നുകളുടെ ഉപയോഗം സ്വപ്‌നാടനത്തിലേക്ക് നയിച്ചേക്കും.
'സ്വപ്‌നലോകത്തെ ബാലഭാസ്‌കര'നെ എങ്ങനെ 'ശരിയാക്കാം'?, വിദഗ്‌ധര്‍ പറയുന്നത്...
- ഉറക്കം മെച്ചപ്പെടുത്തുക : കൃത്യമായൊരു സ്ലീപ് ഷെഡ്യൂള്‍ വേണം. ഉറക്കക്കുറവ് സോംനാംബുലിസത്തിലേക്ക് നയിക്കുന്നതിനാല്‍, ആവശ്യത്തിന് വിശ്രമം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ശാന്തമായ നിലയിലേക്ക് മനസിനെ കൊണ്ടുവരിക.
- സമ്മർദം കുറയ്ക്കുക: ഉറങ്ങുന്നതിന് മുമ്പ് ധ്യാനം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസനം പോലുള്ള വിദ്യകൾ പരീക്ഷിക്കുക. ഉത്കണ്‌ഠയോ മറ്റ് വൈകാരിക ഘടകങ്ങളോ ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കുക.
- സ്വപ്‌നാടത്തിന് കാരണമായേക്കാവുന്നവ ഉപേക്ഷിക്കുക: സോംനാംബുലിസത്തിലേക്ക് നയിക്കുന്ന മരുന്നുകള്‍, മദ്യം എന്നിവ ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഡോക്‌ടറെ കാണുക. ഉറക്കത്തിന് മുമ്പ് സ്‌ക്രീന്‍ ടൈം കുറയ്‌ക്കുക.
- സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കുക : ചുറ്റുപാടും സുരക്ഷിതമാണെന്ന് ഉറപ്പിക്കുക വഴി സോംനാംബുലിസം ഇല്ലാതാക്കാനാകും.
- കൊഗ്‌നിറ്റീവ്-ബിഹേവിയറൽ തെറാപ്പി : ഉത്‌കണ്‌ഠ, ഭയം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മെത്തേഡ് ആണിത്. സോംനാംബുലിസത്തിന്‍റെ കാര്യത്തില്‍ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഫോർ ഇൻസോമ്‌നിയ എന്നത് വളരെ ഫലം ചെയ്യും.
- ഡോക്‌ടറെ സമീപിക്കുക: കഠിനമായ കേസുകളിൽ, ഉറക്ക രീതികൾ നിയന്ത്രിക്കുന്നതിനോ ഉറക്കത്തിൽ നടക്കുന്ന സംഭവങ്ങൾ കുറയ്ക്കുന്നതിനോ ഡോക്‌ടർമാരെ സമീപിച്ച് മരുന്നുകള്‍ കഴിക്കാവുന്നതാണ്.
![SLEEP WALKING OR SOMNAMBULISM SLEEP WALKING SYMPTOMS AND REASONS സോംനാംബുലിസം സ്വപ്‌നാടം ലക്ഷണങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23472210_.jpg)