എല്ലാപ്രായത്തിലുമുള്ള ആളുകളില്‍ പുകവലി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. പ്രമേഹം കൂടിയുണ്ടെങ്കില്‍ ഇത് നിങ്ങളില്‍ ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രമേഹ രോഗികളില്‍ പുകവലി എന്തൊക്കെ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ച് ഡോ.മോഹന്‍സ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്‍ററിന്‍റെ ചെയര്‍മാന്‍ ഡോ.വി മോഹന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ വിശദമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
പുകവലി ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. പുകവലി മൂലം ഇന്‍സുലിനോട് നിങ്ങളുടെ ശരീരത്തിന് പ്രതികരിക്കാന്‍ സാധിക്കാതെ വരും. ഇതോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും പ്രമേഹം അനിയന്ത്രിതമാക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഇത് പല സങ്കീര്‍ണതകളിലേക്കും നമ്മെ നയിക്കാം. ഹൃദ്രോഗം, പക്ഷാഘാതം, ധമനിസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിന് പുറമെ രക്തസമ്മര്‍ദം, ശരീരത്തിലെ കൊഴുപ്പിന്‍റെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. പ്രമേഹത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രണ്ട് ഘടകങ്ങളാണിത്.
പുകവലി പ്രമേഹ രോഗികളുടെ രക്തചംക്രമണത്തിലും തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചിലപ്പോള്‍ മരണത്തിന് പോലും കാരണമായേക്കാം. പുകവലി രക്തക്കുഴലുകളില്‍ തടസങ്ങളുണ്ടാക്കുന്നു.