തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്നുകള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal Of Unused Drugs) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടു പോകാനും നിക്ഷേപ കേന്ദ്രങ്ങൾ സ്ഥാപിക്കാനുമാണ് ലക്ഷ്യം. കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലുമാകും പദ്ധതി ആദ്യം നടപ്പിലാക്കുക. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശേഖരിക്കുന്ന മരുന്നുകള്‍ കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കെയിൽ (KEIL: Kerala Enviro Infrastructure Limited) മാലിന്യ സംസ്‌കരണ പ്ലാന്‍റിലാകും ശാസ്ത്രീയമായി സംസ്‌കരിക്കുക. നിലവിൽ ഇതു ശാസ്ത്രീയമായി സംസ്‌കരിക്കാൻ പര്യാപ്‌തമായ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെര്‍മനന്‍റ് കളക്ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും പൊതുജനങ്ങള്‍ക്ക് മരുന്നുകള്‍ നിക്ഷേപിക്കാം. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകളും കളക്ഷൻ സെന്‍ററിൽ എത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളുടേയും ഹരിതകര്‍മ്മ സേനാംഗങ്ങളുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഫെബ്രുവരി 22 ന് പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്നുകള്‍ വലിച്ചെറിഞ്ഞാൽ ആന്‍റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
Also Read:ബോണറ്റിലും ഡിക്കിയിലും ഇരുന്ന് റോഡിൽ അഭ്യാസ പ്രകടനം, ഫുട്‌ബോൾ വിജയാഘോഷം അതിരുകടന്നു; തൂക്കി പൊലീസ്