വഴുതനയും തൈരും ഉപയോഗിച്ച് ചോറിനോടൊപ്പമോ ചപ്പാത്തിയോടൊപ്പമോ കഴിക്കാവുന്ന ഒരു കിടിലൻ വിഭവം തയ്യാറാക്കിയാലോ ? ഒരു നോർത്ത് ഇന്ത്യൻ വിഭവമായ ദഹി ബൈങ്കൻ മലയാളികൾക്ക് അത്ര പരിചിതമല്ല. എന്നാൽ ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു അടിപൊളി ഐറ്റമാണിത്. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാമെന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. റെസിപ്പി ഇതാ...
ആവശ്യമായ ചേരുവകൾ
- വഴുതന - 3 എണ്ണം
- തൈര് - 1 1/2 കപ്പ്
- മുളക് പൊടി - 1 ടീസ്‌പൂൺ
- മഞ്ഞൾ പൊടി - 1/4 ടീസ്‌പൂൺ
- ഗരം മസാല - 1/4 ടീസ്‌പൂൺ
- കടുക് - 1 ടീസ്‌പൂൺ
- ജീരകം - 1/2 ടീസ്‌പൂൺ
- വറ്റൽ മുളക് - 2 എണ്ണം
- കായപ്പൊടി - ഒരു നുള്ള്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - 2 തണ്ട്
- ചെറിയുള്ളി- 5 എണ്ണം
- എണ്ണ - 4 ടേബിൾ സ്‌പൂൺ
- വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വഴുതന അധികം കനം കുറയ്ക്കാതെ വട്ടത്തിൽ അരിയുക. ശേഷം ഒരു പാത്രത്തിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, ഗരം മസാല, ഉപ്പ്, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മസാല വഴുതനയിൽ പുരട്ടി ഒരു അഞ്ച് മിനിറ്റ് മാറ്റി വയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് വഴുതനയിട്ട് വറുത്തെടുക്കുക. രണ്ട് ഭാഗവും നന്നായി മൊരിഞ്ഞ് വരുമ്പോൾ ഇത് അടുപ്പിൽ നിന്നും മാറ്റം. ശേഷം മറ്റൊരു പാൻ ചൂടാക്കിയതിന് ശേഷം ഒന്നര ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴുക്കുക. ഇത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ജീരകവും ചെറിയുള്ളിച്ചും കൂടി ചേർത്ത് വഴറ്റുക. ചെറിയുള്ളി ഗോൾഡൻ നിറമാകുമ്പോൾ വറ്റൽ മുളകും കറിവേപ്പിലയും ചേർക്കുക. ഒരു നുള്ള് കായപ്പൊടി കൂടി ചേർത്ത് വഴറ്റിയെടുക്കുക. ഇനി തീ ഓഫ് ചെയ്‌ത് ശേഷം ഇതിലേക്ക് തൈരും അൽപം ഉപ്പും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നേരത്തെ വറുത്ത് വച്ചിരിക്കുന്ന വഴുതന ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ച് വച്ചതിന് ശേഷം ചോറിനോടൊപ്പമോ ചപ്പാത്തിയോടൊപ്പമോ കഴിക്കാം.
Also Read :
1. അരിപ്പൊടി ഇരിപ്പുണ്ടോ ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം മലബാർ സ്പെഷ്യൽ കലത്തപ്പം
2. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ നേരമില്ലേ ? എങ്കിൽ ഇതാ ഒരു കിടിലൻ ഹെൽത്തി & സിംപിൾ റെസിപ്പി