കാസർകോട് : വടക്കേ മലബാറിലെ തെയ്യങ്ങളിൽ അതി സുന്ദരിയാണ് മുച്ചിലോട്ട് ഭഗവതി. സർവാഭരണ വിഭൂഷിതയായി, സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് ഈ തെയ്യം കളിയാട്ട മുറ്റത്തേക്ക് ഇറങ്ങുക. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഒരു മുച്ചിലോട്ട് ഭഗവതി മാത്രമാണ് ഉണ്ടാകുക. എന്നാൽ നീലേശ്വരം പുതുക്കൈ ഭഗവതി ക്ഷേത്രത്തിൽ ഒരേ സമയം രണ്ടു മുച്ചിലോട്ട് ഭഗവതിമാർ തിരുമുറ്റത്തെത്തുന്ന പ്രത്യേകതയുണ്ട്.
അപൂർവമായി മാത്രമേ രണ്ടു മുച്ചിലോട്ട് ഭഗവതിമാർ ഒരേ സമയം എത്തുകയുളളു. 19 വർഷത്തിന് ശേഷമാണ് പുതുക്കൈ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടക്കുന്നത്. ചെത്തിപ്പൂ മാലകൊണ്ട് അലങ്കരിച്ച് വർണ മുടി അണിഞ്ഞു തിരുമംഗല്യത്തിന് ഒരുങ്ങിയ നിത്യ കന്യകയ്ക്ക് മുന്നിലേക്ക് മഞ്ഞ ചരടിൽ കോർത്ത താലിയുമായി അന്തിത്തിരിയനും, അരിയും വെറ്റിലയുമടങ്ങിയ തളികയുമായി ആചാരക്കാരും കൊയ്‌മയുമെത്തും.
എല്ലാത്തിനും നിർദേശങ്ങൾ നൽകി കരിവെള്ളൂർ വലിയച്ഛനും ഉണ്ടാകും. ജന്മഗണകന് കൊടിയിലയിൽ അരിയും പൂവും നൽകി മുഹൂർത്തം നോക്കും. താലിയുമായി എത്തിയ അന്തിത്തിരിയന് വാലായ്‌മ എന്ന് കൂട്ടത്തിൽ നിന്നും വിളിച്ചു പറഞ്ഞതോടെ തൃകല്യാണം മുടങ്ങും. അങ്ങനെ നിത്യ കന്യകയായ ദേവിയെ ആചാരക്കാരും വല്യക്കാരും അരിയെറിഞ്ഞു സ്വീകരിക്കും, ഇതാണ് ചടങ്ങ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്രാഹ്മണ കന്യകയായിരിക്കെ സമൂഹം അപവാദ പ്രചാരണം നടത്തി ഭ്രഷ്‌ട് കൽപ്പിക്കുകയും പുറത്താക്കുകയും ചെയ്‌തു. അപമാനിതയായ ആ കന്യക തന്‍റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി അഗ്നിയില്‍ പ്രവേശനം ചെയ്‌തു. അങ്ങനെ ആത്മഹുതി ചെയ്‌ത കന്യക ഭഗവതി ആയി എന്നുള്ളതാണ് ഐതിഹ്യം.
വാണിയ സമുദായക്കാർ കുലദൈവമായി മുച്ചിലോട്ട് ഭഗവതിയെ ആരാധിക്കുന്നു.
പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, രക്തചാമുണ്ഡി, വിഷ്‌ണു മൂർത്തി, പാടാർക്കുളങ്ങര ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങളും ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടി. കഴിഞ്ഞ ദിവസം പെരുങ്കളിയാട്ടത്തിൽ മംഗലക്കുഞ്ഞുങ്ങളായി 140 ഓളം കന്യകമാരും എത്തിയിരുന്നു.
മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്ര മുറ്റത്തെത്തിയത്. വെറ്റില കരിച്ച് കൺമഷി എഴുതിയും ചുണ്ടിൽ വാഴക്കറയും നെറ്റിയിൽ പലതരം കുറികളും അന്നപ്പുടവയായ കുഞ്ഞു മുണ്ടും ഉടുത്ത് മുല്ലപ്പൂ ചൂടിയുമായിരുന്നു പെൺകൊടികൾ മുച്ചിലോട്ടമ്മയുടെ തിരുനടയിൽ എത്തിയത്. പ്രദക്ഷിണം പൂർത്തിയാക്കി മുച്ചിലോട്ട് ഭഗവതി തിരുമുടി അഴിച്ചതോടെ ഇനി അടുത്ത തെയ്യക്കാലത്തിനുള്ള കാത്തിരിപ്പാണ്.
Also Read: പ്രപഞ്ചോത്‌പ്പത്തി പ്രമേയമായ തോറ്റം; ഇത് ഉത്തര കേരളത്തിന്‍റെ തെക്കന്‍ കരിയാത്തന്‍ തെയ്യം