ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പഴമാണ് കിവി അഥവാ ചൈനീസ് ഗൂസ്ബെറി. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ഹൃദയാരോഗ്യം മുതൽ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ വരെ കിവി ഫലപ്രദമാണ്. കിവി കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് അറിയാം.
വിറ്റാമിൻ സി
ശരീരത്തിന് ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിൻ സി. കിവിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പതിവായി ഇത് കഴിക്കുന്നതിലൂടെ അയേണിന്‍റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയിൽ ഓറഞ്ചിനേക്കാൾ 100 ഗ്രാമിലധികം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ
വിറ്റാമിൻ സി, പോളിഫെനോൾസ്, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആൻ്റി ഓക്‌സിഡൻ്റുകളുടെ ഒരു കലവറയാണ് കിവി. ഓക്‌സിഡേറ്റീവ് സ്ട്രെസും കാൻസർ സാധ്യതയും കുറയ്ക്കാൻ ഇത് സഹായിക്കും. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കിവി സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രോഗപ്രതിരോധ ശേഷി
വിറ്റാമിൻ സി, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കും. പല രോഗങ്ങളെ ചെറുക്കാനും കിവി ഫലം ചെയ്യും. അതിനാൽ ദിവസേന കിവി കഴിക്കുന്നത് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താൻ
നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. വയറുവേദന, ദഹനക്കേട് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും കിവി ഫലപ്രദമാണ്. പതിവായി കിവി കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുമെന്ന് ദി വേൾഡ് ജേണൽ ഓഫ് ഗ്യാസ്ട്രോ എൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നു.