പ്രതിരോധ ശേഷി വർധിപ്പിക്കാൻ നിരവധി ഭക്ഷണം കഴിക്കുന്നവരാണല്ലേ നമ്മൾ. ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക് ഫുഡ്‌സ് (കറുത്ത നിറത്തിലുള്ള ഭക്ഷണം). ബ്ലാക്ക് ഫുഡ്‌സ് എന്ന പദം നമ്മളിൽ പലരും കേട്ടിരിക്കില്ല. ഈ ഭക്ഷണങ്ങളുടെ നിറം ഇരുണ്ടതാണെങ്കിലും ഇതിന്‍റെ ഗുണങ്ങളേറെയാണ്.
കറുപ്പ്, നീല, അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിൽ കാണപ്പെടുന്ന ഈ ഭക്ഷണങ്ങളിൽ ആന്തോസയാനിൻ എന്ന പിഗ്‌മെന്‍റുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ആന്‍റി ഓക്‌സിഡന്‍റുകൾ, ഫൈബറുകൾ, ന്യൂട്രിയന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണിവ. ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വർധിക്കുകയും രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ശരീരത്തിന് ശക്തി ലഭിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്‌ധർ പറയുന്നു. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
കറുത്ത അരി:പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ അരിയുടെ നിറം കറുത്തതാണ്. ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയ ഒന്നാണ് ബ്ലാക്ക് റൈസ്. ആന്തൊസയാനിനുകള്‍ എന്നറിയപ്പെടുന്ന ഈ ആന്‍റി ഓക്‌സിഡന്‍റുകളാണ് ഇതിന് ഈ കറുപ്പ് നിറം നല്‍കുന്നത്. കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല കറുത്ത അരിയിൽ അടങ്ങിയിരിക്കുന്ന നാരുകളും ആന്‍റി ഓക്‌സിഡന്‍റുകളും ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു. പുലാവ്, ബിരിയാണി, ഖീർ, പുട്ട്, ദോശ, ഇഡ്‌ലി, കൂടാതെ സാലഡുകൾ തയ്യാറാക്കാനും ബ്ലാക്ക് റൈസ് ഉപയോഗിക്കും.
കറുത്ത പയർ:ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കറുത്ത പയർ അഥവ ബ്ലാക്ക് ലെന്‍റിൽസ്. കലോറി കുറവായ ഒരു ഭക്ഷണ പദാർഥമാണിത്. ദാൽ മഖാനി, ലഡു തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാനാണ് ബ്ലാക്ക് ലെന്‍റിൽസ് ഉപയോഗിക്കുക. നാരുകൾ, ഇരുമ്പ്, ഫോളേറ്റ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണിത്.
ഇത് ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പിന്‍റെ അളവ് നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ഇവ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം മസില്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും നല്‍കുന്നുണ്ട്. പ്രോട്ടീന്‍ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ കറുത്ത പയർ നല്ലതാണ്.
കറുത്ത വെളുത്തുള്ളി (ബ്ലാക്ക് ഗാർലിക്ക്): വെളുത്ത നിറത്തിലുള്ള വെളുത്തുള്ളി നമുക്ക് സുപരിചിതമായിരിക്കും എന്നാൽ ബ്ലാക്ക് ഗാർലിക്കിനെ കുറിച്ച് അറിയുന്നവർ ചുരുക്കമായിരിക്കും. കറുത്ത വെളുത്തുള്ളിയും വിപണിയിൽ ലഭ്യമാണ്. ന്യൂഡിൽസ്, സൂപ്പ് എന്നിവ തയ്യാറാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. കറുത്ത വെളുത്തുള്ളിയിലെ ആൻ്റി ഓക്‌സിഡൻ്റുകളും മറ്റ് ഗുണങ്ങളും ആൻ്റി-കാർസിനോജെനിക് ഏജൻ്റായി പ്രവർത്തിക്കുന്നു.