തിരുവനന്തപുരം : ആരോഗ്യ മേഖലയിലെ കേരളത്തിന്‍റെ നേട്ടം എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ യാഥാര്‍ഥ്യമാക്കി. റീജിയണല്‍ കാന്‍സര്‍ സെന്‍ററിലും മലബാര്‍ കാന്‍സര്‍ സെന്‍ററിലും റോബോട്ടിക് സര്‍ജറി ആരംഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി.
2915.49 കോടി രൂപയാണ് ആരോഗ്യ മേഖലയ്‌ക്കായി ഇത്തവണ ബജറ്റില്‍ നീക്കിവച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇത്. പകര്‍ച്ച വ്യാദി നിയന്ത്രണത്തിന് 12 കോടി രൂപയും കേരള എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വീസസ് പ്രോജക്‌ട് പദ്ധതിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി 80 കോടി രൂപയും നീക്കി വച്ചു. രക്താതിമര്‍ദം, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് റെഫര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളജുകളില്‍ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ വകയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഹാര്‍ട്ട് ഫൗണ്ടേഷന് കാത്ത് ലാഹ് സ്ഥാപിക്കാനായി 10 കോടി രൂപ അനുവദിച്ചു. പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കല്‍, നിലവിലുള്ള ലാബുകളുടെ വികസനം, തീവ്ര പരിചരണ നവിഭാഗങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയ്‌ക്കായി 3 കോടി പ്രഖ്യാപിച്ചു.
ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള 105 ഡയായിസിസ് യൂണിറ്റുകളുടെ നടത്തിപ്പിനായി 13.98 കോടി വകയിരുത്തി. ഡയാലിസിസ് സൗകര്യം ഇല്ലാത്ത ആശുപത്രികളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.
പ്രഖ്യാപനങ്ങള്‍ വിശദമായി...
- വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം 2915.49 കോടി രൂപയായി ഉയർത്തുന്നു. ഇത് മുൻവർഷത്തേക്കാൾ 97.96 കോടി രൂപ അധികമാണ്.
- പുതുതായി സ്ഥാപിക്കുന്ന പെയിൻ ആന്‍ഡ് പാലിയേറ്റീവ് ഗ്രിഡിനുള്ള ഒരു കോടി രൂപ ഉൾപ്പെടെ പെയിൻ ആന്‍ഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പിന് 5.40 കോടി രൂപ വകയിരുത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആയുഷ് വകുപ്പുകളും, എൻ.എച്ച്.എം വഴി ചെലവഴിക്കുന്ന വിഹിതത്തിന് പുറമെയാണിത്.
- പകർച്ചവ്യാധി നിയന്ത്രണത്തിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 12 വകയിരുത്തുന്നു.
- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിൽ വന്ധ്യതാ ക്ലിനിക്കുകളും അതിന് വേണ്ടിയുള്ള ആധുനിക ലബോറട്ടറികളും ഘട്ടംഘട്ടമായി സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നു. ഈ പദ്ധതിയ്ക്കായി 8 കോടി രൂപ വകയിരുത്തുന്നു.
- കേരള എമർജൻസി മെഡിക്കൽ സർവീസസ് പ്രോജക്‌ട് പദ്ധതിയിൽ ഉൾപ്പെട്ട 335 അഡ്വാൻസ് ലൈഫ് സപ്പോർട്ട് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചെലവ് വഹിക്കുന്നതിനായി 80 കോടി രൂപ വകയിരുത്തുന്നു.
- രക്താതിമർദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പകർച്ചവ്യാധികളല്ലാത്ത രോഗം ബാധിച്ച നിർധനരായ രോഗികൾക്ക് റഫറൽ ആശുപത്രികളിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ഒരു പുതിയ പദ്ധതി പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളജുകളിൽ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 45 കോടി രൂപ വകയിരുത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹാർട്ട് ഫൗണ്ടേഷന് 10 കോടി രൂപ കാത്ത് ലാബിനായി അനുവദിക്കുന്നു.
- മേജർ സർക്കാർ ആശുപത്രികളിൽ ഘട്ടംഘട്ടമായി കാത്ത് ലാബ് സ്ഥാപിക്കൽ, നിലവിലുള്ള കാത്ത് ലാബുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ, തീവ്രപരിചരണ വിഭാഗങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി 3 കോടി രൂപ വകയിരുത്തുന്നു.
- ആരോഗ്യ വകുപ്പിന് കീഴിൽ നിലവിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾക്കായി 13.98 കോടി രൂപ വകയിരുത്തുന്നു. ഡയാലിസിസ് യൂണിറ്റുകൾ ഇല്ലാത്ത ജില്ലാ, ജനറൽ ആശുപത്രികളിലും, 25 ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ്. ഇതോടെ എല്ലാ ജില്ലാ/ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ആസ്ഥാന ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും.
- എറണാകുളം, തൃശൂർ, കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ്. ഇതിനായി 21 കോടി രൂപ വകയിരുത്തുന്നു.
- ന്യൂ ബോൺ സ്ക്രീനിങ് പ്രോഗ്രാം ടെസ്റ്റ് മുഖേന കുട്ടികളിലെ ജന്മനായുള്ള കൺജനിറ്റൽ ഹൈപ്പോ തൈറോയിഡിസം, കൺജനിറ്റൽ അഡ്രിനൽ ഹൈപ്പർ പ്ലാസിയ, ജി-6 പി.ഡി ഡെഫിഷ്യൻസി, ഗാലക്ടോസെമിയ എന്നീ രോഗങ്ങൾ കണ്ടെത്താൻ സഹായിക്കും. ആശുപത്രികളിലും പ്രസവം നടക്കുന്ന എല്ലാ പദ്ധതിയുടെ തുടർ നടത്തിപ്പിനായി 2.40 കോടി രൂപ വകയിരുത്തുന്നു.
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോഗ്നിറ്റീവ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് സയൻസിന്‍റെ (ഐക്കോൺസ്) തിരുവനന്തപുരം, ഷൊർണ്ണൂർ സെന്‍ററുകൾക്കായി 7.34 കോടി രൂപ വകയിരുത്തുന്നു.
- ΝΗΜ പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതമായി 465.20 കോടി രൂപ വകയിരുത്തുന്നു. ഇതിൽ കുടുംബാരോഗ്യ ബ്യൂറോകളുടെ ഭരണവും നടത്തിപ്പും, സബ് സെന്‍ററുകൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ANM/LHV പരിശീലന സ്‌കൂളുകൾ, കുടുംബാരോഗ്യ പരിശീലന കേന്ദ്രങ്ങൾ, വിവിധോദ്ദേശ്യ പ്രവർത്തകരുടെ പരിശീലനം എന്നീ ചെലവുകൾക്കുള്ള സംസ്ഥാന വിഹിതമായ 100 കോടി രൂപയും ഉൾപ്പെടുന്നു.
- പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ മിഷൻ (പി.എം-ആഭീം)പദ്ധതിയുടെ സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തുന്നു.
- ഇ-ഹെൽത്ത് പ്രോഗ്രാമിന് വേണ്ടി 27.60 കോടി രൂപ വകയിരുത്തുന്നു.
മറ്റു പ്രഖ്യാപനങ്ങള്‍...
- KASP പദ്ധതിക്ക് സംസ്ഥാന വിഹിതമായി 700 കോടി രൂപ വകയിരുത്തുന്നു. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസിൽ താഴെയുള്ളതും ജീവൽ ഭീഷണി ഉണ്ടാകുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നതുമായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന താലോലം, കുട്ടികൾക്കുള്ള ക്യാൻസർ സുരക്ഷാ പദ്ധതി. കുട്ടികളുടെ കേൾവി വൈകല്യം പരിഹരിക്കുന്നതിനുള്ള ശ്രുതി തരംഗം എന്നീ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
- കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയുടെ NABL അക്രെഡിറ്റേഷനും ISO സർട്ടിഫിക്കേഷനും, പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ ഫേസ്-1 നിർമാണത്തിനുമായി 5 കോടി രൂപ വകയിരുത്തുന്നു.
- ചരിത്രത്തിലാദ്യമായി സർക്കാർ മേഖലയിൽ 1020 പുതിയ ബി.എസ്.സി. നഴ്‌സിങ് സീറ്റുകൾ അനുവദിച്ചു. സർക്കാർ മേഖലയിൽ പുതുതായി 8 നഴ്‌സിങ് കോളജുകളും സിമെറ്റിന്‍റെ കീഴിൽ 7 നഴ്‌സിങ് കോളജുകളും ആരംഭിച്ചു.
- ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കുള്ള ആകെ പദ്ധതി വിഹിതമായി 532.84 കോടി രൂപ വകയിരുത്തുന്നു.
- മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന് കീഴിലെ മെഡിക്കൽ കോളജുകളിലേയും ആശുപത്രികളിലേയും മാലിന്യ നിർമാർജനത്തിനായി 17.23 കോടി രൂപയും, മെഡിക്കൽ കോളജ് ആശുപത്രികളിലെ മാതൃ-ശിശു ആരോഗ്യ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവാരം ഉയർത്തുന്നതിനുമായി 10 കോടി രൂപയും വകയിരുത്തുന്നു.
- കോഴിക്കോട്, കോട്ടയം, മെഡിക്കൽ കോളജുകളിലെ ഓങ്കോളജി ആൻഡ് ടേർഷ്യറി കെയർ സെന്‍ററുകളിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 20 കോടി രൂപ വകയിരുത്തുന്നു.
- കൊല്ലം, കോട്ടയം, കണ്ണൂർ, മഞ്ചേരി, ആലപ്പുഴ എന്നീ മെഡിക്കൽ കോളജുകളിൽ ഇന്‍റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തുന്നു.
- തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിൽ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന തിനായി 2 കോടി രൂപ വകയിരുത്തുന്നു.
- സാമ്പത്തിക നില കണക്കിലെടുക്കാതെ എല്ലാവർക്കം സ്റ്റെം സെൽ - മജ്ജ മാറ്റി വയ്ക്കൽ ചികിത്സാ സൗകര്യം പ്രാപ്യമാകുന്നതിന് വേണ്ടി സർക്കാർ മേഖലയിൽ മാറ്റിവയ്ക്കൽ സംവിധാനം ഒരുക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ സൗകര്യം ഒരുക്കുന്നതിന് 1.75 കോടി വകയിരുത്തുന്നു.
ക്യാൻസർ ചികിത്സ
സംസ്ഥാനത്ത് ക്യാൻസർ രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാരംഭ രോഗ നിർണയത്തിനും പരിചരണത്തിനും 2025-26 ബഡ്‌ജറ്റ് ഊന്നൽ നൽകുന്നു. മലബാർ ക്യാൻസർ സെന്‍ററിന് 35 കോടി രൂപയും കൊച്ചി ക്യാൻസർ സെന്‍ററിന് 18 കോടി രൂപയും ആർസിസിയ്ക്ക് 75 കോടി രൂപയും മെഡിക്കൽ കോളജ്/ജില്ല/താലൂക്ക് ആശുപത്രികൾ വഴിയുള്ള ക്യാൻസർ ചികിത്സക്ക് 24.5 കോടി രൂപയും ഉൾപ്പെടെ ആകെ 152.50 കോടി രൂപ ക്യാൻസർ രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി വകയിരുത്തുന്നു.
സർക്കാരിന് കീഴിലുള്ള എല്ലാ ആശുപത്രികളേയും മാതൃകാ കാൻസർ പരിചരണ കേന്ദ്രങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്കായി 2.50 കോടി രൂപ വകയിരുത്തുന്നു. കരിമണൽ മേഖലയായ ചവറയിലെ സർക്കാർ ആശുപത്രിയിലും ക്യാൻസർ ചികിത്സാ സൗകര്യ ങ്ങൾ വർധിപ്പിക്കും.
തിരുവനന്തപുരം RCC യിലെ സ്ഥലപരിമിതി പരിഗണിച്ച് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി കൂടുതൽ സൗകര്യ പ്രദമായി 14 നിലയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 2.75 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ബ്ലോക്കിന്‍റെ നിർമാണം നടന്നു വരുന്നു. ഇതിന്‍റെ പൂർത്തീകരണത്തിനായി 28 കോടി രൂപ വകയിരുത്തുന്നു.
നേരത്തേയുള്ള കാൻസർ രോഗ നിർണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധി പ്പിക്കുന്നതിനായി 23.30 കോടി രൂപയും ക്യാൻസർ രോഗികളായ സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 22 കോടി രൂപയും ആർ.സി.സി യുടെ പദ്ധതി വിഹിതത്തിൽ നിന്നും നീക്കിവയ്ക്കുന്നു.
കേരള ആരോഗ്യ സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കായി 11.5 കോടി രൂപ വകയിരുത്തുന്നു.
ആയുഷ്
- ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള 130 ആശുപത്രികൾ 818 ഡിസ്പെൻസറികൾ, 24 സബ് സെന്‍ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 50.93 കോടി രൂപ വകയിരുത്തുന്നു.
- ദേശീയ ആയുഷ് മിഷന്‍റെയും ഔഷധ സസ്യ മിഷന്‍റെയും പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന വിഹിതമായി 15 കോടി രൂപ വകയിരുത്തുന്നു.
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ വിവിധ പദ്ധതികൾക്കായി 43.72 കോടി രൂപ വകയിരുത്തുന്നു.
- അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് 2 കോടി രൂപ വകയിരുത്തുന്നു.
- ഹോമിയോപ്പതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ആകെ 23.54 കോടി രൂപ വകയിരുത്തുന്നു.
- ഹോമിയോ മെഡിക്കൽ വിദ്യാഭ്യാസത്തിന് വേണ്ടി 8.18 കോടി രൂപ വകയിരുത്തുന്നു.
Also Read: ബജറ്റ് പ്രഖ്യാപനം: തീരദേശ വികസനത്തിന് തീരദേശ പാക്കേജ്: മത്സ്യബന്ധന മേഖലയ്‌ക്ക് 295.12 കോടി