സ്‌ക്രീനിൽ ഒരു വില്ലൻ കഥാപാത്രം ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നെന്നും അത്തരത്തിൽ ഒരു റോൾ കിട്ടിയതിൽ സന്തോഷിക്കുന്നുവെന്നും 'കൽക്കി 2898 എഡി'യിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെന്നിന്ത്യൻ താരം കമൽ ഹാസൻ. നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ജൂൺ 27ന് തിയേറ്ററുകളിലെത്തും. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ഈ ചിത്രത്തിലെ നായിക. ഒപ്പം അമിതാഭ് ബച്ചനും പ്രഭാസും പ്രധാന റോളിലെത്തുന്നുണ്ട്.
'ചിത്രത്തിൽ 'സുപ്രീം യാസ്‌കിൻ' എന്ന വില്ലൻ കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. സിനിമയിൽ നായകൻ എപ്പോഴും റൊമാന്‍റിക് പാട്ടുപാടി നായികയ്‌ക്കായി കാത്തിരിക്കുകയാവും. പക്ഷേ വില്ലൻ കഥാപാത്രങ്ങൾക്ക് അങ്ങനെയല്ല. വില്ലൻ കഥാപാത്രങ്ങൾക്ക് സിനിമയിൽ കുറേ കാര്യങ്ങൾ ചെയ്യാനുണ്ടാവും. അതിനാൽ എനിക്കും വില്ലൻ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു'വെന്ന് കമൽ ഹാസൻ പറഞ്ഞു.