ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരായണീന്‍റെ മൂന്നാൺമക്കൾ. ശരൺ വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചലച്ചിത്രം ഫെബ്രുവരി ആദ്യവാരം തിയേറുകളിലെത്തും. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് ശരൺ വേണുഗോപാൽ ഇടിവി ഭാരതിനോട് സംസാരിക്കുകയാണ്.
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് ശരൺ വേണുഗോപാൽ ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. സത്യജിത് റേ ടെലിവിഷൻ ആൻഡ് ഫിലിം ഇൻസ്റ്റ്യൂട്ട് തന്നെ നിർമിച്ച് ശരൺ വേണുഗോപാൽ സംവിധാനം ചെയ്‌ത ഒരു പാതിരാ സ്വപ്‌നം പോലെ എന്ന ചിത്രം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു.
നാരായണിയേയും മൂന്ന് ആൺമക്കളെയും ചുറ്റിപ്പറ്റി ഒരു കുടുംബത്തിന്‍റെ കഥ പറയാൻ ശ്രമിക്കുകയാണ് ശരൺ വേണുഗോപാൽ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ശരൺ സംസാരിച്ചു തുടങ്ങി.
'അക്കാദമിക്ക് വേണ്ടി ചെയ്‌ത പ്രോജക്‌ട് ആയിരുന്നു ഒരു പാതിരാ സ്വപ്‌നം പോലെ എന്ന ചിത്രം. ധാരാളം വായിക്കും, സിനിമകൾ കാണും. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു ബോധ്യം സ്വയം സൃഷ്‌ടിക്കും. നമ്മുടെ ചുറ്റുപാടുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്നെ നിരവധി സിനിമകൾക്കുള്ള ആശയങ്ങൾ ലഭിക്കും. നമ്മളോടൊപ്പം ചിന്തകളിൽ പിന്നീട് ഒപ്പം സഞ്ചരിക്കുന്ന ആശയങ്ങൾ - ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമകൾക്ക് വേണ്ടി എഴുതാൻ ശ്രമിക്കും. ഏറ്റവും ഗാഢമായ ഒന്ന് സിനിമയാകും. അത്തരത്തിലൊരു ആശയമാണ് നാരായണീന്‍റെ മൂന്ന് ആൺമക്കളെന്ന ചിത്രം സംഭവിക്കാൻ കാരണമായത്.' -ശരണ്‍ പറഞ്ഞു.
'നമ്മുടെയൊക്കെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ തന്നെയാണ് നാരായണീന്‍റെ മൂന്ന് ആൺമക്കൾ എന്ന ചിത്രം ചർച്ചചെയ്യുന്നത്. പലതരത്തിലുള്ള മാനുഷിക വികാരങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. ഈ സിനിമ ചർച്ച ചെയ്യുന്ന വിഷയം കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു പ്രത്യേക സ്ഥലത്ത് മാത്രം സംഭവിച്ച അല്ലങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾ അല്ല. സിനിമ കാണുന്ന പ്രേക്ഷകന് ചിത്രത്തിന്‍റെ കഥയും സന്ദർഭങ്ങളും വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കണം എന്നൊരു നിർബന്ധ ബുദ്ധി എന്നിലെ സംവിധായകന് ഉള്ളിൽ ഉണ്ട്.
നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് ഒരു എഴുത്തുകാരന് കൃത്യമായ ധാരണ ഉണ്ടാകണം. എങ്കിൽ മാത്രമേ സത്യസന്ധമായ കഥകൾ എഴുതാൻ സാധിക്കുകയുള്ളൂ. സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ജോജു ജോർജിനെയും, സുരാജ് വെഞ്ഞാറമൂടിന്‍റെയും അലൻസിയറിന്‍റെയും മുഖങ്ങൾ കഥാപാത്രങ്ങളായി മനസിൽ തെളിഞ്ഞു. ആരെയും മനസിൽ ഉദ്ദേശിച്ചു വച്ചിട്ട് അല്ല തിരക്കഥ എഴുതി തുടങ്ങുന്നത്. എഴുത്തിന്‍റെ വഴിയെ ഇവരുടെ മുഖങ്ങൾ മനസിൽ തെളിയുകയായിരുന്നു. നമ്മൾ ഉദ്ദേശിക്കുന്ന അഭിനേതാക്കൾ തന്നെ നമ്മുടെ സിനിമയുടെ ഭാഗമായപ്പോൾ ഒരു നവാഗത സംവിധായകൻ എന്നുള്ള രീതിയിൽ ഏറ്റവും ഭാഗ്യം ചെയ്‌ത വ്യക്തിയാണ് ഞാൻ എന്ന് കരുതുന്നു.'
നാരായണീന്‍റെ മൂന്ന് ആൺമക്കൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്തെക്കുറിച്ചും ശരൺ പറയുകയുണ്ടായി.
'ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് ക്രിസ്‌മസും ന്യൂ ഇയറുമൊക്കെ സംഭവിക്കുന്നത്. ആഘോഷങ്ങൾക്ക് സെറ്റിൽ ഒരു കുറവും ഉണ്ടായിരുന്നില്ല. ജോജു ജോർജും സുരാജ് വെഞ്ഞാറമൂടും ഉൾപ്പെടുന്ന ഒരു സെറ്റിലെ ആഘോഷ നിമിഷങ്ങളെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ജോജു ജോർജ് ഒരു തമാശ പറഞ്ഞാൽ കൗണ്ടറുമായി സുരാജേട്ടൻ അവിടെ ചാടി വീഴും. സിനിമയുടെ ചിത്രീകരണത്തിന് എന്തെങ്കിലും തടസം കാരണം സമയനഷ്‌ടം സംഭവിച്ചാലും അതൊന്നും നമുക്ക് അനുഭവപ്പെടുകയില്ല. ജോജു ജോർജും സുരാജ് ഏട്ടനും തമാശകൾ പറഞ്ഞു സെറ്റിൽ ഉള്ളവരെ ഒന്നടങ്കം റിലാക്‌സ് ചെയ്യിപ്പിക്കും.'
'സെറ്റിൽ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയത് ജോജു ജോർജ് എന്ന നടൻ തന്നെയാണ് എന്ന് ശരൺ പറഞ്ഞു. 'ജോജു ജോർജ് ഒരു കഥാപാത്രത്തെ എക്‌സിക്യൂട്ട് ചെയ്യുന്ന രീതി കണ്ടുപഠിക്കേണ്ടത് തന്നെയാണ്. നവാഗത സംവിധായകനായ എന്നെ സംബന്ധിച്ചിടത്തോളം ജോജു ജോർജും സുരാജ് വെഞ്ഞാറമൂടും അലൻസിയറും പാഠപുസ്‌തകങ്ങൾ ആയിരുന്നു. ജോജു ജോർജിന്‍റെ ചില പ്രകടനങ്ങൾ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചിരുന്നു പോയിട്ടുണ്ട്. ഈ സിനിമയുടെ ക്ലൈമാക്‌സ് വളരെ ഒരു വലിയ സീക്വൻസ് ആണ്. ഈ രംഗത്തിൽ ജോജു ജോർജ് എന്ന അഭിനേതാവിന്‍റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കും എന്നതിൽ യാതൊരു സംശയവുമില്ല.' -ശരൺ വേണുഗോപാൽ പറഞ്ഞു.
നല്ല വായന തന്നെയാണ് ഒരു നല്ല ചലച്ചിത്ര കലാകാരനെ സൃഷ്‌ടിക്കുന്നതെന്ന് ശരൺ വേണുഗോപാൽ പറഞ്ഞു. അതൊരു ഉദാഹരണത്തിലൂടെയാണ് ശരൺ വ്യക്തമാക്കിയത്. വിഖ്യാത ജർമ്മൻ സംവിധായകനായ വെർണർ ഹെസ്രോഗിനോട് ഒരു അഭിമുഖത്തിനിടയിൽ ചോദ്യകർത്താവ് പുതിയ തലമുറയിലെ സിനിമ സംവിധായകരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കുന്നു. ഒരു മിനിറ്റ് എടുത്താണ് അദ്ദേഹം അതിനുള്ള ഉത്തരം പറഞ്ഞത്. അദ്ദേഹം പറഞ്ഞ ഉത്തരം റീഡ് (വായിക്കുക) എന്നാണ്. റീഡ്, റീഡ്, റീഡ് എന്ന് ഒരു മിനിറ്റോളം അദ്ദേഹം ആവർത്തിച്ചു കൊണ്ടിരുന്നു. തന്നിലെ സംവിധായകന് എപ്പോഴും ഊർജം പകരുന്നത് വായന തന്നെയാണെന്ന് ശരൺ വ്യക്തമാക്കി.
2019 ലാണ് സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കി ശരൺ വേണുഗോപാൽ പുറത്തിറങ്ങുന്നത്. മലയാള സിനിമയ്ക്ക് കഥാമൂല്യമുള്ള മാനുഷികമൂല്യമുള്ള ചലച്ചിത്രങ്ങൾ സമ്മാനിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.