തിരുവനന്തപുരം: ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റവതരിപ്പിക്കുമ്പോള്‍ അത് കേരളത്തിന്‍റെ എഴുപത്തേഴാമത് ബജറ്റാണ്. ഇതിനകം നാല് ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ നിലവിലെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് ഇത് അഞ്ചാമത്തെ ബജറ്റാണ്.
138655 കോടി രൂപ വരവും 184327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ തവണ അവതരിപ്പിച്ചത്. റെവന്യൂ കമ്മി 27846 കോടിരൂപയും ധനക്കമ്മി 44529 കോടി രൂപയുമായിരുന്നു.
ചരിത്രത്തിലെ ഏക മിച്ച ബജറ്റ്
കേരളത്തിന്‍റെ ചരിത്രത്തില്‍ ഒറ്റത്തവണ മാത്രമാണ് ഒരു ധന മന്ത്രി മിച്ച ബജറ്റ് അവതരിപ്പിച്ചത്. ആ ക്രെഡിറ്റാകട്ടെ കെ എം മാണിക്കവകാശപ്പെട്ടതും. 1986 മാര്‍ച്ച് 26 നാണ് ധനമന്ത്രിയായിരുന്ന കെ എം മാണി മിച്ച ബജറ്റ് അവതരിപ്പിച്ച് മുഴുവനാളുകളേയും ഞെട്ടിച്ചത്. മിച്ച ബജറ്റ് അവതരിപ്പിക്കുകയെന്നത് അസാധ്യമാണെന്ന് സാമ്പത്തിക വിദഗ്‌ദ്ധര്‍ക്കും നേതാക്കള്‍ക്കുമൊക്കെ അറിയുന്ന കാര്യമാണെങ്കിലും ആ വര്‍ഷം മാണിയുടേത് മിച്ച ബജറ്റായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവാദവും പുറകേ എത്തി. മാണിയുടേത് തട്ടിപ്പ് ബജറ്റെന്ന് പ്രതിപക്ഷം ആരോപിച്ചു. എങ്ങിനെയാണ് ഒരു സംസ്ഥാനത്തിന് മിച്ച ബജറ്റ് അവതരിപ്പിക്കാനാവുന്നത്? വിഷയം ലോക്‌സഭയില്‍ ചര്‍ച്ചയായി. കേന്ദ്ര ധനകാര്യ സഹമന്ത്രിയായിരുന്ന ജനാര്‍ദ്ദനന്‍ പൂജാരിയായിരുന്നു ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞത്.മാണി അവതരിപ്പിച്ച മിച്ച ബജറ്റ് യഥാര്‍ത്ഥത്തില്‍ ഒരു കമ്മി ബജറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പാര്‍ലമെന്‍റില്‍ വിശദീകരിച്ചു. എന്നാല്‍ അപ്പോഴും ധനമന്ത്രി മാണിക്കും മുഖ്യമന്ത്രി കെ കരുണാകരനും കുലുക്കമുണ്ടായിരുന്നില്ല. മാണി അവതരിപ്പിച്ച ബജറ്റ് ഒരേ സമയം മിച്ചവും കമ്മിയുമാണെന്നായിരുന്നു കരുണാകരന്‍റെ നിലപാട്.
നോണ്‍സ്റ്റോപ്പ് ബജറ്റ്
കേരള നിയമസഭയില്‍ ഏറ്റവും ദീര്‍ഘമായ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് തോമസ് ഐസക്കിന്‍റെ പേരിലാണ്. 2021 ജനുവരി 15 ന് തോമസ് ഐസക്ക് അവതരിപ്പിച്ച ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നീണ്ടത് മൂന്ന് മണിക്കൂറും 17 മിനിറ്റുമായിരുന്നു. ഡോ ഐസക്ക് തകര്‍ത്തത് കെ എം മാണിയുടെ രണ്ട് മണിക്കൂറും 54 മിനിറ്റുമെന്ന ബജറ്റ് പ്രസംഗത്തിലെ റെക്കോര്‍ഡായിരുന്നു. ബജറ്റിനകത്ത് മലയാള സാഹിത്യത്തില്‍ നിന്നുള്ള ശ്രദ്ധേയമായ ഉദ്ധരണികള്‍ കൂടി ഉള്‍പ്പെടുത്തുന്ന പതിവ് ധനമന്ത്രിമാര്‍ക്കുണ്ട്.അങ്ങിനെ ബഷീറും തകഴിയും എം ടിയും വൈലോപ്പിള്ളിയും ചങ്ങമ്പുഴയും കുമാരനാശാനുമൊക്കെ പലപ്പോഴും ബജറ്റ് പ്രസംഗങ്ങളുടെ ഭാഗമായിട്ടുണ്ട്.
![KERALA BUDGET SURPLUS BUDGET K M MANI KN BALAGOPAL](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23487074_thomas-issac.jpg)
തോമസ് ഐസക്ക് ഇതിലും വ്യത്യസ്‌തനായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ കവിതാരചനാ മല്‍സരത്തില്‍ പത്താം ക്ലാസുകാരി സ്നേഹ എഴുതിയ കവിത ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിന്‍റെ ഭാഗമായി. സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നിടത്തായിരുന്നു പത്താം ക്ലാസുകാരിയുടെ കവിതയും ഉദ്ധരിച്ചത്.
ബജറ്റ് അവതരണത്തിലെ റിക്കാര്‍ഡുകള്‍
ഇടക്കാല ബജറ്റുകളടക്കം 76 ബജറ്റുകളാണ് കേരള നിയമസഭയില്‍ ഇതേ വരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കേരള ചരിത്രത്തില്‍ ഏറെക്കാലം ധനമന്ത്രിയായിരുന്നിട്ടുള്ള കെ എം മാണിയുടെ പേരില്‍ത്തന്നെയാണ് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച റെക്കോര്‍ഡുമുള്ളത്. 13 തവണ മാണി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. തൊട്ടു പുറകിലുള്ളത് ഡോ. ടി എം തോമസ് ഐസക്കാണ്. ഐസക്ക് 12 തവണ ബജറ്റ് അവതരിപ്പിച്ചു. ടി ശിവദാസമേനോനും ആര്‍ ശങ്കറും ആറ് വീതം ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയും വി വിശ്വനാഥ മേനോനും അഞ്ച് വീതം ബജറ്റുകള്‍ അവതരിപ്പിച്ചു. ഓരോ തവണ മാത്രം ബജറ്റ് അവതരിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇ കെ നായനാര്‍, സി എച്ച് മുഹമ്മദ് കോയ, കെ ടി ജോര്‍ജ്, എം കെ ഹേമചന്ദ്രന്‍, എസ് വരദരാജന്‍ നായര്‍ എന്‍ കെ ശേഷന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ധനമന്ത്രിമാരാണ് ബജറ്റ് അവതരിപ്പിക്കാറുള്ളതെങ്കിലും ധനവകുപ്പ് കൂടി കൈകാര്യം ചെയ്‌ത നാല് മുഖ്യമന്ത്രിമാരും കേരളത്തില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ ശങ്കര്‍, സി അച്യുതമേനോന്‍, ഇ കെ നായനാര്‍, ഉമ്മന്‍ ചാണ്ടി എന്നിവരാണ് മുഖ്യമന്ത്രിമാരായിരിക്കേ ബജറ്റ് അവതരിപ്പിച്ചത്. ഇവരില്‍ അച്യതമേനോനും ആര്‍ ശങ്കറും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരാകുന്നതിനു മുമ്പും ധനമന്ത്രിമാരായിരുന്നിട്ടുണ്ട്.
കടലാസു രഹിത ബജറ്റ്
![KERALA BUDGET SURPLUS BUDGET K M MANI KN BALAGOPAL](https://etvbharatimages.akamaized.net/etvbharat/prod-images/06-02-2025/23487074_balagopal.jpg)
കേരള നിയമ സഭയിലെ ബജറ്റവതരണത്തില്‍ ഡിജിറ്റല്‍ യുഗത്തിന് തുടക്കമിട്ടത്. ഇപ്പോഴത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്. 2022ലാണ് ബാലഗോപാല്‍ നിയമസഭയില്‍ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ചത്.
Also Read: കൂടുമോ ക്ഷേമ പെന്‍ഷന്‍? മെഡിസിപ്പിന് അഴിച്ചു പണി സാധ്യത