ഹൈദരാബാദ്: കഴിഞ്ഞ നവംബറിലാണ് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് എക്‌സ്‌ഇവി 9ഇ, ബിഇ 6 എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ചത്. ഇവയുടെ പ്രാരംഭവില കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ വകഭേദങ്ങളുടെ വില പുറത്തുവിട്ടിരുന്നില്ല. ഇരുമോഡലുകളുടെയും വിവിധ ബാറ്ററി പായ്‌ക്കുകളുടെ വേരിയന്‍റ് തിരിച്ചുള്ള വിലകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകളുടെ ബുക്കിങും ഈ മാസം തന്നെ ആരംഭിക്കും.
ബുക്കിങ്, ഡെലിവറി: 2025 ഫെബ്രുവരി 14ന് രാവിലെ 9 മണി മുതൽ മഹീന്ദ്ര എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകളുടെ ബുക്കിങ് ഔദ്യോഗികമായി ആരംഭിക്കും. കൂടാതെ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ന് (ഫെബ്രുവരി 6) മുതൽ ബുക്കിങ് പ്രിഫറൻസ് ചെയ്യാനാകും. 59 കിലോവാട്ടിന്‍റെ പായ്‌ക്ക് വൺ, പായ്‌ക്ക് വൺ എബോവ്, പായ്‌ക്ക് ടു, പായ്‌ക്ക് ത്രീ സെലക്‌ട്, 79 കിലോവാട്ടിന്‍റെ പായ്‌ക്ക് ത്രീ എന്നീ ബാറ്ററി പായ്‌ക്കുകളിലാണ് മഹീന്ദ്രയുടെ ഈ രണ്ട് ഇലക്‌ട്രിക് കാറുകളും ലഭ്യമാവുക.
ഇതിൽ 79 കിലോവാട്ടിന്‍റെ പാക്ക് ത്രീ വേരിയന്‍റിന്‍റെ ഡെലിവറി 2025 മാർച്ചിൽ ആരംഭിക്കും. പാക്ക് ത്രീ സെലക്‌ട് വേരിയന്‍റിന്‍റെ ഡെലിവറി 2025 ജൂണിലും പാക്ക് ടു വേരിയന്‍റിന്‍റെ ഡെലിവറി 2025 ജൂലൈയിലും പാക്ക് വൺ വേരിയന്‍റിന്‍റെയും പാക്ക് വൺ എബോവ് വേരിയന്‍റിന്‍റെയും ഡെലിവറി 2025 ഓഗസ്റ്റിലും ആരംഭിക്കും.
മഹീന്ദ്ര ബിഇ 6 അഞ്ച് വേരിയന്‍റുകളിൽ ലഭ്യമാണ്. കൂടുതൽ അഡ്വാൻഡ്‌ഡ് ഫീച്ചറുമായെത്തുന്ന ബാറ്ററി പായ്‌ക്കുകൾക്കനുസരിച്ച് ഓരോ മോഡലിന്‍റെ വിലയും വർധിക്കും. 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) മഹീന്ദ്ര ബിഇ 6യുടെ പ്രാരംഭവില. മഹീന്ദ്ര എക്‌സ്‌ഇവി 9ഇ മോഡലിന്‍റെ നാല് വേരിയന്‍റുകളിലാണ് വിൽപ്പനയ്‌ക്കെത്തുക. 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) എക്‌സ്‌ഇവി 9ഇ യുടെ പ്രാരംഭവില. രണ്ട് കാറുകളുടെയും വ്യത്യസ്‌ത ബാറ്ററി ഓപ്‌ഷനുകളുടെ വില പരിശോധിക്കാം.
ബാറ്ററി പായ്‌ക്ക് | വില (എക്‌സ്-ഷോറൂം) | |
ബിഇ 6 | എക്‌സ്‌ഇവി 9ഇ | |
പായ്‌ക്ക് വൺ (59 കിലോവാട്ട്) | 18.90 ലക്ഷം | 21.90 ലക്ഷം |
പായ്‌ക്ക് വൺ എബോവ് (59 കിലോവാട്ട്) | 20.50 ലക്ഷം | --------- |
പായ്‌ക്ക് ടു (59 കിലോവാട്ട്) | 21.90 ലക്ഷം | 24.90 ലക്ഷം |
പായ്‌ക്ക് ത്രീ സെലക്‌ട് (59 കിലോവാട്ട്) | 24.50 ലക്ഷം | 27.90 ലക്ഷം |
പായ്‌ക്ക് ത്രീ (79 കിലോവാട്ട്) | 26.90 ലക്ഷം | 30.50 ലക്ഷം |
വാറന്‍റി: മഹീന്ദ്ര എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകൾ ആദ്യം രജിസ്റ്റർ ചെയ്‌ത ഉടമയ്ക്ക് ആജീവനാന്ത വാറന്‍റി ലഭിക്കും. ഇവയുടെ ബാറ്ററിക്ക് 10 വർഷം അല്ലെങ്കിൽ 2,00,000 കിലോമീറ്റർ ആണ് വാറന്‍റി വരുന്നത്.
INGLO ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മഹീന്ദ്ര എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകൾ. എസി വാൾ ബോക്‌സ് ചാർജറുകൾക്ക് കമ്പനി പ്രീമിയം തുക ഈടാക്കും. 7.2 കിലോവാട്ടിന്‍റെ എസി ചാർജിന് 50,000 രൂപയും 11.2 കിലോവാട്ടിന്‍റെ എസി ചാർജിന് 75,000 രൂപയുമാണ് വില.
ഫീച്ചറുകൾ: 175 kW ചാർജറിൻ്റെ സഹായത്തോടെ വെറും 20 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന അൾട്രാ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് എക്‌സ്‌ഇവി 9ഇ, ബിഇ 6 എത്തിയിരിക്കുന്നത്. പവറും റേഞ്ചും പരിശോധിക്കുമ്പോൾ, ഇരു മോഡലിലെയും 59 കിലോവാട്ട് ബാറ്ററി പായ്ക്ക് 231 എച്ച്‌പി പവർ ഉത്പാദിപ്പിക്കുന്നു. അതേസമയം, 79 കിലോവാട്ട് ബാറ്ററി പായ്ക്ക് 286 എച്ച്പി പവറും 380 എൻഎം പീക്ക് ടോർക്കും ആണ് ഉത്‌പാദിപ്പിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും വെറും 6.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്ര ബിഇ 6 ഒറ്റ ചാർജിൽ 682 കിലോമീറ്ററും എക്‌സ്‌ഇവി 9ഇ ഒറ്റ ചാർജിൽ 656 കിലോമീറ്ററും വരെ സഞ്ചരിക്കും.
സുരക്ഷ റേറ്റിങിലും കേമൻ: കഴിഞ്ഞ ജനുവരിയിലാണ് സുരക്ഷാ റേറ്റിങിൽ മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവികളായ XEV 9e, BE 6 തുടങ്ങിയവ 5 സ്റ്റാർ റേറ്റിങ് നേടിയത്. ക്രാഷ് ടെസ്റ്റിലെ ഏറ്റവും ഉയന്ന റേറ്റിങായ 5 സ്റ്റാർ സുരക്ഷാ റേറ്റിങാണ് ഈ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും നേടിയിരിക്കുന്നത്. അപകടങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാൻ മികച്ച സുരക്ഷ ഫീച്ചറുകളുമായാണ് ഈ രണ്ട് ഇലക്‌ട്രിക് വാഹനങ്ങളും മഹീന്ദ്ര പുറത്തിറക്കിയതെന്ന് തെളിയിക്കുന്നതാണ് 5 സ്റ്റാർ സുരക്ഷാ റേറ്റിങ്.
Also Read:
- സുരക്ഷയുടെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാം: ക്രാഷ് ടെസ്റ്റിൽ മികച്ച സുരക്ഷ റേറ്റിങ് നേടി മഹീന്ദ്രയുടെ ചുണക്കുട്ടികൾ
- ജനപ്രിയ സെഡാനായ ഹോണ്ട സിറ്റിയുടെ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി: വില അറിയാം
- ബ്രെസയ്‌ക്കും നെക്‌സോണിനും എതിരാളി: കിടിലൻ ലുക്കിൽ കിയ സൈറോസ്; വില 8.9 ലക്ഷം
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- കിടിലൻ ലുക്കിൽ ഒലയുടെ പുതിയ ഇലക്‌ട്രിക് ബൈക്ക് സീരീസെത്തി: റോഡ്‌സ്റ്റർ എക്‌സിന് വില 74,999 രൂപ