തിരുവനന്തപുരം: കൊല്ലം നഗരത്തിലും കൊട്ടാരക്കരയിലും രണ്ട് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന വന്‍ പ്രഖ്യാപനമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്നത്തെ ബജറ്റില്‍ നടത്തിയിരിക്കുന്നത്. ഇതിന് പുറമെ കൊല്ലത്തിനായി വാരിക്കോരി മറ്റ് പ്രഖ്യാപനങ്ങളും നടത്തിയിട്ടുമുണ്ട് കൊല്ലംകാരനായ ധനമന്ത്രി. വിദ്യാഭ്യാസം, തീരദേശം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വികസനത്തിനാണ് വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊല്ലത്ത് ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ഒരു കോടി രൂപയും ബജറ്റ് വിഹിതമുണ്ട്. വിഴിഞ്ഞം- കൊല്ലം-പുനലൂര്‍ ത്രികോണ വികസന പദ്ധതിയും ബജറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിന് അഞ്ച് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലാണ് മ്യൂസിയം തുടങ്ങുക. നീണ്ടകര മത്സ്യബന്ധന തുറമുഖ വികസനത്തിനും പദ്ധതിയുണ്ട്. ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയുടെ പുനരുജ്ജീവന പദ്ധതികളും കൊല്ലം ജില്ലയ്ക്ക് തന്നെയാകും ഏറ്റവും കൂടുതല്‍ ഫലം ചെയ്യുക. ഇതിന് പുറമെ റോഡിനും പാലങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള അധികഫണ്ടുകളുടെ ഗുണവും ജില്ലയ്ക്കും ലഭിക്കും. വിദ്യാഭ്യാസ മേഖലയ്ക്കും വന്‍ പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഇക്കുറി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ കൊല്ലത്തെ കാത്തിരിക്കുന്നത് വന്‍ വികസനമാകും. ധനമന്ത്രിക്ക് പുറമെ ജില്ലയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ കൂടിയുള്ളത് ജില്ലയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന കാഴ്‌ചയാണ് ഇക്കുറി ബജറ്റില്‍ നിന്ന് കിട്ടുന്നത്.
അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാനും ലക്ഷ്യമിട്ടുള്ള ബജറ്റാണ് ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയ ബജറ്റില്‍ വയനാട് പുനരധിവാസത്തിനും പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ രംഗത്തെ പദ്ധതികള്‍
സിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പിലൂടെ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷണം നടത്തുന്ന മറ്റ് ഫെലോഷിപ്പുകല്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപ നല്‍കും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് 21 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇടിക്കറ്റിങ് സംവിധാനത്തിനായി രണ്ട് കോടി രൂപ നീക്കി വച്ചു.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപയും എല്‍എസ്എസ് യുഎസ്‌എസ് സ്‌കോളര്‍ഷിപ്പുകള്‍ കുടിശിക തീര്‍ത്തുവെന്നും മന്ത്രി അറിയിച്ചു. അടുത്ത ഗഡുവിനുള്ള പണം നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 109 കോടി രൂപയും നീക്കി വച്ചു.
Also Read: കിഫ്ബി പരീക്ഷണത്തെ റദ്ദാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേത് ബാലഗോപാല്‍, കൊല്ലത്ത് ഐടി പാര്‍ക്ക്