ബംഗളൂരു: പ്രായപൂര്‍ത്തിയെത്താത്തയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പക്കെതിരായ കേസില്‍ കീഴ്‌ക്കോടതിക്ക് വിചാരണാ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കര്‍ണാടക ഹൈക്കോടതി. തനിക്കെതിരായി ചുമത്തപ്പെട്ട പോക്സോ കേസ് നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കീഴ്‌ക്കോടതിക്ക് വിചാരണയുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ബംഗളൂരുവിലെ സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം ജനുവരി 17 ന് പൂര്‍ത്തിയായിരുന്നു.ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ജഡ്‌ജ് എം നാഗപ്രസന്നയാണ് വിധി പറഞ്ഞത്. വിധിയിലെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
സംഭവം ഇങ്ങനെ:
2024 മാര്‍ച്ച് 14 നാണ് ബംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ ബി എസ് യെദ്യൂരപ്പക്കെതിരെ പോക്സോ നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. തുടര്‍ന്ന് തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ ജൂണ്‍ 13 ന് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസില്‍ യെദ്യൂരപ്പക്കെതിരായ അന്വേഷണം വിലക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തൊട്ടടുത്ത ദിവസം ഹൈക്കോടതി നിരാകരിച്ചു. എന്നാല്‍ കേസ് അന്വേഷിക്കുന്ന സി ഐഡി ഉദ്യോഗസ്ഥര്‍ക്ക് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശവും നല്‍കി. കഴിഞ്ഞ വര്‍ഷം ജൂലൈ 12 ന് കീഴ്‌ക്കോടതിയിലെ വിചാരണാ വേളയില്‍ നേരിട്ട് ഹാജരാവുന്നതില്‍ യെദ്യൂരപ്പക്ക് ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു.
Also Read: മുഡ ഭൂമി ഇടപാട് കേസ്: സിദ്ധരാമയ്യക്ക് എതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി