തിരുവനന്തപുരം: വയനാട്, ഇടുക്കി ഉള്‍പ്പെടയുള്ള ജില്ലകളിലെ വനമൃഗ ശല്യം നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. വന്യജീവി ആക്രമണങ്ങളുടെ നഷ്‌ടപരിഹാരവും പ്രതിരോധവുമായി വനം, വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി വികസിപ്പിക്കും.
ഇതിനുപുറമെ വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കും.
ഈ സർക്കാരിന്‍റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്‌ടപരിഹാരം വർധിപ്പിച്ചത്. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വന്യജീവി ആക്രമണങ്ങൾക്ക് എതിരെയുള്ള പരമ്പരാഗത പ്രതിരോധ മാർഗങ്ങൾക്ക് കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ ആരോപിച്ചിരുന്നു.
കുറച്ചു വർഷങ്ങൾക്കിടെ 60000 വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർ പരുക്കുകളിൽ ഇന്നും ജീവിക്കുന്നു. എന്നാൽ, വന്യജീവി ആക്രമണത്തിൽ കുറവു വന്നിട്ടുണ്ടെന്നാണ് ഗവർണറുടെ പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കിയത്.
വനം കടന്നെത്തുന്ന ജീവികളെ പ്രതിരോധിക്കാൻ ആധുനിക സംവിധാനങ്ങൾ മറ്റു സംസ്ഥാനങ്ങളിലുണ്ട്. വനാതിർത്തിയിൽ അവയുടെ ചലനം തിരിച്ചറിഞ്ഞ് വനത്തിലേക്കു തിരിച്ചു വിടാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, അതിനു പണം ചെലവഴിക്കാൻ കേരളം തയാറാകുന്നില്ലെന്നായിരുന്നു സതീശൻ ആരോപണം ഉന്നയിച്ചത്.
Read Also: ബജറ്റിൽ ലൈഫ് പദ്ധതിക്ക് 1160 കോടി; ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി