മലയാളത്തിലെ പ്രശസ്‌തനായ തിരക്കഥാകൃത്തും സംവിധായകനും ആണ് രഘുനാഥ് പലേരി. ഇപ്പോൾ അഭിനയത്തിലും അദ്ദേഹം സജീവമാണ്. പൊന്മുട്ടയിടുന്ന താറാവ്, പിറവി, മേലേപറമ്പിൽ ആൺവീട്, പിൻഗാമി, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ക്ലാസിക് സിനിമകളുടെ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. അദ്ദേഹം രചിച്ച ക്ലാസിക് സിനിമകളെക്കുറിച്ച് ഇടിവി ഭാരതിനോട് രഘുനാഥ് പലേരി സംസാരിക്കുന്നു.
പൊന്മുട്ടയിടുന്ന താറാവ് എന്ന ക്ലാസിക് ചിത്രം രചിച്ചത് ശ്രീനിവാസൻ ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നുവെന്ന് രഘുനാഥ് പലേരി പറയുകയുണ്ടായി. ആ സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
"സിനിമകളുടെ കഥകൾ ഒരു ബാഹ്യ ശക്തിയുടെയും സ്വാധീനമില്ലാതെ സ്വതന്ത്രമായി എന്‍റെ മനസിൽ രൂപപ്പെടുന്നതാണ്. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഗ്രാമവും തട്ടാൻ ഭാസ്‌കരനും എല്ലാം എന്‍റെ മനസിൽ തോന്നിയ സ്വതന്ത്ര സൃഷ്‌ടികൾ തന്നെയാണ്. ഈ തിരക്കഥ സിനിമയാകുമ്പോൾ സംവിധായകനായ സത്യൻ അന്തിക്കാടിനോട് ആവശ്യപ്പെട്ടത് ഒറ്റ കാര്യം മാത്രമാണ്. വളരെ സാധാരണക്കാരൻ എന്ന് തോന്നിക്കുന്ന ഒരാളെ വേണം തട്ടാൻ ഭാസ്‌കരനായി കാസ്റ്റ് ചെയ്യാൻ.
അങ്ങനെയാണ് സൂപ്പർതാര സിനിമകൾ നിരവധി ചെയ്‌ത ഞാനും സംവിധായകൻ സത്യൻ അന്തിക്കാടും ഈ കഥാപാത്രത്തിന് വേണ്ടി നടൻ ശ്രീനിവാസനെ സമീപിക്കുന്നത്. അന്ന് ശ്രീനിവാസൻ പ്രശസ്‌തനായി വരുന്നതേയുള്ളൂ. 1988 ലാണ് ആ ചിത്രം റിലീസ് ചെയ്‌തതെന്ന് ആലോചിക്കണം. പിന്നീടുള്ള വർഷങ്ങളിൽ ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമകൾ വലിയ ഹിറ്റുകളായി മാറി.
1988 ൽ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്‍റെ രചയിതാവ് രഘുനാഥ് പലേരി ആണെന്ന് എല്ലാവർക്കും ധാരണയുണ്ടായിരുന്നു. എന്നാൽ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ മലയാളികളെ കൂടുതൽ സ്വാധീനിച്ചതോടെ അദ്ദേഹം എഴുതുന്ന സിനിമകളുടെ സ്വഭാവത്തിലുള്ള പൊന്മുട്ടയിടുന്ന താറാവും ശ്രീനിവാസൻ തന്നെയാണ് എഴുതിയതെന്ന് തൊട്ടടുത്ത തലമുറ തെറ്റിദ്ധരിച്ചു. ശ്രീനിവാസനോളം ഞാനെന്ന തിരക്കഥാകൃത്ത് ആഘോഷിക്കപ്പെട്ടിട്ടില്ല.
ആദ്യകാലങ്ങളിൽ ഞാനൊരു അഭിമുഖം പോലും മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം. ഒരു നടനായ ശേഷമാണ് കൂടുതൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഒരു തിരക്കഥാകൃത്ത് സംവിധായകൻ എന്നുള്ള രീതിയിൽ ഒരുതരത്തിലുമുള്ള പ്രശസ്‌തി ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം. എന്തുകൊണ്ട് അഭിമുഖങ്ങൾ നൽകിയിരുന്നില്ല എന്നൊരു ചോദ്യം ചോദിച്ചാൽ അതിനും ഉത്തരം ഉണ്ട്. ഞാൻ എഴുതിയതും സംവിധാനം ചെയ്‌തതുമായ സിനിമകൾ മറ്റൊരാൾക്ക് ചെയ്യാൻ സാധിക്കാത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എല്ലാവരെക്കാളും മികച്ചത് ഞാൻ ചെയ്‌തു എന്ന് സ്വയബോധ്യം ഉണ്ടായാൽ മാത്രമേ അഭിമുഖങ്ങൾ നൽകുന്നതിൽ പ്രസക്തിയുള്ളൂ. അങ്ങനെ ഒരു ചിന്താഗതി കൂടി എന്നെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഒരു നടനായപ്പോൾ സിനിമകൾ നിർബന്ധിതമായി പ്രൊമോട്ട് ചെയ്യേണ്ടതായി വരുമ്പോൾ മാധ്യമ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ വേറെ നിവൃത്തിയില്ല. ഞാൻ കൃത്യമായി ഓർക്കുന്നു, ഈയൊരു മാസത്തിൽ എട്ടുതവണയിൽ കൂടുതലാണ് ഇടിവി ഭാരത് എന്നോട് സംസാരിക്കാൻ സമയമാവശ്യപ്പെട്ടു കൊണ്ട് വിളിച്ചത്. അങ്ങനെയൊരു ആത്മാർഥതയുടെ പുറത്താണ് ഈ സ്ഥാപനത്തിന്‍റെ പ്രേക്ഷകരോട് സംസാരിക്കാൻ തയാറായതും. അല്ലെങ്കിൽ പരമാവധി ഞാനെന്‍റെ ലോകത്ത് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നു. എന്നെ അറിയാത്തതുകൊണ്ടാണ് എന്‍റെ സൃഷ്‌ടികൾ മറ്റൊരാളുടേതാണെന്ന് ചിലപ്പോഴൊക്കെ ചിലർ തെറ്റിദ്ധരിക്കുന്നത്." -രഘുനാഥ് പലേരി വ്യക്തമാക്കി.
താൻ എഴുതിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളവർ തന്നെ അനുമോദിച്ച കാര്യങ്ങളും രഘുനാഥ് പലേരി വെളിപ്പെടുത്തി. മേലേപറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ ഒരു നിമിഷത്തെക്കുറിച്ച് ഓർത്തുകൊണ്ടാണ് അക്കാര്യങ്ങൾ രഘുനാഥ് പലേരി സംസാരിച്ചു തുടങ്ങുന്നത്. ചിത്രത്തിലെ ഒരു രംഗം അഭിനയിച്ചു തീർത്ത ശേഷം ജഗതി ശ്രീകുമാർ രഘുനാഥ് പലേരിയെ അഭിനന്ദിക്കുകയുണ്ടായി.
"ജഗതി ശ്രീകുമാർ വലിയ തമാശകൾ പറയുമെങ്കിലും ജീവിതത്തിൽ വളരെ ഗൗരവക്കാരൻ ആണ്. എത്ര വലിയ തമാശ രംഗങ്ങളിലാണ് അഭിനയിക്കുന്നതെങ്കിലും അദ്ദേഹം ചിരിക്കില്ല. അദ്ദേഹത്തിന്‍റെ പ്രകടനം കണ്ട് കൂടെയുള്ളവർ ചിലപ്പോൾ ചിരിച്ചു പോകും. ഈ പ്രവർത്തി അദ്ദേഹത്തെ ചൊടിപ്പിക്കുകയും ചെയ്യും. എത്ര വലിയ തമാശയാണെങ്കിലും ടേക്കിൽ ജഗതി ശ്രീകുമാർ ചിരിച്ചിട്ട് ഒന്നുകൂടി എടുക്കേണ്ടി വന്നിട്ടില്ല. അങ്ങനെയുള്ള ജഗതി ശ്രീകുമാർ മേലേപറമ്പിൽ ആൺവീട് എന്ന സിനിമയുടെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ അറിയാതെ ചിരിച്ചു പോയി. ആ രംഗം ഇതാണ്.
കുളക്കടവിൽ ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രത്തെ അമ്മയുടെ കഥാപാത്രം അടിക്കാൻ വടിയോങ്ങി നിൽക്കുകയാണ്. വെള്ളത്തിൽ ഇറങ്ങി നിന്ന് അമ്മയുടെ അടി വാങ്ങാതെ ജഗതി ശ്രീകുമാർ കരയുന്നു. അപ്പോൾ ജഗതി പറയുന്ന ഡയലോഗ് ആണ് പിൽക്കാലത്ത് ക്ലാസിക് ഡയലോഗ് ആയി മാറിയ 'എന്‍റെ ഗർഭം ഇങ്ങനെയല്ല'. ഈ ഡയലോഗ് പറഞ്ഞ് ജഗതിച്ചേട്ടൻ ചിരിച്ചു. പിന്നീട് ആ ഷോട്ട് ഒന്നുകൂടി എടുത്തു. ഷോട്ട് കഴിഞ്ഞ ശേഷം ജഗതി ശ്രീകുമാർ എന്‍റെ അടുത്ത് വന്നു. എന്‍റെ ഗർഭം ഇങ്ങനെ അല്ല, ഈ ഡയലോഗ് എവിടുന്ന് കിട്ടിയെന്ന് ചോദിച്ചു. ഒപ്പം അഭിനന്ദിക്കുകയും ചെയ്‌തു."
"അതുപോലെ സമാനമായ ഒരു സംഭവം പിറവി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചും സംഭവിച്ചിട്ടുണ്ട്. പിറവി മലയാളത്തിലെ ഒരു ക്ലാസിക് ചിത്രമാണ്. പ്രേംജിയാണ് നായകൻ. 80 വയസുണ്ട് കഥാപാത്രത്തിന്. ഈ സിനിമ അഭിനയിച്ചത് ശേഷം പ്രേംജി എന്‍റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. 1988 ലാണ് ആ സിനിമ ചിത്രീകരിക്കുന്നത്. അന്ന് 35 വയസുകാരനായ എനിക്ക് ഒരു 80 വയസുകാരന്‍റെ മനോവേദനകൾ എങ്ങനെ പേപ്പറിൽ എഴുതിവയ്ക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം ചോദിച്ചത്."
അതുപോലെ തന്നെ മോഹൻലാൽ ഇമോഷണൽ ബ്രേക് ഡൗൺ സംഭവിച്ച് തന്നെ തലയണ എടുത്ത് സ്നേഹത്തിൽ അടിച്ചതിനെക്കുറിച്ചും രഘുനാഥ് പലേരി പറയുകയുണ്ടായി.
"ഒന്നു മുതൽ പൂജ്യം വരെ എന്ന ചലച്ചിത്രം ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌തതാണ്. ആ ചിത്രത്തിലെ അവസാന 20 മിനിറ്റിലാണ് മോഹൻലാലിന്‍റെ കഥാപാത്രം കടന്നുവരുന്നത്. പക്ഷേ ആ സിനിമയിൽ ഉടനീളം മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പ്രസൻസ് ഉണ്ടാകും. ഈ സിനിമയുടെ തിരക്കഥ വായിക്കുന്ന സമയത്ത് ആദ്യം മുതൽ മോഹൻലാൽ വളരെയധികം ശ്രദ്ധയോടെയാണ് കേട്ടിരുന്നത്. ആ സിനിമയുടെ ക്ലൈമാക്‌സ് എല്ലാവർക്കും അറിയാം, വളരെയധികം സങ്കടപ്പെടുത്തുന്നതാണ് ആ കഥയുടെ അവസാനം.
ടെലഫോൺ അങ്കിൾ എന്ന കഥാപാത്രം ഇനിയില്ല എന്ന് ആ കുഞ്ഞിന്‍റെ കഥാപാത്രത്തെ അമ്മ ബോധ്യപ്പെടുത്തുന്ന ഒരു രംഗമുണ്ട്. ആ രംഗം വായിച്ചതും മോഹൻലാലിന് സങ്കടവും സന്തോഷവും ഒരുമിച്ച് വന്ന് ഒരു ഇമോഷണൽ ബ്രേക് ഡൗൺ ഉണ്ടായി. എന്ത് ചെയ്യണമെന്ന് അറിയാതെ സ്നേഹത്തിൽ അദ്ദേഹം കട്ടിലിൽ ഇരുന്ന ഒരു തലയണയെടുത്ത് എന്നെ ഒരുപാട് പ്രാവശ്യം വേദനിപ്പിക്കാതെ അടിച്ചു. ഈ സംഭവം ഒരു പക്ഷേ മോഹൻലാൽ മറന്നു പോയിട്ടുണ്ടാകാം. ഇതുപോലുള്ള നിമിഷങ്ങൾ എന്നിലെ സംവിധായകനും എഴുത്തുകാരനും ഒരുപാട് ഊർജം നൽകിയിട്ടുണ്ട്."
ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം ഡൊമിനിക്കിലും ഒരു ചെറിയ വേഷം രഘുനാഥ് പലേരി കൈകാര്യം ചെയ്‌തിട്ടുണ്ട്. "മമ്മൂട്ടി എന്ന വ്യക്തി മലയാളത്തിലെ ഒരു വിഖ്യാത നടനാക്കുന്നതിനു മുൻപ് പരിചയപ്പെട്ട ആളാണ് ഞാൻ. വലിയ നടനായി, അദ്ദേഹത്തിന് പ്രായമായി. പക്ഷേ സ്വഭാവത്തിലും രൂപത്തിലും അദ്ദേഹത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല." ഇതാണ് തന്നെ സംബന്ധിച്ചിടത്തോളം മമ്മൂട്ടിയെ വ്യത്യസ്‌തനാക്കുന്നത് എന്നും രഘുനാഥ് പലേരി പറയുകയുണ്ടായി.