അതിരുകളില്ലാതെ പ്രണയിക്കുവാനും പ്രണയം പങ്കിടാനും ഒരു ദിനം. പ്രണയിക്കുന്നവര്‍ തങ്ങളുടെ പ്രണയത്തെ ദൃഢമാക്കുന്നതിന് പരസ്‌പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും ആഘോഷിക്കുന്ന ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്‌ടം അറിയിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയ ദിനമായി ആചരിക്കുന്നു.
പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്‍റൈൻസ് ഡേ. ഒരാഴ്‌ച നീളുന്ന ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയാണുള്ളത്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്.
വാലന്‍റൈൻസ് വീക്ക്: ലോകമെമ്പാടുമുള്ള ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാസമാണ് ഫെബ്രുവരി. എല്ലാ വർഷവും ഫെബ്രുവരി 7ന് ആരംഭിച്ച് 14 വരെ നീണ്ട് നിൽക്കുന്ന ഒന്നാണ് വാലന്‍റൈൻസ് വീക്ക്. തന്‍റെ പ്രിയപ്പെട്ടവരോടുള്ള പ്രണയവും കരുതലുമെല്ലാം പ്രകടിപ്പിക്കുന്നതിനാണ് വാലന്‍റൈൻസ് വീക്ക് ആഘോഷിക്കുന്നത്.
വാലന്‍റൈൻസ് വീക്ക് കലണ്ടർ 2025:
- റോസ് ഡേ - ഫെബ്രുവരി 7 വെള്ളി
- പ്രൊപ്പോസ് ഡേ - ഫെബ്രുവരി 8 ശനി
- ചോക്ലേറ്റ് ഡേ - ഫെബ്രുവരി 9 ഞായർ
- ടെഡി ഡേ - ഫെബ്രുവരി 10 തിങ്കൾ
- പ്രോമിസ് ഡേ - ഫെബ്രുവരി 11 ചൊവ്വ
- ഹഗ് ഡേ - ഫെബ്രുവരി 12 ബുധൻ
- കിസ്സ് ഡേ - ഫെബ്രുവരി 13 വ്യാഴം
- വാലന്‍റൈൻസ് ഡേ - ഫെബ്രുവരി 14 വെള്ളി
റോസ് ഡേ: ഫെബ്രുവരി 7നാണ് റോസ് ദിനം ആഘോഷിക്കുന്നത്. പ്രണയത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്ന റോസാപ്പൂക്കൾ പരസ്‌പരം കൈമാറിക്കൊണ്ടാണ് വാലന്‍റൈൻസ് വീക്ക് ആരംഭിക്കുന്നത്. ഈ ദിവസം ആളുകൾ പരസ്‌പരം വ്യത്യസ്‌ത നിറങ്ങളിലുള്ള റോസാപ്പൂക്കൾ നൽകുന്നു. പ്രണയത്തിന് ചുവന്ന റോസാപ്പൂക്കൾ, സൗഹൃദത്തിന് മഞ്ഞ, ആരാധനയ്ക്ക് പിങ്ക് എന്നിങ്ങനെ ഓരോ നിറവും വ്യത്യസ്‌ത വികാരങ്ങളുടെ പ്രതീകമാണ്.
പ്രൊപ്പോസ് ഡേ: ഫെബ്രുവരി 8നാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. പ്രണയവികാരങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണിത്. പ്രണയ സന്ദേശങ്ങൾ നൽകി ഈ ദിനം നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരെ പ്രൊപ്പോസ് ചെയ്യാം.
ചോക്ലേറ്റ് ഡേ: ഫെബ്രുവരി 9നാണ് ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്‍റെ അല്ലെങ്കില്‍ പ്രണയത്തിന്‍റെ മധുരം പകരാന്‍ ഏറ്റവും മനോഹരമായ മാര്‍ഗമെന്ന നിലയ്ക്കാണ് വാലന്‍റൈൻസ് വീക്കിന്‍റെ ഭാഗമായി ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്. പ്രണയികള്‍ക്ക് പരസ്‌പരം പ്രണയം തുറന്ന് പറയുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള ഉപാധിയെന്ന നിലയില്‍ ഈ ദിവസം ചോക്ലേറ്റ് കൈമാറാം.
ടെഡി ദിനം: വാലന്‍റൈൻസ് വീക്കിന്‍റെ നാലാമത്തെ ദിവസമായ ഫെബ്രുവരി 10നാണ് ലോകമെമ്പാടും ടെഡി ഡേ ആഘോഷിച്ച് വരുന്നത്. ഈ ദിവസത്തിൽ പ്രണയമുള്ള എല്ലാവരും തന്നെ തങ്ങളുടെ പ്രണയിനിക്കായി ടെഡി ബിയർ സമ്മാനിക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ പ്രണയത്തിന്‍റെ തീവ്രത പ്രകടിപ്പിക്കാനായി പങ്കാളിക്ക് ഇഷ്‌ടമുള്ള പാവകൾ വാങ്ങി നൽകുന്നത് മികച്ച മാർഗമാണ്.
പ്രോമിസ് ഡേ: ഫെബ്രുവരി 11നാണ് പ്രോമിസ് ഡേ ആഘോഷിക്കുന്നത്. എപ്പോഴും ഒരുമിച്ച് ഉണ്ടാകുമെന്ന് പ്രണയിക്കുന്നവർ പരസ്‌പരം വാക്ക് കൊടുക്കുന്ന ദിനമാണിത്. എല്ലാ പ്രണയവും തുടങ്ങുന്നത് ഒരു ഉറപ്പിലാണ്. രണ്ട് മനസുകൾ തമ്മിലുള്ള ഉറപ്പ്. ഒരിക്കലും പിരിയില്ലെന്നും വഞ്ചിക്കില്ലെന്നും പരസ്‌പരം മനസ് കൊണ്ട് പറഞ്ഞുറപ്പിക്കുന്ന ഉറപ്പ്. ഈ ഉറപ്പ് ബന്ധങ്ങളെ ശക്തിപ്പെടുത്തും
ഹഗ് ഡേ: വാലന്‍റൈൻസ് വീക്കിലെ ഏറെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഹഗ് ഡേ. ഫെബ്രുവരി 12നാണ് ഹഗ് ഡേ ആയി ആഘോഷിക്കുന്നത്. പങ്കാളിയോടുള്ള തങ്ങളുടെ സ്‌നേഹവും വികാരങ്ങളും പ്രകടിപ്പിക്കാനുള്ള ദിവസമായാണ് ഹഗ് ഡേ കരുതപ്പെടുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് ആലിംഗനത്തിലൂടെ പ്രകടിപ്പിക്കാനുള്ള അവസരമാണിത്.
കിസ്സ് ഡേ: വാലന്‍റൈൻസ് ഡേയുടെ തൊട്ട് മുമ്പത്തെ ദിവസമാണ് കിസ്സ് ഡേ. ഫെബ്രുവരി 13നാണ് ലോകമാകെ കിസ്സ് ഡേ ആയി ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർക്ക് പരസ്‌പരം ഉള്ളറിഞ്ഞ് കൈമാറാനാവുന്ന വിലകൂടിയ സമ്മാനം തന്നെയാണ് ചുംബനങ്ങൾ. സമ്മാനങ്ങളും പൂക്കളും പ്രോമിസുകളും നൽകി പ്രണയം പങ്കുവച്ചവർക്ക് ചുംബനം നൽകി അതിനെ കൂടുതൽ മനോഹരമാക്കാം.
വാലന്‍റൈൻസ് ഡേ: ഫെബ്രുവരി 14നാണ് ലോകത്തിന്‍റെ വിവിധയിടങ്ങളിൽ വാലന്‍റൈൻസ് ഡേ ആഘോഷിക്കുന്നത്. പരസ്‌പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലന്‍റൈൻസ് ദിനം. സമ്മാനങ്ങളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്ന ദിനമാണ് വാലന്‍റൈൻസ് ഡേ.
വാലന്‍റൈൻസ് ദിനസന്ദേശങ്ങൾ:
- എനിക്ക് നിന്നെ ഇഷ്‌ടമാണ്,.... കാരണമൊന്നുമില്ല. വഴിയില്‍ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതില്ല.. ഒന്നും ചെയ്യില്ല.. ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ, വെറുതെ, എനിക്ക് നിന്നെ ഇഷ്‌ടമാണ് -എം ടി, മഞ്ഞ്
- വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതി കാലത്തെഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്‌തുവോ എന്ന് നോക്കാം.' അവിടെ വച്ച് ഞാന്‍ നിനക്കെന്‍റെ പ്രേമം തരും.. -നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, പത്മരാജൻ
- വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല... നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക, ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക -പത്മരാജൻ
- സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക, തിരിച്ചു വന്നാല്‍ അത് നിങ്ങളുടേതാണ്, അല്ലെങ്കില്‍ അത് വേറെയാരുടേതോ ആണ് -മാധവിക്കുട്ടി
- കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം, തെറ്റിദ്ധരിക്കരുതെങ്കിലും നീ... നിന്നിലുപരിയായില്ലയെന്നും, മണ്ണിലെനിക്കെന്‍റെ ജീവിതത്തില്‍ - ചങ്ങമ്പുഴ (രമണൻ)
- നീ എന്‍റെ അരികിലായിരിക്കുമ്പോൾ ജീവിതം മികച്ചതാകുന്നു.
- നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ പ്രണയത്തിലാണ്. ആ പ്രണയം ആശംസിക്കാം ഒരു പ്രത്യേക ദിവസമൊന്നും വേണ്ടെങ്കിലും ഇതൊരു മനോഹരമായ ദിവസമാണ്, നിന്നോടുള്ള എന്‍റെ പ്രണയം ഒരിക്കൽക്കൂടി ആശംസിക്കട്ടേ...
- രണ്ട് ശരീരങ്ങളിലെ ഒരൊറ്റ ആത്മാവാണ് പ്രണയം. - അരിസ്റ്റോട്ടിൽ
- നിന്നിൽ നിന്നും തുടങ്ങുന്ന യാത്ര അതാണ് എനിക്ക് പ്രണയം.
- എന്നും എന്നും എന്നോട് ചേർന്ന് നീ നിൽക്കുമെങ്കിൽ നരകളില്ലാതെ, പ്രായമാകാതെ നിന്‍റെ പ്രണയത്തിൽ ഞാൻ ജീവിക്കും.
- പ്രണയത്തിന് പ്രായമില്ല, പരിധിയില്ല; മരണവുമില്ല. - ജോൺ ഗാൽസ്‌വർത്തി
- ലോകത്തെ മുഴുവൻ നയിക്കുന്നത് സ്നേഹമല്ല. പക്ഷേ, സ്നേഹമാണ് ആ യാത്രയെ മൂല്യവത്താക്കുന്നത്. - ഫ്രാങ്ക്ലിൻ പി. ജോൺസ്
- യഥാർത്ഥ പ്രണയത്തിന് ഒരിക്കലും ഒരു അവസാനമില്ല. - റിച്ചാർഡ് ബാച്ച്