കൊല്ലം: ചെമ്പതാകകൾ പുതച്ച പാതയോരങ്ങൾ കടന്ന് ഹരിതാഭയാർന്ന തേയിലത്തോട്ടത്തിന് മുന്നിൽ തൊഴിലാളികൾ കാത്തുനിന്നു, സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ മത്സരത്തിൽ പങ്കെടുക്കാൻ. ജില്ലയിലെ ഏക തേയിലത്തോട്ടമായ അമ്പനാട് എസ്‌റ്റേറ്റ് ഉൾപ്പെട്ട അരണ്ടൽ വാർഡിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.
സമയം രാവിലെ 9 മണി. ഉദ്ഘാടനം കഴിഞ്ഞ് തൊഴിലാളികൾ തോട്ടത്തിലേക്ക് കയറി. 10 മിനിറ്റ് കൊണ്ട് ഏറ്റവും കൂടുതൽ കൊളുന്ത് നുള്ളുകയായിരുന്നു അവർക്ക് നൽകിയ ലക്ഷ്യം. സംഘഗാനം പോലെ ഷിയർ മെഷീൻ്റെ താളം മുഴങ്ങി. 10 മിനിറ്റ് കൊണ്ട് പരമാവധി കൊളുന്ത് നുള്ളി തൊഴിലാളികൾ താഴേക്ക്.
സംസ്ഥാന സമ്മേളന സംഘാടക സമിതി ജനറൽ കൺവീനറും സിപിഎം ജില്ലാ സെക്രട്ടറിയുമായ എസ് സുദേവൻ മത്സരം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, പി സജി, എസ് ബിജു, എം എ രാജഗോപാൽ, എ ആർ കുഞ്ഞുമോൻ, വി എസ് മണി, പി രാജു എന്നിവർ സംബന്ധിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്രോണി (6 കിലോഗ്രാം) ഒന്നാം സ്ഥാനവും ജപമണി, ഗിരിജ (5 കിലോഗ്രാം) എന്നിവർ രണ്ടാം സ്ഥാനവും രാമലക്ഷ്‌മി (4.5 കിലോഗ്രാം) മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനത്തുകയും മത്സരത്തിൽ പങ്കെടുത്ത മറ്റെല്ലാ തൊഴിലാളികൾക്കുമുള്ള ക്യാഷ് അവാർഡുകളും സംഘാടക സമിതി ജനറൽ കൺവീനർ എസ് സുദേവൻ വിതരണം ചെയ്‌തു.