ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ഐക്കോണിക് കണ്ണടയുടെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ട്രെയിലർ. ഗാന്ധിയുടെ പ്രിയ ഭക്തിഗാനത്തിന്‍റെ പശ്ചാത്തലത്തിൽ നായകന്‍റെ രൂപം പതിയെ തെളിയുന്നു. ഒരു റാപ്പ് ഗാനത്തിന്‍റെ അകമ്പടിയോടെ നായകന്‍റെ മുഖം സ്ക്രീനില്‍. നായകന്‍ പക്ഷെ ഗാന്ധിയല്ല, ഗാന്ധിയന്‍ ആശയങ്ങളുടെ എതിര്‍ ചേരിയിലെന്ന് ചരിത്രം അടയാളപ്പെടുത്തിയ വിനായക് ദാമോദർ സവർക്കര്‍. ഇന്ത്യയിലെ ഹിന്ദു ദേശീയതയുടെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്ന വ്യക്തി. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഹിന്ദു ദേശീയവാദിയായിരുന്ന സവര്‍ക്കറിനെ മഹത്വവത്ക്കരിച്ചു കൊണ്ട് നിര്‍മിച്ച ജീവചരിത്ര സിനിമ 'സ്വതന്ത്ര വീർ സവർക്കർ' തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ, ഇന്ന് തിയേറ്ററുകളിലെത്തി.
മോദിയുടെയും ബിജെപി സര്‍ക്കാരിന്‍റെയും രാഷ്‌ട്രീയ അജണ്ട പ്രചരിപ്പിക്കുന്നതും എതിര്‍ ശബ്‌ദങ്ങളെ വിമർശിക്കുന്നതുമായ നിരവധി ധ്രുവീകരണ സിനിമകള്‍ ഇതിനോടകം തന്നെ ബോളിവുഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലത് റിലാസാവുകയും ചെയ്‌തു. അക്കൂട്ടത്തിലേക്കാണ് സ്വതന്ത്ര വീർ സവർക്കറും എത്തിയിരിക്കുന്നത്. മതേതര രാജ്യമായ ഇന്ത്യയെ ഒരു ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരം ഉറപ്പിക്കാൻ ഉപയോഗിക്കുന്നതും സവർക്കറുടെ ഇതേ പ്രത്യയശാസ്‌ത്രമാണ് എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
ഹിന്ദു ദേശീയതയുടെ പ്രചാരണ ഉപകരണമായി സിനിമ മാധ്യമത്തെ ഉപയോഗിക്കുന്നത് മൂലം രാജ്യത്ത് രാഷ്‌ട്രീയ-സാമുദായിക ചേരി തിരിവ് രൂക്ഷമായി വളര്‍ന്നിട്ടുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ കെല്‍പ്പുള്ള ഇത്തരം സിനിമകള്‍ ഇപ്പോൾ വന്‍ സ്വീകാര്യത നേടുന്നു എന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് ചലച്ചിത്ര നിരൂപകനും ബോളിവുഡ് തിരക്കഥാകൃത്തുമായ രാജ സെൻ പറയുന്നു.
മതപരവും ജാതീയവും രാഷ്‌ട്രീയവുമായി ഭിന്നിച്ചു കിടന്നിരുന്ന ഇന്ത്യയെ ഒരു നൂറ്റാണ്ടിലേറെ കാലമായി ബോളിവുഡ് ഏകീകരിച്ച് നിര്‍ത്തിയിരുന്നു. സിനിമ നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും വിജയം നിര്‍ണയിക്കുന്നതിൽ മതം സ്വാധീനം ചെലുത്താത്ത അപൂർവം ചില വ്യവസായത്തിലൊന്നായിരുന്നു ഇത്. രാഷ്‌ട്രീയ വൈവിധ്യത്തിനും മതസൗഹാർദത്തിനും വേണ്ടി ബോളിവുഡ് സിനിമകൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ ആ സംസ്‌കാരം ഇന്ന് ഭീഷണി നേരിടുകയാണ്.
മോദിയുടെ ഹിന്ദു ദേശീയ സർക്കാരിന്‍റെ കാലത്ത് മുന്‍കാല ഹിന്ദു രാജാക്കന്മാരുടെ ധീരതയെ പുകഴ്ത്തി നിരവധി സിനിമകൾ ബോളിവുഡില്‍ വരുന്നു. പ്രക്ഷുബ്‌ദരായ ഇന്ത്യൻ ആർമിയുടെ ആക്ഷൻ പായ്ക്ക്ഡ് സിനിമകൾ ബോക്‌സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുന്നു. ഹിന്ദു ദേശീയവാദികളെ വാഴ്ത്തുന്ന രാഷ്‌ട്രീയ നാടകങ്ങളും ബയോ പിക്കുകളും സാധാരണമാകുന്നു എന്നതാണ് വസ്‌തുത.
ഈ സിനിമകളിൽ ഭൂരിഭാഗവും എതിരാളികളായി എത്തുന്നത് മധ്യകാല മുസ്‌ലിം ഭരണാധികാരികൾ, ഇടതുപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ നേതാക്കൾ, സ്വതന്ത്ര ചിന്തകർ മനുഷ്യാവകാശ പ്രവർത്തകർ അതുമല്ലെങ്കില്‍ പാകിസ്ഥാന്‍ ആണെന്നതാണ് അപകടകരമായ മറ്റൊരു വസ്‌തുത. ഇന്ത്യയുടെ മുഖ്യ എതിരാളികളായി ഇവരെയൊക്കെ പ്രതിഷ്‌ഠിക്കും വിധത്തിലാണ് ചിത്രങ്ങളുടെ ആഖ്യാനം. ഹിന്ദു രാഷ്‌ട്രമെന്ന ആശയത്തിന് വേണ്ടി നിതാന്തം പരിശ്രമിച്ച സർവർക്കറുടെ ജീവചരിത്രത്തിലും ഇതേ ആശയമാണ് പ്രതിധ്വനിക്കുന്നത്.
2002-ൽ ഗുജറാത്തില്‍ നടന്ന ഗോധ്ര തീവെപ്പിന്‍റെ ഗൂഢാലോചന വെളിപ്പെടുത്തുന്നു എന്നവകാശപ്പെടുന്ന രണ്ട് ചിത്രങ്ങള്‍ ബോളിവുഡില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടായ മുസ്‌ലിം വിരുദ്ധ കലാപങ്ങളിലൊന്നാണ് ഗോധ്ര സംഭവത്തിന് പിന്നാലെയുണ്ടായ ഗുജറാത്ത് കലാപം. ആയിരത്തിലധികം മനുഷ്യര്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടമായത്. കൊല്ലപ്പെട്ടവരില്‍ അധികവും മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ രാഷ്‌ട്രീയ ജീവിതം തന്നെ മാറ്റി മറിച്ച സംഭവമാണ് ഗുജറാത്ത് കലാപം.
ന്യൂഡൽഹിയിലെ ഒരു സർവ്വകലാശാലയിലെ 'ദേശവിരുദ്ധ അജണ്ട' തുറന്നുകാട്ടുന്നു എന്നവകാശപ്പെടുന്ന മറ്റൊരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിജെപിയുടെയും ഹിന്ദു ദേശീയവാദികളുടെയും സ്ഥിരം നോട്ടപ്പുള്ളിയായ, രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായ ജവഹർലാൽ നെഹ്‌റു സർവകലാശാലയെ ലക്ഷ്യമിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
സമാന പ്രമേയങ്ങളുള്ള പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയങ്ങളായിട്ടുണ്ട്. കാശ്‌മീരിന്‍റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്ത് കളഞ്ഞ സർക്കാര്‍ തീരുമാനത്തെ ആഘോഷിക്കുന്ന ആർട്ടിക്കിൾ 370 എന്ന സിനിമയെ ഫെബ്രുവരിയിൽ മോദി തന്നെ പ്രശംസിച്ചിരുന്നു. ചില ചലച്ചിത്ര നിരൂപകർ ഈ സിനിമയെ വസ്‌തുതാവിരുദ്ധമെന്നും പ്രൊപ്പഗാണ്ട ചിത്രമെന്നും വിളിക്കുന്നു എന്നാണ് മോദി പറഞ്ഞത്.
2023-ല്‍ ഏറ്റവും കൂടുതൽ വരുമാനം നേടിയതില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന ഹിന്ദി ചിത്രമാണ് ദി കേരള സ്‌റ്റോറി. ഇസ്‌ലാമിക് സ്‌റ്റേറ്റിൽ ചേരാൻ പ്രലോഭിപ്പിക്കപ്പെടുന്ന തെക്കൻ കേരളത്തിൽ നിന്നുള്ള ക്രിസ്‌ത്യൻ, ഹിന്ദു പെൺകുട്ടികളെ ചിത്രീകരിക്കുന്നതിലെ അപാകതകൾ കാരണം പരക്കെ വിമര്‍ശിക്കപ്പെട്ട ചിത്രമാണിത്. ചിത്രം ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി രണ്ട് സംസ്ഥാനങ്ങളിൽ ചിത്രം നിരോധിച്ചിരുന്നു. അതേസമയം, ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ സിനിമയ്‌ക്കുള്ള ടിക്കറ്റിന്‍റെ നികുതി ഒഴിവാക്കുകയും വന്‍ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. സംസ്ഥാന തെരഞ്ഞെടുപ്പ് റാലിക്കിടെ, ചിത്രം കാണുന്നതിന് മോദി തന്നെ ആഹ്വാനം നൽകിയിരുന്നു. മതമൗലികവാദവും ഭീകരവാദവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒരു മനുഷ്യ കഥയിലൂടെ സിനിമ തുറന്നുകാട്ടിയതാണെന്നും എന്നാല്‍ മുസ്‌ലിങ്ങളെ അവഹേളിച്ചിട്ടില്ലെന്നുമാണ് ചിത്രത്തിന്‍റെ സംവിധായകൻ സുദീപ്തോ സെൻ വിശദീകരിച്ചത്.
ഇന്ത്യൻ കാടുകളിലെ മാവോയിസ്‌റ്റ് കലാപത്തെ ആസ്‌പദമാക്കിയുള്ള സുദീപ്‌തോ സെന്നിന്‍റെ മറ്റൊരു ചിത്രം മാർച്ച് 15-ന് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ പ്രധാന വില്ലന്മാർ മനുഷ്യാവകാശ പ്രവർത്തകരും ഇടത് ബുദ്ധിജീവികളുമായിരുന്നു. സിനിമ കണ്ട ശേഷം ഒരു നിരുപകന്‍ ചിത്രത്തെ വിശേഷിപ്പിച്ചത് 'കമ്മ്യൂണിസത്തിനെതിരായ രണ്ട് മണിക്കൂർ അധിക്ഷേപം' എന്നാണ്. അത്തരം സിനിമകൾ ഇന്ത്യയിലെ വലതുപക്ഷം കൈയടിയോടെ സ്വീകരിച്ചപ്പോള്‍, മറ്റ് ബോളിവുഡ് സിനിമകൾ ഈ ദേശീയവാദികളുടെ നിരന്തര ആക്രമണങ്ങള്‍ക്കും വിധേയമായി.
ഹിന്ദുമതത്തെ അപമാനിക്കുന്നതായി കരുതപ്പെടുന്ന സര്‍വ്വ സിനിമകളുടെയും റിലീസ് തടയുമെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ നിരന്തരം ഭീഷണി മുഴക്കുന്നുണ്ട്. ഇത്തരം സിനിമകൾ ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയിൽ വ്യാപക ആഹ്വാനവും നടക്കുന്നുണ്ട്. തങ്ങൾ സ്വയം സെൻസർഷിപ്പിന് വിധേയരാവുകയാണ് എന്നാണ് ഈ രാഷ്‌ട്രീയ പരിത സ്ഥിതിയിൽ കുടുങ്ങിക്കിടക്കുന്ന ചലച്ചിത്ര പ്രവർത്തകർ പറയുന്നത്. 'എന്നെപ്പോലുള്ള ആളുകൾക്ക് അധികാരം നഷ്‌ടപ്പെട്ടതായി തോന്നുന്നു'- എന്നാണ് ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് ഒനിർ പറഞ്ഞത്.
LGBTQ+ വിഭാഗത്തിന്‍റെ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്ന, പരക്കെ പ്രശംസ നേടിയ സിനിമകൾ ഒനിർ നിർമ്മിച്ചിട്ടുണ്ട്. 2022-ൽ, ഒരു മുൻ ഇന്ത്യൻ സൈനിക മേജറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സിനിമ നിർമ്മിക്കാൻ ഒനിർ തീരുമാനിച്ചു. പൂര്‍ണ സ്വാതന്ത്ര്യമോ പാകിസ്ഥാനുമായുള്ള ലയനമോ ആഗ്രഹിക്കുന്ന, പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണത്തിനെതിരെ പോരാടുന്ന കശ്‌മീരിലെ സായുധ വിമതരുടെ കഥയായിരുന്നു പ്രമേയം. എന്നാല്‍ ഇന്ത്യൻ സൈന്യത്തിന്‍റെ പ്രതിച്‌ഛായയെ വികലമാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ തിരക്കഥ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നിരസിക്കുകയായിരുന്നു.
“ഇപ്പോൾ റിലീസ് ചെയ്യുന്ന സിനിമകൾ നോക്കൂ. സർക്കാരിന്‍റെ ആഖ്യാനത്തിന് വിരുദ്ധമായ എല്ലാ സിനിമയെയും ദേശവിരുദ്ധമെന്ന് വിളിക്കുന്നു. ഇതില്‍ ഒരു ന്യായവുമില്ല. സത്യത്തിൽ ഭയത്തിന്‍റെ അന്തരീക്ഷം ഇവിടമാകെ മൂടിയിരിക്കുകയാണ്" -ഒനിർ പറഞ്ഞു. സമീപകാല റിലീസുകളിൽ ഭൂരിഭാഗവും ധ്രുവീകരണ സിനിമകളാണെന്ന് ഒനിർ അഭിപ്രായപ്പെട്ടു. അതേസമയം ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനത്തിൽ കേന്ദ്രീകരിക്കുന്ന സിനിമകൾ തടസങ്ങൾ നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന സിനിമകളുടെ വർദ്ധനവ് സിനിമാ പ്രവർത്തകർക്കിടയിലെ അവസരവാദത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ചില കോണുകളില്‍ നിന്നുള്ള വിമര്‍ശനമുണ്ട്. "ഇതാണ് വിജയത്തിലേക്കുള്ള വഴി എന്ന ധാരണ ബോളിവുഡിലേക്കും വ്യാപിച്ചിരിക്കുന്നു"- തിരക്കഥാകൃത്തും നിരൂപകനുമായ രാജ സെൻ പറഞ്ഞു. ഇത്തരം സിനിമകൾ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കാരണം ഇവയ്ക്ക് നല്ല ബിസിനസ് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്ട്‌സ്ആപ്പ് ഫോർവേഡുകള്‍ സിനിമാറ്റിക് തത്തുല്യമായി വർത്തിക്കുന്നുണ്ടെങ്കിലും - ഇത് സോഷ്യൽ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ബലം നല്‍കുന്ന ഒരു സിനിമാറ്റിക് റഫറന്‍സ് ആയി ഇവ മാറുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിനിമകളില്‍ ഒരു കലാപരമായ കലാപം ആവശ്യമാണെന്നും നമുക്ക് അത് കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും രാജാ സെൻ പറഞ്ഞു.