ഹൈദരാബാദ്:ആന്ധ്ര പ്രദേശിലെ തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ കാര്‍ത്തി. കാര്‍ത്തിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ രൂക്ഷ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ത്തി പ്രതികരണവുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം കാര്‍ത്തി ഹൈദരാബാദില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അവതാരിക കുറേ മീമുകള്‍ കാണിച്ച് അതേ കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടു. അതില്‍ ഒരെണ്ണം ലഡുവിന്‍റേതായിരുന്നു. ലഡുവിനെ കുറിച്ച് നമുക്ക് ഇപ്പോള്‍ സംസാരിക്കേണ്ടെന്നും ലഡു ഇപ്പോള്‍ ഒരു വിവാദ വിഷയമാണെന്നുമാണ് ഇതിനോട് കാര്‍ത്തി പ്രതികരിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാല്‍ ചൊവ്വാഴ്‌ച വിജയവാഡയില്‍ സംസാരിക്കവേ കാര്‍ത്തിയുടെ പരാമര്‍ശത്തില്‍ പവന്‍ കല്യാണ്‍ അതൃപ്‌തി പ്രകടിപ്പിച്ചു. സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ തിരുപ്പതി വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നുകില്‍ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നായിരുന്നു ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. പൊതുവേദികളില്‍ ഇതേ കുറിച്ച് പറയുന്നതില്‍ വിട്ടുനില്‍ക്കണമെന്നും പവന്‍ കല്യാണ്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തന്‍റെ പ്രതികരണത്തില്‍ മാപ്പുമായി കാര്‍ത്തി രംഗത്ത് എത്തിയത്. ഉദ്ദേശിക്കാത്ത തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്‍റെ ഒരു എളിയ ഭക്തന്‍ എന്ന നിലയില്‍ താന്‍ എപ്പോഴും പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നുവെന്നും കാര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Also Read:പരുത്തിവീരന് ശേഷം കാര്‍ത്തിയെ വീട്ടിലെത്തി കെട്ടിപ്പിടിക്കുന്നത് ഈ സിനിമ കണ്ടപ്പോഴാണ്: സൂര്യ