തെലുങ്ക് സിനിമ മേഖലയിലെ വന്‍കിട നിര്‍മ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്‌ഡ്. പുഷ്‌പ 2 നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഉടമ നവീൻ യെർനേനി, യലമഞ്ചിലി രവിശങ്കർ, ഗെയിം ചേഞ്ചർ നിർമ്മാതാവ് ദിൽ രാജു എന്നിവരുടെ ഓഫീസിലും വസതിയിലുമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്.
പുഷ്‌പ 2, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകളിലെ കളക്ഷനും പണമിടപാടുകളും കണക്കിലെടുത്ത് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്. നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട് എട്ടിലധികം സ്ഥലങ്ങൾ പരിശോധിക്കുന്നതിനായി 55ലധികം ടീമുകൾ രൂപീകരിച്ച് വിപുലമായ തിരച്ചിൽ നടത്തുകയാണ്.
ദിൽ രാജു, നവീൻ യെർനേനി, രവിശങ്കർ എന്നിവരുടെയും അവരുടെ ബന്ധുക്കളുടെയും ജൂബിലി ഹിൽസ്, ബഞ്ചാര ഹിൽസ് എന്നിവിടങ്ങളിലുള്ള പ്രോപ്പര്‍ട്ടികളിലും റെയ്‌ഡ് നടത്തി. സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്‌തതോടെ, ദിൽ രാജുവിന്‍റെ സഹോദരൻ ഷിരിഷ്, മകൾ ഹൻഷിത റെഡ്ഡി, മറ്റ് ബന്ധുക്കൾ എന്നിവരും നിരീക്ഷണത്തിലാണ്.
സിനിമാ ബിസിനസ്സ് മാത്രമല്ല, റിയൽ എസ്‌റ്റേറ്റിലും പങ്കാളിയാണ് രാജു. അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാ ഇടപാടുകളും അധികൃതർ പരിശോധിച്ച് വരുന്നു. നവീൻ യെർനേനിയും യലമഞ്ചിലി രവിശങ്കറും നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്‌സിനെ കുറിച്ച് പറയുകയാണെങ്കിൽ, അല്ലു അർജുൻ നായകനായ പുഷ്‌പ 2: ദി റൂൾ എന്ന ചിത്രത്തിലൂടെ 2025 ലെ ഏറ്റവും വലിയ ഹിറ്റ് നേടിയ പ്രൊഡക്ഷൻ ബാനറാണ് മൈത്രി മൂവി മേക്കേഴ്‌സ്.
400 മുതൽ 500 കോടി രൂപയാണ് സിനിമയുടെ മുതല്‍മുടക്ക്. ആഗോളതലത്തില്‍ 1,800 കോടിയിലധികം രൂപയാണ് ചിത്രം കളക്‌ട് ചെയ്‌തത്. എന്നാല്‍ റിപ്പോർട്ടുകൾ പ്രകാരം, സിനിമ നേടിയ വരുമാനത്തിലും അടച്ച ആദായ നികുതിയിലും അസന്തുലിതാവസ്ഥ പ്രകടമായിരുന്നു. ഇത് അന്വേഷണത്തിലേയ്‌ക്ക് നയിക്കുകയായിരുന്നു.