ന്യൂഡൽഹി: 2025-2026 കേന്ദ്ര ബജറ്റിൽ കായിക താരങ്ങൾക്കായുള്ള ഖേലോ ഇന്ത്യ പദ്ധതിക്കായി 1000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. താഴെ തട്ടിൽ നിന്നുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1000 കോടി അനുവദിച്ചത്. 2024-25 ലെ 800 കോടി രൂപയുടെ ഗ്രാന്‍റിനേക്കാൾ 200 കോടി കൂടുതലാണിത്.
കായിക താരങ്ങൾക്കായി 351.98 കോടി രൂപ അധികം നീക്കിവച്ചതായും നിർമല സീതാരാമൻ പറഞ്ഞു. യുവജനകാര്യ, കായിക മന്ത്രാലയത്തിന് 3,794.30 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. ഇത് കായിക അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും യുവജന കേന്ദ്രീകൃത വികസന സംരംഭങ്ങൾ വികസിപ്പിക്കുകയും വരുംതലമുറയിലെ കായികതാരങ്ങളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് കായികമന്ത്രി മൻസുഖ് മാണ്ഡവ്യ എക്‌സിൽ കുറിച്ചു.
ഒളിമ്പിക്‌സ്, കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ പ്രധാന കായികമേളകളൊന്നും അടുത്ത ഒരു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്നില്ല എന്നതിനാലാണ് ഈ വർധനവ് ഗണ്യമായതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കായിക ഫെഡറേഷനുകൾക്കുള്ള സഹായത്തിനായുള്ള തുക 340 കോടിയിൽ നിന്ന് 400 കോടി രൂപയായി വർധിപ്പിച്ചു.
അതേസമയം 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമവുമായി ഇന്ത്യ ഇപ്പോൾ മുന്നോട്ട് പോകുകയാണ്, ഇതിനായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്. ദേശീയ ക്യാമ്പുകൾ നടത്തുന്നതിനും അത്‌ലറ്റുകളുടെ പരിശീലനത്തിനുള്ള ലോജിസ്‌റ്റിക്കൽ ക്രമീകരണങ്ങൾക്കുമുള്ള നോഡൽ ബോഡിയായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) വിഹിതം 815 കോടി രൂപയിൽ നിന്ന് 830 കോടിയായി ഉയർത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാഷണൽ ഡോപ്പ് ടെസ്‌റ്റിങ് ലബോറട്ടറിക്കും സമാനമായ വർധനവ് പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ അവർക്ക് 23 കോടി രൂപ ലഭിക്കും. 2024-25 ൽ ഇതിന് 18.70 കോടി രൂപ അനുവദിച്ചിരുന്നു. നാഷണൽ ആന്‍റി-ഡോപ്പിങ് ഏജൻസിയുടെ ബജറ്റ് 20.30 കോടി രൂപയിൽ നിന്ന് 24.30 കോടിയായി ഉയർത്തി.
1998ൽ സ്ഥാപിതമായ ദേശീയ കായിക വികസന നിധിയിലേക്കുള്ള സംഭാവന തുടർച്ചയായ രണ്ടാം വർഷവും 18 കോടി രൂപയായി തുടരും. അതേസമയം, കായികതാരങ്ങൾക്കുള്ള പ്രോത്സാഹന ഗ്രാന്‍റ് ഈ വർഷം 42.65 കോടി രൂപയിൽ നിന്ന് 37 കോടി രൂപയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ബഹുമുഖ സ്ഥാപനങ്ങൾക്കും യുവജന വിനിമയ പരിപാടികൾക്കുമുള്ള സംഭാവന 11.70 കോടി രൂപയിൽ നിന്ന് 55 കോടി രൂപയായി ഉയർത്തി.
ജമ്മു കശ്‌മീരിലെ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 20 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു, മുൻ വർഷത്തേക്കാൾ 14 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബജറ്റിൽ വർധിപ്പിച്ച തുകയുടെ വലിയൊരു ഭാഗം നാഷണൽ സർവീസ് സ്‌കീമിലേക്ക് പോകും.