ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ വൺപ്ലസിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണുകളായ വൺപ്ലസ് 13, വൺപ്ലസ് 13 ആർ എന്നിവ 2025 ജനുവരി 7ന് ആയിരുന്നു പുറത്തിറക്കിയത്. ഇപ്പോഴിതാ വൺപ്ലസ് 13 സീരീസിൽ ഒരു പുതിയ ഫോണും കൂടെ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് കമ്പനി. വൺപ്ലസ് 13 മിനി അല്ലെങ്കിൽ വൺപ്ലസ് 13 ടി എന്ന പേരിലായിരിക്കും ഈ ഫോൺ വിപണിയിലെത്തുകയെന്നാണ് സൂചന.
വൺപ്ലസ് 13 മോഡലിന് സമാനമായി ഒരു ചെറിയ സ്‌ക്രീനാണ് വൺപ്ലസ് 13 മിനിക്ക് നൽകുകയെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന ഫോണിന്‍റെ ക്യാമറ മൊഡ്യൂൾ ബാർ ആകൃതിയിലായിരിക്കുമെന്നാണ് സൂചന. അതേസമയം വൺപ്ലസ് 13ൽ വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റായിരുന്നു നൽകിയത്. 50 എംപി പ്രൈമറി സെൻസർ ഫോണിൽ ഫീച്ചർ ചെയ്യുമെന്നും സൂചനയുണ്ട്. വൺപ്ലസ് 13, വൺപ്ലസ് 13 ആർ മോഡലുകൾക്കൊപ്പം വൺപ്ലസ് 13 സീരീസിൽ തന്നെ പുതിയ ഫോൺ അവതരിപ്പിക്കാനാണ് സാധ്യത. ക്യാമറയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ക്യാമറ വിശദാംശങ്ങൾ: ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വരാനിരിക്കുന്ന വൺപ്ലസ് 13 മിനിയുടെ ക്യാമറയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് മിനി മോഡലിൽ 50 എംപി പ്രൈമറി സെൻസറും, 2x വെർട്ടിക്കൽ സൂമുള്ള 50 എംപി ടെലിഫോട്ടോ ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഫോണിൽ പ്രതീക്ഷിക്കാം.
മുൻ മോഡലുകളിൽ നിന്നുമ വ്യത്യസ്‌തമായ ഡിസൈനിലുള്ള നിരവധി സ്‌മാർട്ട്‌ഫോണുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് വൺപ്ലസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇത് വരാനിരിക്കുന്ന വൺപ്ലസ് 13 മിനിയുടെ ക്യാമറ മൊഡ്യൂളിലും ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം വൺപ്ലസ് പുതിയ ഡിസൈൻ ഭാഷ തന്നെ പുറത്തിറക്കുമെന്നാണ് വൺപ്ലസ് ഇൻഡസ്ട്രിയൽ ഡിസൈനർ ഹാവോ റാൻ പറയുന്നത്.
മറ്റ് ഫീച്ചറുകൾ: വൺപ്ലസ് 13 മിനിയിൽ വണ്ണം കുറഞ്ഞ യൂണിഫോം ബെസലുകൾ ഉള്ള 6.31 ഇഞ്ച് 1.5K എൽടിപിഒ ഒഎൽഇഡി ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചന. മെറ്റൽ മിഡിൽ ഫ്രെയിമുള്ള ഗ്ലാസ് ബോഡിയിൽ സ്ഥാപിച്ചിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റായിരിക്കും ഫോണിൽ നൽകുക. സുരക്ഷയ്ക്കായി ഷോർട്ട്-ഫോക്കസ് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്‍റ് സെൻസറും പ്രതീക്ഷിക്കാം. ഫോണിൽ ഡ്യുവൽ അല്ലെങ്കിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റായിരിക്കാമെന്നും സൂചനയുണ്ട്. IMX906 സെൻസറുള്ള 50 എംപി ക്യാമറ, 2x അല്ലെങ്കിൽ 3x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം. ഫോണിന്‍റെ ലോഞ്ച് 2025 ഏപ്രിലിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
Also Read:
- ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്
- ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ
- മൂന്നായി മടക്കാവുന്ന ഫോൺ: ഹുവായ് മേറ്റ് എക്‌സ്‌ടി അൾട്ടിമേറ്റ് ആഗോള ലോഞ്ചിനൊരുങ്ങുന്നു; ഇന്ത്യയിൽ പുറത്തിറക്കുമോ?
- സ്‌മൂത്തായ പെർഫോമൻസ്, ഗെയിമിങിനായി കണ്ണുംപൂട്ടി വാങ്ങാം: റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ വരുന്നു
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...