ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചതിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും നഗരത്തിലെ വോട്ടർമാരുടെ നേട്ടത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച കെജ്‌രിവാള്‍, അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി.
"ജനങ്ങളുടെ വിധി വളരെ വിനയത്തോടെ ഞങ്ങൾ അംഗീകരിക്കുന്നു. വിജയം കൈവരിച്ച ബിജെപിയെയും അഭിനന്ദിക്കുന്നു, ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും അവർ നിറവേറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഞങ്ങൾ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിയാത്മകമായ ഒരു പ്രതിപക്ഷത്തിന്‍റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും" എന്ന് അരവിന്ദ് കെജ്‌രിവാൾ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
दिल्ली चुनाव के नतीज़ों पर AAP के राष्ट्रीय संयोजक @ArvindKejriwal जी का संदेश pic.twitter.com/BKyCnkSQtc
— AAP (@AamAadmiParty) February 8, 2025
ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർവേഷ് വർമ്മ ആം ആദ്‌മി പാർട്ടി കൺവീനറും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് കെജ്‌രിവാളിന്‍റെ പ്രതികരണം. ജനങ്ങളെ സേവിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ തന്‍റെ ആവേശം കുറയ്ക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
തെരഞ്ഞെടുപ്പുകളിൽ കഠിനാധ്വാനം ചെയ്‌ത എഎപി നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. തന്‍റെ ഭരണകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ഡൽഹിയിലെ വികസനപ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. പ്രത്യേകിച്ച് ജലവിതരണം, വൈദ്യുതി, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയിൽ പുരോഗതി ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയം നേരിട്ടെങ്കിലും എഎപി ജനങ്ങൾക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ഡല്‍ഹിയില്‍ താമര മുന്നേറ്റം; ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി