ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നാലെ ആംആദ്‌മി പാര്‍ട്ടിയെ വിമർശിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബർട്ട് വാദ്ര. കെജ്‌രിവാൾ ജനങ്ങള്‍ക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല. ഡൽഹിയിലെ ജനങ്ങള്‍ മടുത്ത് മാറി ചിന്തിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആം ആദ്‌മി പാർട്ടിയുടെ പ്രവർത്തന ഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി. കെജ്‌രിവാൾ നന്നായി പ്രവർത്തിച്ചില്ലെന്നും റോബർട്ട് വാദ്ര വിമർശിച്ചു. 2013-ലെ ഡൽഹി തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ തൻ്റെ പേര് രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. ഗാന്ധി കുടുംബവുമായി ബന്ധമുണ്ടെന്ന് വച്ച് തന്നെ എങ്ങനെ കുറ്റപ്പെടുത്താനാകും. ഗാന്ധി കുടുംബത്തിൻ്റെ ഭാഗമായതിനാൽ മാത്രം കെജ്‌രിവാള്‍ തന്നെ വിമർശിക്കുകയായിരുന്നുവെന്നും റോബർട്ട് വാദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തൻ്റെ പേര് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിച്ചു. എ4 വലിപ്പത്തിലുള്ള പേപ്പറുകൾ കൊണ്ടുവന്ന് വാർത്താ സമ്മേളനത്തിൽ കാണിക്കുമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആരെയെങ്കിലും തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിച്ചാൽ എക്സ്പോഷർ ലഭിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ ഇന്ന് അരവിന്ദ് കെജ്‌രിവാളിൻ്റെ പാർട്ടി 20 സീറ്റുകളിലേക്ക് താഴ്‌ന്നു.
അതേസമയം ഡൽഹിയിലെ ജനങ്ങൾ ഷീലാ ദീക്ഷിതിൽ സന്തുഷ്‌ടരായിരുന്നുവെന്നും റോബർട്ട് വാദ്ര പറഞ്ഞു. തെരഞ്ഞടുപ്പിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്‌ചവച്ചതെന്നും വാദ്ര അവകാശപ്പെട്ടു. എന്നാല്‍ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായിട്ടില്ല.
അതേസമയം നരേന്ദ്ര മോദിയിൽ ഡൽഹിയിലെ ജനങ്ങൾ വിശ്വാസം പ്രകടിപ്പിച്ചതായി ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദർ സച്ച്ദേവ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം തങ്ങൾക്കും ഡൽഹിയിലെ ജനങ്ങൾക്കും ഒരു വലിയ വിജയമാണ്. 27 വർഷത്തിന് ശേഷമുള്ള ഭാരതീയ ജനതാ പാർട്ടിയുടെ തിരിച്ചുവരവാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.