ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയുടെ തേരോട്ടത്തില്‍ ആം ആദ്‌മിയുടെ പതനം പൂര്‍ത്തിയാക്കി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മുഖവുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ തോല്‍വി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേഷ് സാഹിബ് സിങ്ങാണ് കെജ്‌രിവാളിനെ തോല്‍പ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1844 വോട്ടുകള്‍ക്കാണ് കെജ്‌രിവാള്‍ തോല്‍വി വഴങ്ങിയത്. 20190 വോട്ടുകളാണ് കെജ്‌രിവാള്‍ നേടിയത്. ബിജെപി സ്ഥാനാര്‍ഥിക്ക് 22034 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനുമായ സന്ദീപ് ദീക്ഷിത് 3503 വോട്ടുകള്‍ നേടി.
ഈ വോട്ടുകള്‍ കെജ്‌രിവാളിന്‍റെ തോല്‍വിയില്‍ ഏറെ നിര്‍ണായകമായി മാറി. ഷീലാ ദീക്ഷിതിനെ തോല്‍പിച്ചായിരുന്നു 2013-ല്‍ കെജ്‌രിവാളിന്‍റെ വരവ്. പാര്‍ട്ടിയുടെ പ്രമുഖ നേതാവായ മനീഷ് സിസോദിയും തോല്‍വി വഴങ്ങി. അരവിന്ദർ സിങ് മർവയോട് സിസോദിയ തോറ്റത്. അതേസമയം രാജ്യതലസ്ഥാനത്ത് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിജെപി വീണ്ടും ഭരണത്തിലേക്ക് എത്തുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ഇതിനകം പാര്‍ട്ടി തുടങ്ങിക്കഴിഞ്ഞു.