ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബിജെപി. ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ക്ക് ബിജെപി മുന്നേറ്റമാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ ഭരണം ലക്ഷ്യം വച്ച ആം ആദ്‌മി പാര്‍ട്ടിക്കും തിരിച്ചുവരവിനുറച്ച കോണ്‍ഗ്രസിനും കാലിടറി. അരവിന്ദ് കെജ്‌രിവാളിന്‍റെ എഎപിക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റത്തിനും കഴിഞ്ഞിട്ടില്ല.
വിരോധാഭാസമെന്ന് പറയെട്ട, കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെള്ളിവെളിച്ചമാണിത് തെളിയിച്ചിരിക്കുന്നത് എന്നാണ് രാഷ്‌ട്രീയ വിദഗ്‌ധരുടെ വിലയിരുത്തല്‍. കോട്ടയായിരുന്ന ഡല്‍ഹിയില്‍ എഎപിക്ക് ഏറ്റ തകര്‍ച്ച സംസ്ഥാനത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള തങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഏക മാർഗമായാണ് കോണ്‍ഗ്രസ് കരുതുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡല്‍ഹിക്കപ്പുറം പഞ്ചാബിലും ഇതു കോണ്‍ഗ്രസിന് ഗുണം ചെയ്യും. ദേശീയ തലസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടിയായിരുന്നു എഎപി മറ്റ് സംസ്ഥാനങ്ങളിലേക്ക് വേറുറപ്പിക്കാന്‍ ശ്രമിക്കുകയും പഞ്ചാബ് പിടിച്ചടക്കുകയും ചെയ്‌തത്. എന്നാല്‍ നിലവിലേറ്റ പരാജയം പാര്‍ട്ടിയുടെ പഞ്ചാബിലെ ശക്തിയേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്ക് കാര്യമായ സാധ്യതയില്ലാത്ത സംസ്ഥാനമാണിത്. അകാലിദളിന്‍റെ ശക്തിയും ഏറെക്കുറെ ക്ഷയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വീണ്ടുമൊരു തിരിച്ചിവരവിനുള്ള വാതിലാണിത് തുടര്‍ന്നിടുന്നത്.
ഇതിന്‍റെ മറുവശം, തീർച്ചയായും, ഇന്ത്യ സഖ്യത്തിനുള്ള വ്യക്തവും ശക്തവുമായ മുന്നറിയിപ്പാണ്. രാജ്യ തലസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസ് എഎപിയുമായി കൈകോർക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യണമായിരുന്നു എന്നാണ് സഖ്യത്തിലെ ഏറെപ്പേരും വിശ്വസിച്ചിരുന്നത്. സഖ്യത്തില്‍ ഐക്യം വേണമെന്ന് ഒമര്‍ അബ്‌ദുള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലകുറി ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് ഇറങ്ങാനാണ് ആപ്പും കോണ്‍ഗ്രസും തീരുമാനിച്ചത്.
സഖ്യത്തിന് താല്‍പര്യമില്ലെന്ന് എഎപിയാണ് നിലപാടെടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് വാദിച്ചത്. ആദ്യം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതും എഎപി ആയിരുന്നു. പക്ഷെ ഹാട്രിക് വിജയം ലക്ഷ്യം വച്ച പാര്‍ട്ടി തകര്‍ന്നടിഞ്ഞു. കെജ്‌രിവാള്‍, സിസോദിയ തുടങ്ങിയ മുതര്‍ന്ന നേതാക്കള്‍ തോല്‍വി രുചിച്ചു.
ALSO READ: അടുത്ത ഡൽഹി മുഖ്യമന്ത്രി ആര്? മറുപടിയുമായി ബിജെപി അധ്യക്ഷൻ
ബിജെപിയെ സംബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും നേടിയ മികച്ച വിജയങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ തിരിച്ചുവരവ് ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ സഹായകമാണ്. തെരഞ്ഞെടുപ്പ് രംഗത്ത് തങ്ങൾ അജയ്യരാണെന്നും നരേന്ദ്ര മോദി ഇപ്പോഴും അത്രയും ജനപ്രിയനാണെന്നുമുള്ള ശക്തമായ വാദമാണ് ഇതുവഴി അവര്‍ മുന്നോട്ട് വയ്‌ക്കുന്നത്. ഇതോടെ ഡല്‍ഹി ഇന്ത്യ സഖ്യത്തിന് അവസാന താക്കീത് കൂടിയായി മാറുകയാണ്. പ്രത്യേകിച്ചും, ഈ വർഷം അവസാനം ബിഹാറിലും അടുത്ത വർഷം പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.