ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക് കാറായ വേവ് ഈവ അവതരിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ വേവ് മൊബിലിറ്റി. ബാറ്ററി തീർന്നാൽ സൗരോർജം ഉപയോഗിച്ചും ഓടിക്കാമെന്നതാണ് ഈ ഇലക്‌ട്രിക് കാറിന്‍റെ പ്രത്യേകത. 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ ഇത്തിരിക്കുഞ്ഞൻ സോളാർ ഇലക്‌ട്രിക് കാർ അവതരിപ്പിച്ചത്. 3.25 ലക്ഷം രൂപയാണ് ഈ കാറിന്‍റെ പ്രാരംഭ വില. കിലോ മീറ്ററിന് ചെലവ് വെറും 50 പൈസയാണെന്നതാണ് കാറിന്‍റെ പ്രത്യേകത. ചെറിയ വലിപ്പവും കുറഞ്ഞ ഭാരവുമാണ് മറ്റൊരു ഫീച്ചർ.
9 കിലോവാട്ട്, 12 കിലോവാട്ട്, 18 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിൽ ഈ കാർ ലഭ്യമാവും. 18 കിലോവാട്ടിന്‍റെ ബാറ്ററി പായ്‌ക്കിന് 5.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. നോവ, സ്റ്റെല്ല, വേഗ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളായി വേവ് ഈവ ലഭ്യമാവും. ഒരു കിലോമീറ്ററിന് 2 രൂപ നിരക്കിൽ വേവ് ഈവയുടെ ബാറ്ററി പാക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.അതിനാൽ തന്നെ ബാറ്ററിക്ക് വലിയ പ്രാരംഭ ചെലവ് വരുന്നില്ല. നോവ വേരിയന്‍റിന് 600 കിലോമീറ്ററും സ്റ്റെല്ലയ്ക്ക് 800 കിലോമീറ്ററും വേഗയ്ക്ക് 1200 കിലോമീറ്ററുമാണ് വാർഷിക മൈലേജ്.
3,000 കിലോമീറ്റർ വരെ സൗജന്യമായി സോളാർ റൂഫ് ഉപയോഗിച്ച് സോളാർ ചാർജിങ് ചെയ്യാനും കഴിയും. ഈ സോളാർ ഇലക്‌ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 5,000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്. 2026ന്‍റെ രണ്ടാം പകുതിയിൽ വേവ് ഈവയുടെ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് എക്‌സ്റ്റൻഡഡ് ബാറ്ററി വാറൻ്റിയും 3 വർഷത്തെ കോംപ്ലിമെൻ്ററി വെഹിക്കിൾ കണക്‌റ്റിവിറ്റിയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വേവ് ഈവയ്‌ക്ക് മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് വേവ് മൊബിലിറ്റി അവകാശപ്പെടുന്നത്. 5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും വാഹനത്തിനാവും. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉൾപ്പെടെ കാറിൽ രണ്ട് സ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ട്. മാനുവൽ എസി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ടു-സ്പോക്ക് സ്റ്റിയറിങ് വീൽ, 6-വേ ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഫിക്‌സഡ് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും കാറിൽ സുഗമമായി യാത്ര ചെയ്യാനാവും. അഞ്ച് മിനിറ്റ് ചാർജ് ചെയ്‌താൽ 50 കിലോ മീറ്ററോളം ഓടുന്ന വാഹനത്തിന്‍റെ ബാറ്ററി തീർന്നാലും കുഴപ്പമില്ല. പത്ത് മീറ്ററിലധികം സോളാറിൽ ഓടിക്കാനാകും.
Also Read:
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- പുതിയ അഡ്വഞ്ചർ ബൈക്കുമായി ബിഎംഡബ്ല്യു: വില കേട്ടാൽ ഞെട്ടും!!