ന്യൂഡൽഹി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടക്കും. സൂര്യകുമാർ യാദവിന്‍റെ ക്യാപ്റ്റൻസിയിലാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. രാത്രി 7 മണിക്കാണ് മത്സരം തുടങ്ങുക.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി തന്നെ തുടരാനാണ് സാധ്യത. നാളെ സഞ്ജു വെടിക്കെട്ട് ബാറ്റിങ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടി20 യിൽ മിന്നുന്ന ഫോമിലാണ് താരം. അവസാന അഞ്ച് ടി 20 മൽസരങ്ങളിൽ നിന്ന് 3 സെഞ്ച്വറികളാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ 24 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യ 13 മത്സരങ്ങൾ ജയിച്ചപ്പോൾ ഇംഗ്ലണ്ട് 11 മത്സരങ്ങളിലും ജയിച്ചു. നിലവിലെ കണക്കുകളില്‍ ഇംഗ്ലണ്ടിനേക്കാൾ ഇന്ത്യയ്ക്കാണ് മുൻതൂക്കമുള്ളത്. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി റെക്കോർഡുകൾ കൂടുതൽ ശക്തമാക്കാനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്.
2007ലെ ഐസിസി ടി20 ലോകകപ്പിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം നടന്നത്. അവസാന ടി20 മത്സരം 2024 ലെ ഐസിസി ടി20 ലോകകപ്പിലായിരുന്നു. അന്ന് 68 റൺസിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. കൊൽക്കത്തയിലെ ഉദ്ഘാടന മത്സരത്തിന് ശേഷം ചെന്നൈ, രാജ്കോട്ട്, പൂനെ, മുംബൈ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ. ടി20 പരമ്പരയ്ക്ക് ശേഷം ഇരുടീമുകളും തമ്മിൽ 3 ഏകദിനങ്ങളുടെ പരമ്പരയും നടക്കും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റേയും ടീമുകൾ
ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്‌മിത്ത്, ലിയാം ലിവിംഗ്സ്‌റ്റൺ, ആദിൽ റഷീദ്, ഷക്കീബ് മഹ്മൂദ്, മാർക്ക് വുഡ്.
Also Read: 31ന് ഓൾഔട്ട്..! മലേഷ്യയെ നാണംകെടുത്തി ഇന്ത്യന്‍ വനിതകള്‍, വൈഷ്‌ണവിക്ക് അഞ്ചുവിക്കറ്റ്