തിരുവനന്തപുരം: തലസ്ഥാനത്തെ തണ്ണീര്‍തടങ്ങള്‍ ഓരോ വര്‍ഷം കഴിയുന്തോറും ശോഷിക്കുന്നതായും നീര്‍പക്ഷികളുടെ എണ്ണത്തില്‍ 13 ശതമാനം കുറവുണ്ടെന്നും സര്‍വ്വേ. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 11 തണ്ണീര്‍ത്തടങ്ങളില്‍ ജനുവരി 11 ന് വനം വകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.
32 ഇനം ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 65 ഇനങ്ങളില്‍ നിന്നായി 4,698 പക്ഷികളെ സര്‍വ്വേയില്‍ രേഖപ്പെടുത്തി. 49 വോളന്‍റീയര്‍മാര്‍ 11 സംഘങ്ങളായി തിരിഞ്ഞായിരുന്നു സര്‍വ്വേ. പൂവാര്‍, വെള്ളായണി കായല്‍, കഠിനംകുളം, അരുവിക്കര, ആറ്റിങ്ങല്‍ പഴഞ്ചിറ, കണ്ണമ്മൂല തോട്, ആക്കുളം കായല്‍, കൃഷി വകുപ്പിന് കീഴിലുള്ള കേസാവദാസപുരം നെല്‍ വയല്‍, മൃഗശാലയ്ക്കുള്ളിലെ കുളം, പാപ്പനംകോട് നെടുങ്കാട്, വേളി കായല്‍ - കടല്‍ത്തീരം ഏന്നീ തണ്ണീര്‍ത്തടങ്ങളിലാണ് സര്‍വ്വേ നടത്തിയത്.

തണ്ണീര്‍ത്തടങ്ങളിലെ ജലജീവികളുടെ എണ്ണം കുറയുമ്പോള്‍ പക്ഷികള്‍ തണ്ണീര്‍ത്തടങ്ങള്‍ ഉപേക്ഷിക്കുമെന്നും ഇങ്ങനെയാണ് തണ്ണീര്‍ത്തടങ്ങളുടെ ശോഷണം തിരിച്ചറിയാനാവുകയെന്നും WWF സീനിയര്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ശിവകുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
സര്‍വ്വേ നടത്തിയ എല്ലാ തണ്ണീര്‍ത്തടങ്ങളിലും മുന്‍ഗണനാടിസ്ഥാനത്തില്‍ സംരക്ഷണ നടപടികള്‍ അത്യാവശ്യമാണ്. ആവാസ ശോഷണത്തിന്‍റേയും മനുഷ്യ ഇടപെടലുകള്‍ കാരണമുണ്ടാകുന്ന ഭീഷണികളുടേയും നേരിട്ടുള്ള സൂചനയാണ് പക്ഷികളുടെ എണ്ണത്തിലുള്ള കുറവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വംശനാശ ഭീഷണി നേരിടുന്ന മംഗോളിയന്‍ മണല്‍ക്കോഴി പൂവാര്‍ അഴിമുഖത്ത്, ഏറ്റവും കൂടുതല്‍ പക്ഷികള്‍ വേളിയില്‍
ഏറ്റവും കൂടുതല്‍ പക്ഷികളെ സര്‍വ്വേ രേഖപ്പെടുത്തിയത് വേളി കടല്‍ തീരത്താണെന്ന് WWF സംസ്ഥാന ഡയറക്‌ടര്‍ രഞ്ജന്‍ മാത്യൂ വര്‍ഗീസ് വ്യക്തമാക്കി. 976 പക്ഷികളെയാണ് പുലര്‍ച്ചെ 6 മുതല്‍ 10 വരെ വേളി കടല്‍ തീരത്ത് സംഘം കണ്ടെത്തിയത്. ഇതില്‍ 850 എണ്ണം വയല്‍ക്കോതി കത്രിക പക്ഷികളാണ്.

ആറ്റിങ്ങല്‍ പഴഞ്ചിറ തണ്ണീര്‍ത്തടത്തില്‍ 355 ചൂള എരണ്ടകള്‍, 205 നീലക്കോഴികള്‍, 57 പവിഴക്കാലികള്‍ എന്നിങ്ങനെ 30 ഇനങ്ങളില്‍ നിന്നും 938 പക്ഷികളെ തിരിച്ചറിഞ്ഞു. വെള്ളയാണി, പുഞ്ചക്കരിയില്‍ 44 ഇനങ്ങളില്‍ നിന്നായി 855 പക്ഷികളെയാണ് സര്‍വ്വേയില്‍ രേഖപ്പെടുത്തിയത്.
പുഞ്ചക്കരിയില്‍ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശ ഭീഷണിയുടെ വക്കില്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ 30 കഷണ്ടിക്കൊക്കുകള്‍, 98 കാലിമുണ്ടികള്‍, 115 നീലക്കോഴികള്‍, 42 പൊന്മണല്‍ക്കോഴികള്‍, 58 പള്ളിക്കാടക്കൊക്കുകള്‍, 148 വയല്‍ക്കോതി കത്രിക പക്ഷികളെയും തിരിച്ചറിഞ്ഞു.

ദേശാടന പക്ഷിയായ മഞ്ഞ വാലുകുലുക്കി പക്ഷികളെയും പുഞ്ചക്കരിയില്‍ കണ്ടു. വെള്ളായണി തടാകത്തില്‍ ചെറിയ നിര്‍ക്കാക്കകള്‍, ചേരക്കൊക്കന്മാര്‍, നീലക്കോഴികള്‍, വയല്‍ക്കോതി, കത്രികപക്ഷി, പവിഴക്കാലി എന്നിങ്ങനെ 35 ഇനങ്ങളില്‍ നിന്നായി 408 പക്ഷികളെയും രേഖപ്പെടുത്തി.
ആക്കുളത്ത് ചൂള എരണ്ടകള്‍, വാലന്‍ താമരക്കോഴി, നാടന്‍ താമരക്കോഴി എന്നിങ്ങനെ 26 ഇനങ്ങളില്‍ നിന്ന് 404 പക്ഷികളെ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 417 പക്ഷികളെ രേഖപ്പെടുത്തിയ പൂവാര്‍ അഴിമുഖത്ത് ഇത്തവണ 249 പക്ഷികളെ മാത്രമാണ് സര്‍വ്വേയില്‍ തിരിച്ചറിഞ്ഞത്. വംശനാശ ഭീഷണി നേരിടുന്ന മംഗോളിയന്‍ മണല്‍ക്കോഴി, വലിയ മണല്‍ക്കോഴി, ഹ്യൂഗ്ലിന്‍ കടല്‍ക്കാക്കകള്‍ എന്നിവരെയും പൂവ്വാറില്‍ കണ്ടെത്തിയിട്ടുണ്ട്.
മാലിന്യം നിറഞ്ഞ കണ്ണമ്മൂല തോട്ടില്‍ വംശനാശ ഭീഷണി നേരിടുന്ന കന്യാസ്ത്രീ കൊക്ക്
നഗരമധ്യത്തിലൂടെ കടന്നു പോകുന്ന മാലിന്യം നിറഞ്ഞ കണ്ണമ്മൂല തോട്ടില്‍ സര്‍വ്വേ സംഘം കന്യാസ്ത്രീ കൊക്കിനെ കണ്ടെത്തി. ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കന്യാസ്ത്രീ കൊക്കിന്‍റെ സാന്നിധ്യം കണ്ണമ്മൂല തോട്ടില്‍ കണ്ടെത്തിയത് അസാധാരണമാണെന്നും WWF സംസ്ഥാന ഡയറക്‌യടര്‍ രഞ്ജന്‍ മാത്യു വര്‍ഗീസ് പറഞ്ഞു.

ദേശാടന പക്ഷികളായ നീര്‍ക്കാടകളെയും കരിമ്പന്‍ കാടക്കൊക്കുകളെയും പുള്ളിക്കാടക്കൊക്കുകളുടെയും സാന്നിധ്യം കണമ്മൂല തോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം മൃഗശാലയ്ക്കുള്ളിലെ കുളത്തില്‍ പതിവായി കാണുന്ന നീര്‍ക്കാടകള്‍ അപ്രത്യക്ഷമായെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷണ മാര്‍ഗങ്ങള്‍ക്ക് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു
ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തിയ കഷണ്ടിക്കൊക്കുകള്‍, കന്യാസ്ത്രീ കൊക്കുകള്‍, ചേരക്കോഴികള്‍, പുഴ അളകള്‍, മംഗോളിയന്‍ മണല്‍ക്കോഴികള്‍ എന്നിവയുടെ സാന്നിധ്യം തണ്ണിര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നതായി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ സജു എസ് നായര്‍ അഭിപ്രായപ്പെട്ടു.

നിലവിലുള്ള സംരക്ഷണ മാര്‍ഗങ്ങള്‍ക്ക് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു. വിഷയം വനം വകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുകമെന്നും അദ്ദേഹം വ്യക്തമാക്കി.