പാലക്കാട്: ന്യൂനപക്ഷ വർഗീയതയെ സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് യുഡിഎഫ് ലോകസഭ തെരഞ്ഞെടുപ്പിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും വിജയിച്ചത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കരുത് എന്ന വാശിയിലാണ് പ്രതിപക്ഷമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. എതിർപ്പുകൾ ഭയന്ന് പാലക്കാട്ട് ബ്രൂവറി ആരംഭിക്കാനുള്ള തീരുമാനം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തത്തമംഗലത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് എംവി ഗോവിന്ദന്‍റെ പരാമര്‍ശം. എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയടക്കമുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫിൻ്റെ വിജയം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ആ വോട്ടു കിട്ടി. പല നിയമസഭ മണ്ഡലങ്ങളിലും അവർക്ക് പതിനായിരം വോട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുസ്ലീം വർഗീയ സംഘടനകളെ താലോലിച്ച് കൂടെ നിർത്തുകയാണ് മുസ്ലീം ലീഗ്. അവരോടും സംഘ് പരിവാറിനോടും വാർത്താ മാധ്യമങ്ങളോടും ഒരേസമയം പൊരുതി നിൽക്കേണ്ട അവസ്ഥയിലാണ് ഇടതു പക്ഷവും പാർട്ടിയും. ഒരു വികസന പ്രവർത്തനവും നടക്കരുതെന്ന വാശിയാണ് യുഡിഎഫിന്.
നാട്ടിൽ വികസനമുണ്ടായാൽ മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ് അവരുടെ ഭയം. അത് വേണ്ടി വരും. പാലക്കാട്ട് സ്‌പിരിറ്റ് ഉണ്ടാക്കുന്ന ഫാക്‌ടറിവരുന്നതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വേവലാതി.
എതിർപ്പ് ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ല. ജലചൂഷണമുണ്ടാവുന്ന വിധത്തിലാണ് ഫാക്‌ടറി വരികയെന്ന മട്ടിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. അറുന്നൂറിലധികം പേർക്ക് നേരിട്ടും 2500 ഓളം പേർക്ക് പരോക്ഷമായും ജോലി നൽകുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.