ഹൈദരാബാദ് : തെലുഗു നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വിജയ രംഗരാജു എന്ന പേര് പറഞ്ഞാൽ മലയാളികള്‍ക്ക് മനസിലാകില്ലെങ്കിലും വിയറ്റ്നാം കോളനി അടക്കിവാണ റാവുത്തറെ ആരും മറക്കാൻ സാധ്യതയില്ല. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്‌ത വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഹൈദരാബാദില്‍ ഒരു ഷൂട്ടിങ്ങിനിടെ ഇദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. ഇവിടെ ചികിത്സയിലായിരിക്കെയാണ് മരണത്തിന് കീഴടങ്ങയത്. സംസ്‌കാര ചടങ്ങുകള്‍ ചെന്നൈയിൽ നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെലുഗു, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍, സഹനടന്‍ വേഷങ്ങളിൽ ഇദ്ദേഹം തിളങ്ങി. വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുഗുവില്‍ ഗോപിചന്ദിൻ്റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്.
വിജയ രംഗരാജു നാടക നടനായിരുന്നു. നാടക അഭിനയത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. നന്ദമൂരി ബാലകൃഷ്‌ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുഗു ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിങ്ങിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.