എറണാകുളം: കേരളത്തിന്‍റെ വ്യവസായ നിക്ഷേപ രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകി ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് സമാപനം. കേരളത്തിൻ്റെ നിക്ഷേപ സാധ്യതകൾ കൂടുതൽ തുറന്നു കാട്ടാനുള്ള വേദിയായി ഉച്ചകോടി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇന്‍വെസ്റ്റ് കേരളയിലൂടെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. 374 കമ്പനികള്‍ താത്പര്യ പത്രത്തില്‍ ഒപ്പുവച്ചു. വാട്ടര്‍മെട്രോ സാങ്കേതിക പഠനത്തിന് 18 സംസ്ഥാനങ്ങളില്‍ നിന്ന് കെഎംആര്‍എല്ലിന് കരാര്‍ ലഭിച്ചതായും മന്ത്രി രാജീവ് പറഞ്ഞു.
ഐക്യമായിരുന്നു ഉച്ചകോടിയുടെ പ്രധാന വിജയം. കേരളം വിസ്‌തൃതിയിൽ മാത്രമാണ് ചെറുത്. മറ്റെല്ലാ ഘടകങ്ങൾ എടുത്തുനോക്കിയാല്‍ കേരളം വലുതാണ്. ഒന്നര പതിറ്റാണ്ടായി വലിയ സമരങ്ങൾ ഒന്നുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഭൂമി ലഭ്യമാകുന്നതിൽ ഒരു തടസവുമുണ്ടാകില്ല.

പഞ്ചായത്തുകളിൽ പോലും വ്യവസായം ഉണ്ട്. കേരളമാകെ ഒരു നഗരമായാണ് കാണുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. 24 ഐടി കമ്പനികൾ കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. 8,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതി. 60,000 പേർക്ക് കൂടി തൊഴിൽ ലഭിക്കുമെന്നും പി രാജീവ് ചൂണ്ടിക്കാണിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് ആഗോള നിക്ഷേപ സംഗമത്തിലൂടെ പ്രതീക്ഷിച്ചത്. എന്നാൽ ഒന്നരലക്ഷം കോടി പിന്നിട്ടിരിക്കുകയാണ്. നിക്ഷേപ സന്നദ്ധത അറിയിച്ച കമ്പനികൾ വേറെയുമുണ്ട്. നിഷേപ വാഗ്‌ദാനങ്ങൾ യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണോ എന്ന് പരിശോധിക്കും. അതിന് സമയമെടുക്കും. നാളെ മുതൽ നിക്ഷേപ വാഗ്‌ദാനങ്ങൾ തരംതിരിച്ച് പരിശോധിക്കും. റിവ്യൂ മീറ്റിങ്ങുകൾ നടത്തുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

നിക്ഷേപ വാഗ്‌ദാനം നടത്തിയ കമ്പനികൾ
അദാനി ഗ്രൂപ്പ് - 30,000 കോടി
ഹൈലൈറ്റ് ഗ്രൂപ്പ് - 10,000 കോടി
ഷറഫ് ഗ്രൂപ്പ് - 5,000 കോടി
ലുലു ഗ്രൂപ്പ് - 5,000 കോടി
മോണാർക് - 5,000 കോടി
എൻആർഐ പ്രോജക്‌ട് മാനേജ്‌മെന്‍റ് - 5,000 കോടി
TofI - 5,000 കോടി
അവന്തിക ഇന്‍റർനാഷണൽ ലിമിറ്റഡ് - 4,300 കോടി
പ്രസ്റ്റീജ് ഗ്രൂപ്പ് - 3,000 കോടി
ചെറി ഹോൾഡിങ്സ് - 4,000 കോടി
കൃഷ്‌ണ ഗ്രൂപ്പ് - 3,000 കോടി
മലബാർ ഗ്രൂപ്പ് - 3,000 കോടി
ഈ കമ്പനികളാണ് പ്രധാനമായും നിക്ഷേപകരായത്. അതേസമയം, അമ്പത് കോടി മുതൽ നിക്ഷേപ വാഗ്‌ദാനം ചെയ്‌ത നിരവധി കമ്പനികളും ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുത്തിരുന്നു.