ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ പ്രശസ്‌തമായ അമൃത് ഉദ്യാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ഫെബ്രുവരി 2 മുതൽ മാർച്ച് 30 വരെ ഉദ്യാനം തുറന്നുകൊടുക്കുമെന്ന് രാഷ്‌ട്രപതി ഭവന്‍ അറിയിച്ചു. സന്ദർശകർക്ക് ആഴ്‌ചയിൽ ആറ് ദിവസം രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ ഉദ്യാനം സന്ദർശിക്കാം. അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്‌ചകളിൽ ഉദ്യാനം അടച്ചിടും.
അതേസമയം, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 5, രാഷ്‌ട്രപതി ഭവനിൽ സന്ദർശക സമ്മേളനം നടക്കുന്ന ഫെബ്രുവരി 20-21, ഹോളി ദിനമായ മാർച്ച് 14 എന്നീ തീയതികളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ല.
രാഷ്‌ട്രപതി ഭവനുമായുള്ള നോർത്ത് അവന്യൂവിന്‍റെ മീറ്റിങ് പോയിന്‍റിന് സമീപമുള്ള പ്രസിഡന്‍റ്സ് എസ്റ്റേറ്റിന്‍റെ ഗേറ്റ് നമ്പർ 35 വഴിയാണ് ഉദ്യാനത്തിലേക്കുള്ള പ്രവേശനം. പ്രവേശനം സുഗമമാക്കുന്നതിന് സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഗേറ്റ് നമ്പർ 35 ലേക്ക് ഓരോ 30 മിനിറ്റിലും ഒരു ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാർച്ച് 26 -ന് ഭിന്നശേഷിക്കാർക്കും മാർച്ച് 27 -ന് പ്രതിരോധ, അർധ സൈനിക, പൊലീസ് സേനകളിലെ ഉദ്യോഗസ്ഥർക്കും പ്രത്യേക ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. മാർച്ച് 28 ന് സ്‌ത്രീകൾക്കും ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കും മാർച്ച് 29 ന് മുതിർന്ന പൗരന്മാർക്കും സന്ദര്‍ശിക്കാം.
അമൃത് ഉദ്യാനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രാഷ്‌ട്രപതി ഭവന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്കിങ് നടത്താനാകും. അമൃത് ഉദ്യാന ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 6 മുതൽ 9 വരെ രാഷ്‌ട്രപതി ഭവനിൽ വിവിദ്ധതാ കാ അമൃത് മഹോത്സവ് നടക്കും. ദക്ഷിണേന്ത്യയുടെ സമ്പന്ന പൈതൃകത്തെയും പാരമ്പര്യങ്ങളെയും ഉയർത്തിക്കാട്ടുന്ന സാംസ്‌കാരിക പരിപാടികള്‍ അന്നേ ദിവസങ്ങളില്‍ ഇവിടെ നടക്കും.