കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ലീലാവതി ആശുപത്രിയില്‍ അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം ചൊവ്വാഴ്‌ച്ച ഉച്ച തിരിഞ്ഞാണ് നടന്‍ ആശുപത്രി വിട്ടത്. നടനോട് വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം താരത്തിന്‍റെ വീടിന് ചുറ്റും സുരക്ഷ ഉറപ്പാക്കുകയും ചെയ്‌തു.
ബാന്ദ്രയിലെ വീട്ടിലെത്തിയ ശേഷം സെയ്‌ഫ് അലി ഖാന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തിയതായി താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ താരം സംഭവം വെളിപ്പെടുത്തി.
വ്യാഴ്‌ച്ച പുലര്‍ച്ചെ 2.30നാണ് താരത്തിന്‍റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്‌ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ ആറ് കുത്താണ് താരത്തിനേറ്റത്. നട്ടെല്ലിനോട് ചേര്‍ന്ന് ഗുരുതര പരിക്കും ഏറ്റിരുന്നു.
അതേസമയം ഗുരുതരമായ പരിക്കില്‍ നിന്നും തലനാരിഴയ്‌ക്കാണ് സെയ്‌ഫ് അലി ഖാന്‍ രക്ഷപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ സംഭവം നടന്ന ദിവസം അറിയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയക്ക് ഒടുവിലാണ് താരത്തിന്‍റെ ശരീരത്തില്‍ കുടുങ്ങിയ 2.5 ഇഞ്ച് നീളമുള്ള കത്തി നീക്കം ചെയ്‌തത്.
കേസില്‍ 30കാരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഹിരാനന്ദാനി തൊഴിലാളി ക്യാമ്പിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ് തുടങ്ങി നിരവധി പേരുകളില്‍ പ്രതി അറിയപ്പെടുന്നുവെന്നും മുംബൈ പൊലീസ് വ്യക്‌തമാക്കി. താനെയിലെ ബാറിൽ ഹൗസ് കീപ്പിംഗ് സ്‌റ്റാഫായി ജോലി ചെയ്‌തുവരികയായിരുന്നു പ്രതി. അതേസമയം അറസ്‌റ്റിലായ പ്രതി കുറ്റം സമ്മതം നടത്തിയിട്ടുണ്ട്.