ന്യൂഡല്‍ഹി: 2026 സാമ്പത്തിക വര്‍ഷം 6.3നും 6.8ശതമാനത്തിനുമിടയില്‍ രാജ്യം വളര്‍ച്ച കൈവരിക്കുമെന്ന് 2024-25 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ വളരെ കരുത്തോടെ നിലകൊള്ളുകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. സുസ്ഥിര വിദേശനാണ്യം, ധനഏകീകരണം, സ്വകാര്യ ഉപഭോഗം തുടങ്ങിവയുടെയെല്ലാം പിന്തുണയുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദീര്‍ഘകാല വാണിജ്യ വളര്‍ച്ച ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ആസൂത്രണം നടത്തുന്നു. ഗവേഷണം, വികസനം, സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍, മൂലധന സാമഗ്രികള്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണിത്. ഇതിലൂടെ ഉത്പാദനം, ആഗോള കാര്യക്ഷമത, നൂതനത എന്നിവ മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചു. കനത്ത ബഹളത്തിനിടെ ആയിരുന്നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് വിളിച്ച് വലിയ ബഹളമുണ്ടാക്കി. തുടര്‍ന്നാണ് സഭ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം സാമ്പത്തി വളര്‍ച്ച നാല് കൊല്ലത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയായ 6.4ശതമാനത്തിലേക്ക് എത്തി.
2024-25 ബജറ്റില്‍ ബഹുമേഖല നയ അജണ്ടയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടാണിത്.
തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഓവര്‍ ടൈം നിയമത്തില്‍ മാറ്റം വരുത്തണമെന്നും ശുപാര്‍ശയുണ്ട്. നിലവിലുള്ള എട്ട് മണിക്കൂര്‍ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്താനും നിര്‍ദ്ദേശം. ആഴ്‌ചയില്‍ 48 മണിക്കൂര്‍ തൊഴില്‍ എന്നാണ് ശുപാര്‍ശ. തദ്ദേശ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യം നേടല്‍ നടപ്പാക്കുന്നതില്‍ കേരളത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നു.
ഭക്ഷ്യവിലക്കയറ്റത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. പച്ചക്കറി വിലയിലും ഖാരിഫ് വിളവെടുപ്പോടെ അവയ്ക്കും വിലക്കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 26 സാമ്പത്തിക വര്‍ഷം മൊത്തം വിലക്കയറ്റത്തിലും കുറവുണ്ടാകും. അതേസമയം ഭൗമരാഷ്‌ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്.
നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2047ഓടെ ഇന്ത്യയെ വികസിത ഭാരത് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇടത്തരം ജനവിഭാഗത്തിന് സഹായകമാകും വിധം നികുതി പരിഷ്ക്കരണങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
Also Read:ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ് ശക്തിയായി ഉടന്‍ മാറും; രാജ്യത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ നയപ്രഖ്യാപനം