കേരളം

kerala

ETV Bharat / bharat

പ്രതിരോധ രംഗത്തെ ആധുനികവത്‌കരണം: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് മോദി-ഹസീന കൂടിക്കാഴ്‌ച - Modi And Sheikh Hasina Meet

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്‌ട്രപതി ഭവനില്‍ ഊഷ്‌മള വരവേല്‍പ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മോദി. ഭീകര വിരുദ്ധ നടുടികളിലും ചര്‍ച്ച നടന്നു.

BILATERAL TALKS WITH SHEIKH HASINA  ഷെയ്‌ഖ് ഹസീന ഇന്ത്യയിലെത്തി  ഇന്ത്യ ബംഗ്ലാദേശ് ബന്ധം  PM NARENDRA MODI
ഷെയ്ഖ് ഹസീന മോദി കൂടിക്കാഴ്‌ച (ANI)

By ETV Bharat Kerala Team

Published : Jun 22, 2024, 9:37 PM IST

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയും തമ്മില്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍. പ്രാദേശിക പങ്കാളിത്തം, പരസ്‌പര ധാരണയോടെയുള്ള വളര്‍ച്ച തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ചര്‍ച്ച നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശെന്ന് ഷെയ്‌ഖ് ഹസീനയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ബംഗ്ലാദേശിന്‍റെ മുഖ്യ അയല്‍പ്പക്കവും വിശ്വസ്‌തനായ ചങ്ങാതിയും പ്രാദേശിക പങ്കാളിയുമാണ് ഇന്ത്യയെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം മെച്ചപ്പെടുത്തുന്നതിനായി മോദിയെ അവര്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്‌തു. ബംഗ്ലാദേശിന് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുവെന്ന് ഹസീനയുമായി നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്ക് ചികിത്സയ്ക്ക് വരുന്ന ബംഗ്ലാദേശികള്‍ക്ക് ഇ-മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മോദി വ്യക്തമാക്കി. ഒരു പുതിയ അസിസ്റ്റന്‍റ് ഹൈകമ്മിഷന്‍ ബംഗ്ലാദേശിന്‍റെ ഉത്തര പശ്ചിമ മേഖലയിലുള്ള ജനങ്ങള്‍ക്കായി രങ്ക്‌പൂരില്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീസ്‌ത നദിയിലെ വെള്ളം കൈകാര്യം ചെയ്യുന്നതിന് ഗംഗ നദീജല കരാര്‍ പുതുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ഒരു സാങ്കേതിക സംഘം ഉടന്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും.

ഇരുരാജ്യങ്ങളും 54 നദികള്‍ കൊണ്ട് പരസ്‌പരം ബന്ധിതമാണ്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും പരസ്‌പര സഹകരണം ആവശ്യമാണ്. ഇതിന്‍റെ ഭാഗമായാണ് 1996ലെ ഗംഗ നദീജല കരാര്‍ പുതുക്കുന്നതിനായി സാങ്കേതിക തല ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിപദത്തിലെ തന്‍റെ മൂന്നാമൂഴത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ആദ്യത്തെ വിദേശഭരണാധികാരിയാണ് ഹസീനയെന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം പത്ത് തവണ തങ്ങള്‍ കൂടിക്കാഴ്‌ച നടത്തി. എന്നാല്‍ ഈ സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. കാരണം താന്‍ ഇക്കുറി അധികാരമേറ്റ ശേഷം രാജ്യത്തേക്ക് ക്ഷണിക്കപ്പെട്ട ആദ്യ വിദേശ അതിഥിയാണ് ഷെയ്ഖ് ഹസീന എന്നും പ്രധാനമന്ത്രി പറഞ്ഞു.

സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള സെപയില്‍ (CEPA) ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. പരസ്‌പര സഹകരണം, ബന്ധിപ്പിക്കല്‍, വാണിജ്യം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും ബഹുദൂരം മുന്നേറിക്കഴിഞ്ഞു. 1965ന് മുമ്പ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. നിലവില്‍ ഡിജിറ്റള്‍, ഊര്‍ജ്ജ ബന്ധങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രതിരോധ രംഗത്തെ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. ഭീകരതയെ നേരിട്ട് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതും ചര്‍ച്ചയായി.

1971ലെ വിമോചന സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ യോധാക്കളെ ഹസീന അനുസ്‌മരിച്ചു. 2024 ജനുവരിയില്‍ ബംഗ്ലാദേശില്‍ തങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് മറ്റൊരു രാജ്യത്തേക്കുള്ള തന്‍റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണെന്നും ഹസീന വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിന് ബംഗ്ലാദേശ് വലിയ മൂല്യം കല്‍പ്പിക്കുന്നുണ്ട്.

രണ്ടാഴ്‌ചയ്ക്കിടെ രണ്ടാം തവണയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. വെള്ളിയാഴ്‌ച (ജൂണ്‍ 21) ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് വലിയ വരവേല്‍പ്പാണ് നല്‍കിയത്. ജൂണ്‍ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കാണ് ഹസീന എത്തിയത്. ഹസീനയും മോദിയും ഇരുരാജ്യങ്ങളിലെയും മന്ത്രിമാരുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തി. രാഷ്‌ട്രപതി ഭവന്‍ അങ്കണത്തിലായിരുന്നു കൂടിക്കാഴ്‌ച.

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരായ എസ് ജയശങ്കര്‍, ജെപി നദ്ദ, സഹമന്ത്രിമാരായ ജിതേന്ദ്ര സിങ്, കൃതി വര്‍ധന്‍ സിങ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഹസീന രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന് ഈ സന്ദര്‍ശനം കൂടുതല്‍ കരുത്ത് പകരുമെന്ന വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.

തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഹസീനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കരുത്താകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും എക്‌സില്‍ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍ എന്നിവരുമായും ഹസീന കൂടിക്കാഴ്‌ച നടത്തും.

Also Read:നരേന്ദ്ര മോദിയുമായുള്ള ഷെയ്‌ഖ് ഹസീനയുടെ കൂടിക്കാഴ്‌ച നാളെ: തീസ്‌ത ജലതര്‍ക്കം ചര്‍ച്ചാവിഷയമായേക്കും - Bangladesh PM visit

ABOUT THE AUTHOR

...view details