തിരുവനന്തപുരം: ഹയർ സെക്കന്‍ഡറി വിഭാഗം കൂടിയാട്ട വേദി അഭിനയ മികവിന്‍റെ നേർചിത്രമായിരുന്നു. ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം കൂടിയായ കൂടിയാട്ടം അഭിനയ കലയ്ക്ക് നൃത്തത്തെക്കാൾ പ്രാധാന്യം നൽകുന്നു. അതിനാൽ കൂടിയാട്ടത്തിനെ 'അഭിനയത്തിന്‍റെ അമ്മ' എന്നും വിശേഷിപ്പിക്കാറുണ്ട്.
കൂടിയാട്ടത്തിന്‍റെ പേരും അവതരണ ഇടങ്ങളും കുറയുമ്പോഴും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൂടിയാട്ടം അതേ മികവോടെയും ദൃശ്യ ചാരുതയോടെയും വിദ്യാർഥികൾ അവതരിപ്പിക്കുകയാണ്. അധികം സാമ്പത്തിക ചെലവില്ലാതെ രണ്ടു വേഷം കൊണ്ടും നാലു വേഷം കൊണ്ടും വിദ്യാർഥികളെ വേദിയിൽ എത്തിക്കാം എന്നാണ് 40 വർഷത്തോളമായി ഈ രംഗത്തുള്ള നാരായണ ചാക്യാരുടെ അഭിപ്രായം.
ഇത്തവണ ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ട മത്സരത്തിൽ 12 ഓളം ടീമുകളാണ് പങ്കെടുത്തിട്ടുള്ളത്. ഹൈ സ്‌കൂൾ തലത്തിൽ 10 ടീമുകളും. കുട്ടികൾ പ്രൊഫഷണൽ കലാകാരന്മാർ ചെയ്യുന്നതിനേക്കാൾ മികവോടെയാണ് രംഗത്ത് അവതരിപ്പിക്കുന്നതെന്ന് വിധികർത്താക്കൾ ഉൾപ്പടെ പറയുന്നു.
ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് എന്നീ കലാരൂപങ്ങളോടൊപ്പം 40 വർഷത്തോളം ഈ രംഗത്തുള്ള നാരായണ ചാക്യാർ ഇതിനകം 8000 ത്തിലധികം ശിഷ്യഗണങ്ങളെ സംസ്ഥാനത്തുടനീളം ഉണ്ടാക്കിയെടുത്തു കഴിഞ്ഞു. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല ഇത്തരം കലോത്സവങ്ങളിൽ കൂടിയാട്ടത്തെ അവതരിപ്പിക്കുന്നതെന്നും കൂടിയാട്ടത്തിന് കൂടുതൽ വേദികൾ ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് നാരായണ ചാക്യാർക്ക് പറയാനുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മുഖത്തെഴുത്തും വേഷവിധാനങ്ങളും
കഥകളിക്ക് സമാനമായ മുഖത്തെഴുത്ത്. മാറ്റ് കൊണ്ടുള്ള ഉടുത്തു കെട്ട്. ഓരോ വേഷങ്ങളും ഓരോ കഥപാത്രങ്ങൾക്ക് അനുസൃതമായി മനോഹരമാക്കും വേദിയെ. കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് കരിക്കിൻകുല, പൂക്കൾ, നിറപറ, നിലവിളക്ക്, എന്നിവ കൊണ്ട് അരങ്ങും അരങ്ങിന്‍റെ തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു.
മൂന്ന് തിരികൾ കത്തിച്ച അരങ്ങിലെ നിലവിളക്ക്. നടന് അഭിമുഖമായി രണ്ടു തിരിയും സദസ്യർക്ക് അഭിമുഖമായി ഒരു തിരിയും എന്ന രീതിയിലാണ് ഇവ വിന്യസിക്കുക. 2004 മുതൽ കൂടിയാട്ടത്തിന്‍റെ വേഷവിധാന രംഗത്തുള്ള കലാമണ്ഡലം രാഹുൽ അരവിന്ദ് കൂടിയാട്ടത്തിന്‍റെ മാറ്റിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ.
പണ്ട് മുതലുള്ള അണിയലങ്ങൾ തന്നെയാണ് ഇപ്പോഴും ആവശ്യക്കാർ ഉപയോഗിക്കുന്നത്. നാലുമീറ്റർ വീതിയിലുള്ള നാല് വെള്ളമുണ്ടുകൾ ഞൊറിഞ്ഞു ആണ് മാറ്റ് നിർമിക്കുക. സംസ്ഥാനത്ത് തന്നെ ഇതു അറിയുന്ന ആകെ 90 പേരാണ് ഉള്ളത്. ഓരോ കഥാപാത്രങ്ങൾക്ക് അനുസരിച്ച് ആണ് മാറ്റിന്‍റെ നിർമാണം.
സംസ്‌കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ഏതായാലും ചാക്യാർ ഏകാഭിനയമായി അരങ്ങത്ത് വന്ന് ആടുന്ന രൂപത്തിൽ നിന്ന് ഒന്നിൽ കൂടുതൽ നടന്മാർ കൂടി ആടുന്ന രംഗാവിഷ്‌കാരം എന്ന നിലക്കു വളർച്ച പ്രാപിച്ചപ്പോഴാകണം ഈ പേർ നിലവിൽ വന്നത്.