ന്യൂഡല്‍ഹി: വിവിധ ശ്വാസ കോശരോഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഹ്യുമന്‍ മെറ്റാപ്ന്യൂമോവൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇതേക്കുറിച്ചുള്ള ബോധവത്ക്കരണവും വ്യാപനം തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യപ്രതിനിധികളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്‌തവയുടെ അധ്യക്ഷതയില്‍ ഒരു ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ശ്വാസകോശരോഗങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ആരാഞ്ഞു.
ആരോഗ്യ ഗവേഷണ വിഭാഗം സെക്രട്ടറി ഡോ.രാജീവ് ബാഹ്‌ല്‍, ആരോഗ്യസേവന മേധാവി ഡോ.അതുല്‍ ഗോയല്‍, ദേശീയരോഗനിയന്ത്രണ കേന്ദ്രം, സംയോജിത രോഗ നിരീക്ഷണ പദ്ധതി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന നിരീക്ഷണ യൂണിറ്റുകള്‍, ആരോഗ്യമന്ത്രാലയങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിദഗ്ദ്ധരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം ഇന്‍ഫ്ലുവന്‍സ പോലുള്ള രോഗങ്ങളുടെ എണ്ണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വര്‍ദ്ധന അസാധാരണമാം വിധം ഉണ്ടാകുന്നുണ്ടെന്ന സൂചന യോഗത്തില്‍ ഉണ്ടായില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സെക്രട്ടറി ശ്രീവാസ്‌തവ ഊന്നിപ്പറഞ്ഞു. 2001 മുതല്‍ ആഗോളതലത്തില്‍ എച്ച്എംപിവി കണ്ടെത്തിയിട്ടുണ്ട്.
സോപ്പും വെള്ളവും ഉപയോഗിച്ച് നിരന്തരം കൈകള്‍ കഴുകുക, കണ്ണ്, വായ, മൂക്ക് തുടങ്ങിയ ഭാഗങ്ങളില്‍ കൈകള്‍ വൃത്തിയാക്കാതെ സ്‌പര്‍ശിക്കാതിരിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗം മുന്നോട്ട് വച്ചിട്ടുണ്ട്.
ശൈത്യകാലത്ത് ഇത്തരം രോഗങ്ങള്‍ സാധാരണയായി വര്‍ദ്ധിക്കാറുണ്ടെന്നും ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സര്‍വസജ്ജമാണെന്നും അവര്‍ പറഞ്ഞു. എച്ച്എംപിവി ഒരു സാധാരണ ശ്വാസ കോശരോഗമാണ് ആളുകള്‍ പെട്ടെന്ന് തന്നെ രോഗമുക്തരാകുന്നുണ്ട്. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് പിടിപെടാം. എല്ലാ ലാബുകളിലും രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Also Read; എച്ച്എംപി വൈറസ്: അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി വീണാ ജോര്‍ജ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം