തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ 63-ാം എഡിഷന് നാളെ തിരശീല വീഴും. വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
സമാപന ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3.30ന് അപ്പീലുകൾ തീർപ്പാക്കും. നാല് മണിക്ക് സ്വർണ കപ്പ് സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തിക്കും.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലേക്ക് വിഐപി ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇതിനകം 1.25 ലക്ഷം പേർക്ക് ഭക്ഷണം നൽകാനായതായി മന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി പറഞ്ഞു. കലോൽസവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് തലസ്ഥാന ജില്ലയിലെ പൊതു വിദ്യാഭ്യസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, എയിഡഡ്, അൺഎയിഡഡ് സ്‌കൂളുകൾക്കും നാളെ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ടോഫി വിതരണം ചെയ്യുമ്പോൾ സാധാരണയായി വേദിയിൽ ഉണ്ടാകുന്ന തിക്കും തിരക്കും ഒഴിവാക്കുന്നതിന് ട്രോഫി ഏറ്റു വാങ്ങാൻ 8 വിദ്യാർഥികളെയും 2 അധ്യാപകരെയും മാത്രമേ വേദിയിൽ അനുവദിക്കുകയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.