ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരുവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപതോളം തൊഴിലാളികൾ ആദ്യം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരിൽ ഒരു തൊഴിലാളി മരിക്കുകയും 14 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ച് പേർ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഈസ്റ്റ് ഡിവിഷൻ ഡിസിപി ദേവരാജ് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹെന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാബുസാപ്പള്ളിയിലാണ് അപകടം ഉണ്ടായത്.
അതേസമയം ബെംഗളൂരുവിലെ സ്‌കൂളുകൾക്ക് നാളെ (ഒക്‌ടോബർ 23) അവധി നല്‍കി. കനത്ത മഴയും നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടുമുള്ളതിനാലാണ് തീരുമാനം. ഇതു സംബന്ധിച്ച് ബംഗളൂരു അർബൻ ഡിസി ജി ജഗദീശന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സ്‌കൂളുകൾക്ക് അവധിയായിരിക്കുമെങ്കിലും കോളജുകൾ പ്രവര്‍ത്തിക്കുമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഒക്‌ടോബർ 23 മുതൽ ഒക്‌ടോബർ 26 വരെ കര്‍ണാടയുടെ തെക്കന്‍ ഉള്‍നാടുകളിലും തീരപ്രദേശങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ യെലഹങ്ക, മല്ലേശ്വരം, സിൽക്ക് ബോർഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
ALSO READ: കര തൊടുമ്പോള്‍ വേഗം 110 കിലോമീറ്റര്‍ !; പേരിട്ടത് ഖത്തര്‍, 'ദന'യില്‍ കനത്ത ജാഗ്രത