കോട്ട (രാജസ്ഥാൻ) :രാജസ്ഥാനിലെ കോട്ടയില്‍ മധ്യപ്രദേശിലെ മത്സര പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനിടെ 21 കാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി (Coaching Student 'Kidnapped' In Kota). മധ്യപ്രദേശിലെ ശിവപുരിയിൽ നിന്നുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 18 ന് വൈകുന്നേരം പെൺകുട്ടിയെ കെട്ടിയിരിക്കുന്നതിന്‍റെ മൊബൈൽ ചിത്രങ്ങളും വീഡിയോകളും പെൺകുട്ടിയുടെ പിതാവിന് ലഭിച്ചു. പിതാവിനെ ഭീഷണിപ്പെടുത്തുകയും 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തതിനെ തുടർന്ന് അവർ ശിവപുരി പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ വിദ്യാർഥിനി കോട്ടയിൽ പഠിക്കുകയോ അവിടെ ഒരു ഹോസ്‌റ്റലിൽ താമസിക്കുകയോ ചെയ്‌തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ പിതാവ് ഇതിനെതിരെ രംഗത്തെത്തി. കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ കോച്ചിങ്ങിനായി വിദ്യാർഥി കോട്ടയിൽ പോയിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
അതിനിടെ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ സമീപിച്ച് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയിലെ തന്‍റെ പഠനത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളെ കുറിച്ച് എല്ലാ ദിവസവും അവൾ പിതാവിനെ അറിയിച്ചിരുന്നുവെന്നും, മാത്രമല്ല കോച്ചിങ് സെന്‍ററിലെ അറ്റൻഡൻസിനെ കുറിച്ചും പറയാറുണ്ടായിരുന്നുവെന്നും കോട്ടയിലെ എസ്‌പി അമൃത ദുഹാൻ പറഞ്ഞു. ക്ലാസ് ഹാജർ നിലയും പരീക്ഷയിലെ പ്രകടനവും അവൾ അച്‌ഛനെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.